നാഗ്പുര്‍: ഒരു വ്യക്തി, ഒരു ചിന്ത, ഒരു ഗ്രൂപ്പ്, ഒരു പ്രത്യയശാസ്ത്രം എന്നിവക്ക് ഒരു രാജ്യത്തെ തകര്‍ക്കാനോ നിര്‍മിക്കാനോ കഴിയില്ലെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. നാഗ്പൂരില്‍ രാജ് രത്‌ന പുരസ്‌കാര്‍ സമിതിയുടെ പുരസ്‌കാര വിതരണ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മികച്ച രാജ്യങ്ങള്‍ക്ക് നിരവധി ആശയധാരകളുണ്ടാകുമെന്നും വൈവധ്യത്തിലൂടെയാണ് അത്തരം രാജ്യങ്ങള്‍ മുന്നേറുന്നതെന്നും അദ്ദേഹം പറഞ്ഞു. ബഹുതല സംവിധാനങ്ങളുടെ ബലത്തിലേ രാജ്യങ്ങള്‍ക്ക് വളരാനാകുകയുള്ളുവെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു.
‘ലോകത്തിലെ മികച്ച രാജ്യങ്ങളില്‍ പലതരം ആശയധാരകളുണ്ട്. അവക്ക് പലതരം സംവിധാനങ്ങളുമുണ്ട്. ഈ വ്യവസ്ഥിതിക്കൊപ്പമാണ് അവ വളര്‍ന്നുകെണ്ടിരിക്കുന്നത്,’ മോഹന്‍ ഭാഗവത് പറഞ്ഞു.
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്നതിനായി ബി.ജെ.പി നിരന്തരം പ്രചാരണം നടത്തുമ്പോഴാണ് വ്യത്യസ്ത അഭിപ്രായവുമായി മോഹന്‍ ഭാഗവത് രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലും ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.
‘പഞ്ചായത്ത് മുതല്‍ ലോക്‌സഭ വരെ ഒരുമിച്ച് ഒരു തെരഞ്ഞെടുപ്പ് നടത്തുക എന്നത് വിപ്ലവകരമായ ആശയമണ്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം രാജ്യത്ത് നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചു,’ എന്നായിരുന്നു അമിത് ഷാ പറഞ്ഞിരുന്നത്.