| Tuesday, 29th November 2022, 10:40 pm

ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാവരും ഹിന്ദുക്കള്‍: മോഹന്‍ ഭാഗവത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാവരെയും ഹിന്ദുക്കളായി കണക്കാക്കാമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. സാംസ്‌കാരിക ധാര്‍മികത ഉണ്ടായതുകൊണ്ടാണ് രാജ്യത്ത് വൈവിധ്യങ്ങളുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ഭാരതമാതാവിനെ സ്തുതിച്ച് സംസ്‌കൃത ശ്ലോകങ്ങള്‍ പാടാന്‍ സമ്മതിക്കുകയും നാടിന്റെ സംസ്‌കാരം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാവുകയും ചെയ്യുന്ന ഏതൊരാളും ഹിന്ദുവാണെന്ന് മോഹന്‍ ഭാഗവത് വ്യക്തമാക്കി. ബീഹാറിലെ തന്റെ നാല് ദിവസത്തെ പര്യടനത്തിനിടെ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

പൂര്‍വികര്‍ ഹിന്ദുക്കളായിരുന്നവരും ഹിന്ദുക്കളെന്ന് സ്വയം വിശ്വസിക്കുന്നവരും ഹിന്ദുക്കളാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

രാജ്യത്തെ എല്ലാ പൗരന്മാരും സ്വയംസേവകരെ(ആര്‍.എസ്.എസ് സന്നദ്ധപ്രവര്‍ത്തകര്‍) പോലെ നിസ്വാര്‍ത്ഥ സേവന മനോഭാവം സ്വീകരിക്കുകയാണെങ്കില്‍ അത് രാജ്യത്തിന് തന്നെ ഗുണം ചെയ്യുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. സമൂഹം അതിന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് വേണ്ടത്ര ബോധവാന്മാരല്ലെന്ന് തോന്നിയതിനാലാണ് ആര്‍.എസ്.എസ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

‘ഹിന്ദുസ്ഥാനില്‍ താമസിക്കുന്നതിനാല്‍ എല്ലാവരും ഹിന്ദുക്കളാണെന്ന് ആളുകള്‍ മനസിലാക്കണം. രാജ്യത്ത് മറ്റ് വിശ്വാസധാരകളെ പിന്‍പറ്റുന്നവരുണ്ടാകും.

എന്നാല്‍ മറ്റെല്ലാ ഐഡന്റിറ്റികള്‍ക്കും ഉണ്ടായത് ഹിന്ദുധാരയുടെ വിശാലത കൊണ്ടാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സംസ്‌കാരത്തിന്റെ പേരാണ് ഹിന്ദുത്വ, മറ്റെല്ലാ വൈവിധ്യമാര്‍ന്ന ധാരകളും അവയുടെ ഉത്ഭവത്തിന് അതിനോട് കടപ്പെട്ടിട്ടുണ്ട്,’ മോഹന്‍ ഭാഗവത് പറഞ്ഞു.

മറ്റുള്ളവരെ സ്വന്തം പോലെ കാണാന്‍ കഴിയുക, സ്ത്രീകളെ അമ്മയായി കാണുക, മറ്റുള്ളവര്‍ക്കുള്ള സമ്പത്ത് മോഹിക്കാതിരിക്കുക തുടങ്ങിയ മൂല്യങ്ങളാണ് ഹൈന്ദവ ധാര്‍മികതയെ നിര്‍വചിക്കുന്നതെന്ന് മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.

Content Highlight: RSS chief Mohan Bhagwat said that everyone living in India can be considered as Hindus

We use cookies to give you the best possible experience. Learn more