| Tuesday, 12th June 2018, 11:50 am

ഗാന്ധിയെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസ് എന്ന പ്രസ്താവന: മാനനഷ്ടക്കേസില്‍ രാഹുലിനെതിരെ കോടതി കുറ്റം ചുമത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

താനെ: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ഭിവാണ്ഡി മജിസ്‌ട്രേറ്റ് കോടതി കുറ്റം ചുമത്തി. ഇന്ത്യന്‍ പീനല്‍ കോഡിലെ 499, 500 വകുപ്പുകള്‍ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. എന്നാല്‍, താന്‍ നിരപരാധിയാണെന്ന് രാഹുല്‍ കോടതിയെ അറിയിച്ചു. കേസില്‍ വാദം കേള്‍ക്കാന്‍ രാഹുല്‍ ഇന്നു രാവിലെ കോടതിയില്‍ ഹാജരായിരുന്നു.

തെരഞ്ഞെടുപ്പു റാലിയിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ മുന്‍നിര്‍ത്തി 2014ലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ രാജേഷ് കുന്ദേ അപകീര്‍ത്തിരകരമായ പരാമര്‍ശത്തിന് കേസ് കൊടുത്തത്. മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയതിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന പ്രസ്താവനയാണ് പ്രവര്‍ത്തകരെ പ്രകോപിതരാക്കിയത്. ഈ പരാമര്‍ശം സംഘടനയ്ക്ക് ദുഷ്‌പേരു വരുത്തിയെന്നു കാണിച്ച് നല്‍കിയ പരാതിയിന്മേല്‍ രാഹുലിന്റെ വാദം കേള്‍ക്കാനാണ് കോടതി അദ്ദേഹത്തോട് ഇന്നു ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വിശദമായ തെളിവുശേഖരണം ആവശ്യപ്പെട്ട് രാഹുല്‍ നല്‍കിയ അപേക്ഷയിലും മുന്‍പ് കോടതി വാദം കേട്ടിരുന്നു. കോടതി അദ്ദേഹത്തിനു മേല്‍ കുറ്റമാരോപിക്കാനുള്ള സാധ്യതയുള്ളതായി രാഹുലിനു വേണ്ടി ഹാജരാകുന്ന ക്രിമിനല്‍ അഭിഭാഷകന്‍ നാരായണ്‍ അയ്യര്‍ നേരത്തേ പറഞ്ഞിരുന്നു. പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറാണെങ്കില്‍ കേസില്‍ നിന്നും പിന്മാറാമെന്ന് ആര്‍.എസ്.എസ് വൃത്തങ്ങള്‍ പറയുകയും, പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായി രാഹുല്‍ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.


Also Read: സിന്തൈറ്റ്ഫാക്ടറിയിലെ സി.ഐ.ടി.യു സമരത്തിനിടെ സംഘര്‍ഷം; ജീവനക്കാരുടെ ഭാര്യമാര്‍ക്കുനേരെ ചാണകമേറ്


കോടതിയില്‍ ഹാജരായതിനു ശേഷം രാഹുല്‍ ഗാന്ധി ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കും. വിദര്‍ഭയില്‍ നിന്നുള്ള കാര്‍ഷിക സംരംഭകനായ ദാദാജി ഖോബ്രാഗഡേയുടെ ബന്ധുക്കളെയും സന്ദര്‍ശിച്ച ശേഷമാണ് രാഹുല്‍ ദല്‍ഹിക്ക് മടങ്ങുക. നെല്‍കൃഷിയുടെ രീതിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ഖോബ്രാഗഡേ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് വിപരീതമായി, രാഹുലിന്റെ കാര്യപരിപാടിയില്‍ എന്‍.സി.പി. നേതാവ് ശരദ് പവാറുമായുള്ള കൂടിക്കാഴ്ച ഉള്‍പ്പെട്ടിട്ടില്ല.

We use cookies to give you the best possible experience. Learn more