ന്യൂദല്‍ഹി: അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് ശരിയായ ദിശാബോധം നല്‍കാന്‍ കൂടിക്കാഴ്ച നടത്തുമെന്ന് ആര്‍.എസ്.എസ് ദേശീയ നേതൃത്വം. ഇതിനായി വിദേശ മാധ്യമപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങുകയാണ് ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്.
ആര്‍.എസ്.എസിന്റെ രാഷ്ടീയനിലപാടുകളും ഉദ്ദേശ്യലക്ഷ്യങ്ങളെപ്പറ്റിയും പാശ്ചാത്യമാധ്യമങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണു സംഘടനയുടെ അടുത്തവൃത്തങ്ങള്‍ പറയുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വിദേശമാധ്യമങ്ങള്‍ പലപ്പോഴും അവരുടെ മാനേജ്‌മെന്റിന്റെ അജണ്ടകളുടെ ഇരകളാണ്. വസ്തുതകളെപ്പറ്റി കൃത്യമായ വീക്ഷണകോണിലൂടെ കാണാന്‍ ആഗ്രഹിച്ചാലും അവര്‍ക്കത് കഴിയാതെ വരുന്നു. ഇതിനെപറ്റി മനസ്സിലാക്കിക്കൊടുക്കാന്‍ ഒരു കൂടിക്കാഴ്ച ആവശ്യമാണെന്നാണ് പാര്‍ട്ടിനേതൃത്വം എന്‍.ഡി.ടി.വിയോട് പറയുന്നത്.
ടെലിവിഷനിലെയും പത്രമാധ്യമങ്ങളിലെയും എഴുപത് വിദേശമാധ്യമപ്രവര്‍ത്തകരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുക്കുക. ഈ മാസം അവസാനം നടത്താന്‍ ഉദ്ദേശിക്കുന്ന പരിപാടി ദല്‍ഹിയിലെ അംബേദ്കര്‍ ഇന്റര്‍ നാഷണല്‍ സെന്ററില്‍ വച്ചാണ് നടക്കുക. പൂര്‍ണമായും രഹസ്യമായി നടക്കുന്ന കൂടിക്കാഴ്ചയ്ക്കു സംപ്രേഷണാനുമതി ഉണ്ടാവില്ല.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കൂടിക്കാഴ്ചയില്‍ കശ്മീര്‍ പ്രശ്നം, പാകിസ്താനുമായി എന്തുകൊണ്ട് യോജിച്ചുപോകില്ല, ഏക സിവില്‍ കോഡ്, ദേശീയതയെ അപകീര്‍ത്തിപ്പെടുത്തുന്ന അഭിപ്രായ സ്വാതന്ത്രത്തെ എന്തുകൊണ്ട് ആര്‍.എസ്.എസ് എതിര്‍ക്കുന്നു തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും.