ന്യൂദല്‍ഹി: “ആയിരക്കണക്കിന് വര്‍ഷങ്ങളായി” പീഡനങ്ങള്‍ അനുഭവിക്കേണ്ടിവന്നിട്ടും ഹിന്ദുക്കള്‍ ഒരുമിച്ചു നില്‍ക്കുന്നില്ലെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. സിംഹമാണെങ്കില്‍ പോലും ഒറ്റക്കു നിന്നാല്‍ നായക്കൂട്ടത്തിന് കടിച്ചുകീറാനേയുള്ളൂവെന്നും ഭാഗവത് പറഞ്ഞു.
വെള്ളിയാഴ്ച ചിക്കാഗോയിലെ ലോക ഹിന്ദു കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേധാവിത്വം പുലര്‍ത്തണമെന്ന് ഒരു ആഗ്രഹവും ഹിന്ദു സമുദായങ്ങള്‍ക്കില്ലെന്നും ഒരുമിച്ചു നിന്നാല്‍ മാത്രമേ ഹിന്ദു സമൂഹത്തിന് അഭിവൃദ്ധിപ്പെടാനാവൂവെന്നും ഭാഗവത് പറഞ്ഞു.
“ഒരുമിച്ചു നില്‍ക്കുകയെന്നത് ഹിന്ദുക്കളെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ തുടക്കത്തില്‍ ഞങ്ങളുടെ കാര്യകര്‍ത്താക്കള്‍ ഹിന്ദുക്കള്‍ക്കരികിലേക്ക് പോയി അവര്‍ സംഘടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. അവര്‍ പറയാറുള്ളത് സിംഹം കൂട്ടമായി നടക്കില്ലെന്നാണ്. പക്ഷേ സ്വന്തം കാട്ടിലെ രാജാവായ സിംഹമായാല്‍ പോലും ഒറ്റയ്ക്കാണെങ്കില്‍ കാട്ടുനായ്ക്കള്‍ ഒരുമിച്ചു വന്നാല്‍ ഇല്ലാതാക്കാനാവുന്നതേയുള്ളൂ.” അദ്ദേഹം പറഞ്ഞു.
ഉപദ്രവകാരിയായാല്‍ പോലും അയാളെ കൊല്ലരുത്, എന്നാല്‍ നിയന്ത്രിക്കണം എന്നാണ് ഹിന്ദുധര്‍മ്മം പഠിപ്പിക്കുന്നതെന്നും ഭാഗവത് പറഞ്ഞു.
“ഹിന്ദുക്കള്‍ ആരെയും എതിര്‍ക്കാന്‍ വേണ്ടിയല്ല ജീവിക്കുന്നത്. ഉപദ്രവകാരികളെപ്പോലും ഞങ്ങള്‍ ജീവിക്കാന്‍ അനുവദിക്കും. ഞങ്ങളെ ഉപദ്രവിക്കുന്നവരുണ്ട്. അവരെ ദ്രോഹിക്കാതെ തന്നെ പിടിച്ചുകെട്ടണം.” ഭാഗവത് പറഞ്ഞു.
ലോകത്തെ ഒറ്റ സംഘമാക്കി മാറ്റാന്‍ അഹന്ത നിയന്ത്രിക്കുകയും അഭിപ്രായ സമന്വയത്തിന്റെ പാത സ്വീകരിക്കുകയുമാണ് വേണ്ടത്. അത്തരമൊരു സാഹചര്യത്തിലാണ് നാം. പ്രഗത്ഭമതികള്‍ ഏറ്റവുമധികം ഉള്ളത് ഹിന്ദുസമൂഹത്തിലാണ്. എന്നാല്‍ അവര്‍ ഒരിക്കലും ഒരുമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ആധുനികതയുടെ എതിരാളിയല്ല. ഭാവിയുടെ അനുഭാവിയാണ്. ഹിന്ദുധര്‍മം ഒരേസമയം പൗരാണികവും ആധുനികാനന്തരവുമാണ്. സമൂഹമെന്ന നിലയില്‍ യോജിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ ഹിന്ദുസമുദായത്തിന് അഭിവൃദ്ധിയുണ്ടാവൂവെന്നും അദ്ദേഹം പറഞ്ഞു.