| Wednesday, 9th October 2024, 4:43 pm

പൂരം കലക്കുന്നതിനായി ആര്‍.എസ്.എസ് ഗൂഢാലോചന നടത്തി; അത് മുഖ്യമന്ത്രിയിലേക്ക് തിരിക്കുന്നതെന്തിന്: മന്ത്രി കെ. രാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കിയതിന് പിന്നില്‍ ആര്‍.എസ്.എസ് നേതാക്കളുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൂഢാലോചനയില്‍ പങ്കെടുത്ത ആര്‍.എസ്.എസ് നേതാക്കളുടെ പേര് പറയുന്നതിന് പകരം ഗൂഢാലോചനയുടെ ഉത്തരവാദിത്തം എന്തിനാണ് മുഖ്യമന്ത്രിയിലേക്ക് തിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

പൂരം കലക്കുന്നതിന് വേണ്ടി ആസൂത്രിതമായ ശ്രമം നടന്നിട്ടുണ്ടോ എന്നതിനെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ പുറത്ത് കൊണ്ടുവരണമെന്നതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും എല്‍.ഡി.എഫിന്റെയും നിലപാടെന്നും മന്ത്രി കെ. രാജന്‍ പറഞ്ഞു.

പൂരത്തിന്റെ തുടക്കം മുതല്‍ അതിനോടൊപ്പമുണ്ടായിരുന്ന ആളാണ് താനെന്നും പൂരവുമായി ബന്ധപ്പെട്ട എല്ലാ യോഗങ്ങളിലും നടപടി ക്രമങ്ങളിലും തുടക്കം മുതല്‍ ഒടുക്കം വരെ ഇടപെട്ടിരുന്നവരാണ് തങ്ങളെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് ശ്രദ്ധയില്‍പ്പെടുത്താന്‍ തങ്ങളുടെ സാന്നിദ്ധ്യമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ചരിത്രത്തിലൊരിക്കലുമില്ലാത്ത വിധത്തില്‍ ബാരിക്കേഡ് ലംഘിച്ചു കൊണ്ട് പ്രകടനം നടത്തിയതിന് പിന്നില്‍ ആരാണ് നേതൃത്വം നല്‍കിയത് എന്ന് കണ്ടെത്തണമെന്നും വത്സന്‍ തില്ലങ്കേരി ഉള്‍പ്പടെയുള്ളവരുടെ പേരുകള്‍ ഇവിടെ സൂചിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അത് കണ്ടുനിന്നവരാണ് തൃശൂരുകാരെന്നും അദ്ദേഹം പറഞ്ഞു.

നിയന്ത്രണങ്ങളുണ്ടായിരുന്ന പൂരസ്ഥലത്തേക്ക് നടന്നു വന്ന ആളുകളാണ് താനും സുനില്‍കുമാറുമെന്നും മന്ത്രി പറഞ്ഞു. കളക്ടറും ദേവസ്വം അധികാരികളും തമ്മിലുള്ള ചര്‍ച്ചയില്‍ വെടിക്കെട്ട് ഒരു തടസ്സവുമില്ലാതെ നടത്താമെന്ന് തീരുമാനമായിരുന്നതാണ്. എന്നാല്‍, പിന്നീട് ദേവസ്വം അധികാരികളെ ഒന്നര മണിക്കൂര്‍ ചുറ്റിക്കുന്നതിന് പിന്നില്‍ ആരാണ് ഏതെല്ലാം തരത്തിലുള്ള ഇടപെടലുകളാണ് ഉണ്ടായിട്ടുള്ളത് എന്നും അദ്ദേഹം ചോദിച്ചു.

രാവിലെ നടത്തേണ്ട വെടിക്കെട്ട് ഉച്ചക്ക് ഉപചാരം ചൊല്ലി പിരിഞ്ഞതിന് ശേഷം നടത്തിയാല്‍ മതിയെന്ന ചര്‍ച്ചയുണ്ടായത് എങ്ങിനെയാണെന്നും അവിടെയാണ് ആചാര ലംഘനമുണ്ടാകുക എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അനൗപചാരികമായി വി.എസ്. സുനില്‍കുമാറും താനും ദേവസ്വം അധികാരികളുമായി നടത്തിയ ചര്‍ച്ചയിലാണ് രാവിലെയെങ്കിലും വെടിക്കെട്ട് നടത്തണമെന്ന തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

വെടിക്കെട്ട് മാറ്റിവെക്കണമെന്ന ചര്‍ച്ചയുണ്ടാക്കിയതിന് പിന്നില്‍ ഗൂഢാലോചനുണ്ടെന്നും കെ.രാജന്‍ പറയുന്നു. ആ ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ ആരൊക്കെയാണെന്ന് പുറത്ത് കൊണ്ടുവരേണ്ടതുണ്ടെന്നും അതില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതുകൊണ്ടാണ് മൂന്ന് തരത്തിലുള്ള അന്വേഷണം നടത്തണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതെന്നും അതില്‍ ആരോപണ വിധേയനായ എ.ഡി.ജി.പിയുണ്ടെന്നും അതിനാലാണ് അദ്ദേഹത്തിനെതിരെ അന്വേഷണം നടത്താന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. ഗൂഢാലോചനയെ കുറിച്ചും ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ചുമെല്ലാം അന്വേഷണം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇക്കാര്യത്തില്‍ സി.പി.ഐയുടെയോ തൃശൂര്‍ എം.എല്‍.എ ബാലചന്ദ്രന്റെയോ അഭിപ്രായത്തെ കുറിച്ച് സംശയം വേണ്ടെന്നും പൂരം കലക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഗൂഢാലോചനക്ക് നേതൃത്വം നല്‍കിയ ആര്‍.എസ്.എസ് നേതാക്കളെ കുറിച്ച് തുറന്നുപറയുന്നതിന് പകരം നമ്മെളന്തിനാണ് അത് മറച്ചുപിടിച്ച് ആരോപണങ്ങള്‍ മുഖ്യമന്ത്രിയിലേക്ക് തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൂരം കലക്കാന്‍ വേണ്ടി ആസൂത്രിമായ ശ്രമം നടന്നു. അതിന് പിന്നില്‍ ആര്‍.എസ്.എസ് ഗൂഢാലോചനയാണ്. ഉദ്യോഗസ്ഥര്‍ക്ക് അതില്‍ പങ്കുണ്ടെങ്കില്‍ അവര്‍ ആ പോസ്റ്റിലിരിക്കാന്‍ യോഗ്യരല്ലെന്നും മന്ത്രി പറഞ്ഞു. ആ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് തന്നെയാണ് തങ്ങളുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി വി.എന്‍. വാസവന്‍ മറുപടി പറയുന്നതിനിടെയാണ് മന്ത്രി കെ. രാജന്‍ സമയം ചോദിച്ചു വാങ്ങി തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചത്. മന്ത്രി കെ. രാജനും എ.സി. മൊയ്തീന് എം.എല്‍.എയും രണ്ട് അഭിപ്രായങ്ങളാണ് പറയുന്നതെന്ന് പ്രതിപക്ഷം പറഞ്ഞെങ്കിലും തങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് മന്ത്രി മറുപടി നല്‍കി.

content highlights: RSS conspired to disrupt Puram; Why is it turning to the Chief Minister: Minister K. Rajan

We use cookies to give you the best possible experience. Learn more