| Monday, 20th September 2021, 6:03 pm

ആര്‍.എസ്.എസിന് തിരിച്ചടി; ഗാന്ധിവധത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ രാഹുലിനെതിരെ പ്രസംഗത്തിന്റെ പകര്‍പ്പ് തെളിവായി സ്വീകരിക്കില്ലെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തില്‍ ആര്‍.എസ്.എസിന് പങ്കുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്റെ പകര്‍പ്പ് അപകീര്‍ത്തിക്കേസില്‍ തെളിവായി സ്വീകരിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി.

രാഹുലിന്റെ പ്രസംഗത്തിന്റെ പകര്‍പ്പ് തെളിവായി ഫയലില്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ആര്‍.എസ്.എസ് നേതാവ് രാജേഷ് കുന്ദെയുടെ ഹരജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പ്രതികരണം.

നേരത്തെ ഇയാള്‍ 2018 ല്‍ ഇതേ കാര്യമാവശ്യപ്പെട്ട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മജിസ്‌ട്രേറ്റ് കോടതി ഹരജി തള്ളുകയായിരുന്നു.

2014 ലാണ് രാഹുല്‍, ഗാന്ധി വധത്തില്‍ ആര്‍.എസ്.എസിന് പങ്കുണ്ടെന്ന് പ്രസംഗിച്ചത്. മഹാരാഷ്ട്രയിലെ താനെയിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം.

ഇതിന് പിന്നാലെയാണ് കുന്ദെ രാഹുലിനെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. പരാമര്‍ശം ആര്‍.എസ്.എസിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

2015 മാര്‍ച്ചില്‍, മാനനഷ്ടക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ ഹരജി ബോംബെ ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു.

ഇതിനെതിരെ രാഹുല്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും പിന്നീട് ഹരജി പിന്‍വലിച്ചു. പരാമര്‍ശത്തില്‍ താന്‍ മാപ്പ് പറയില്ലെന്നും വിചാരണ നേരിടാന്‍ തയ്യാറാണെന്നും രാഹുല്‍ അറിയിക്കുകയായിരുന്നു.

2018 ല്‍ ഭീവണ്ടി കോടതി അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ രാഹുലിനെതിരെ കുറ്റം ചുമത്തി. കേസില്‍ വിചാരണ നടപടികള്‍ക്കായി കാത്തിരിക്കുകയാണ്.

ഇതിനിടെയാണ് രാഹുലിന്റെ പ്രസംഗത്തിന്റെ പകര്‍പ്പ് തെളിവായി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുന്ദെ കോടതിയെ സമീപിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: RSS defamation case: Bombay HC dismisses plea seeking transcript of Rahul Gandhi’s 2014 speech to be taken as evidence

We use cookies to give you the best possible experience. Learn more