കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത്, ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ബായാര്‍ വീര കേസരി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹിന്ദുമതവിഭാഗത്തിന് മാത്രമായി കായിക മത്സരം സംഘടിപ്പിച്ചത് നാടിന്റെ മത നിരപേക്ഷ – ജനാധിപത്യ മൂല്യങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയാണെന്ന് ഡി.വൈ.എഫ്.ഐ.
കേരളത്തിന്റെ വടക്കേ അറ്റത്ത് കര്‍ണാടക മോഡലില്‍ സമൂഹത്തെ സാമുദായിക- വര്‍ഗീയ വിഭജനത്തിന്റെ പരീക്ഷണ ശാലയാക്കാന്‍ സംഘപരിവാര്‍ കാലങ്ങളായി നടത്താന്‍ ശ്രമിക്കുന്ന പരീക്ഷണങ്ങളുടെ ഭാഗമാണ് ഹിന്ദുക്കള്‍ക്ക് മാത്രമായുള്ള ഈ കായിക മത്സരമെന്നും ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റിയാണ് ഇതുസംബന്ധിച്ച് പ്രസ്താവനയിറക്കിയത്.
‘കേരളത്തില്‍ കേട്ട് കേള്‍വിയില്ലാത്ത സംഭവമാണ് ഒരു പൊതു ക്ലബ്ബ് ഏതേലും മത വിഭാഗങ്ങള്‍ക്ക് മാത്രമായി കായിക പരിപാടി സംഘടിപ്പിക്കുക എന്നത്.
കേരളത്തെ പോലെ ഉയര്‍ന്ന മത നിരപേക്ഷ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന മണ്ണില്‍ ഈ വര്‍ഗീയ കോപ്പുകൂട്ടല്‍ ഡി.വൈ.എഫ്.ഐ അനുവദിച്ചുകൊടുക്കില്ല. ഇത്തരം പ്രവണതകളെ ഡി.വൈ.എഫ്.ഐ ശക്തമായി നേരിടും.
നേരത്തെയും ഇത്തരം സമീപനങ്ങളുയര്‍ന്നപ്പോള്‍ ഡി.വൈ.എഫ.്‌ഐ പ്രദേശത്ത് സെക്കുലര്‍ കായിക മേളകള്‍ സംഘടിപ്പിച്ച് എല്ലാ മനുഷ്യരെയും പങ്കെടുപ്പിച്ചു പ്രതിരോധം തീര്‍ത്തിരുന്നു.
ആര്‍.എസ്.എസുകാര്‍ ഹിന്ദുമത വിഭാഗങ്ങള്‍ക്ക് മാത്രമായി ഇന്ന് കായിക പരിപാടികള്‍ നടത്തിയ അതേ സ്ഥലത്ത് ഈ മാസം 20ന് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ സെക്കുലര്‍ മഴ ഉത്സവം സംഘടിപ്പിക്കും. നാനാ ജാതി മത വര്‍ഗ വിഭാഗത്തിലും പെട്ട മനുഷ്യര്‍ ഒന്നിച്ചണിനിരക്കും.
കേരളത്തിന്റെ മണ്ണിനെ ഉത്തരേന്ത്യന്‍ മാതൃകയില്‍ വര്‍ഗീയ വിഭജനം നടത്താനുള്ള ശ്രമങ്ങള്‍ക്ക് ജനാധിപത്യ- മത നിരപേക്ഷ മൂല്യങ്ങളുയര്‍ത്തുന്ന മനുഷ്യര്‍ പ്രതിരോധം തീര്‍ക്കും,’ ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.
CONTENT HIGHLIGHTS: RSS-controlled club held a sports competition for Hindus only in Manjeswaram; DYFI protest