പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി വീണ്ടും ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത്. ആരും സ്വയം ദൈവമാണെന്ന് കരുതരുതെന്ന് മോഹന്‍ ഭഗവത് പറഞ്ഞു. ശങ്കര്‍ ദിനകറിന്റെ ജന്മശതാബ്ദിയാഘോഷങ്ങളില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ആര്‍.എസ്.എസ് മേധാവിയുടെ പരാമര്‍ശം.
‘ആരും സ്വയം ദൈവമാണെന്ന് കരുതരുത്. ജോലിയില്‍ മികവ് പുലര്‍ത്തുന്ന ഒരു വ്യക്തിയെ ദൈവമായി കാണണോ വേണ്ടയോ എന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്,’ എന്നാണ് മോഹന്‍ ഭഗവത് പറഞ്ഞത്.
ജീവിതം അവസാനിക്കുന്നതിനിടയില്‍ കഴിയുന്ന വിധത്തില്‍ നല്ല പ്രവൃത്തികള്‍ ചെയ്യാന്‍ നമുക്ക് സാധിക്കണം. ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചാല്‍ ആര്‍ക്കും സമൂഹത്തില്‍ ആദരണീയരായ വ്യക്തികളാകാമെന്നും സ്വയംമേവ ദൈവമായി പ്രഖ്യാപിക്കേണ്ടതില്ലെന്നും മോഹന്‍ ഭഗവത് പറഞ്ഞു.
ചില വ്യക്തികള്‍ ഇപ്പോഴും ചിന്തിക്കുന്നത്, ശാന്തരായിരിക്കുന്നതിന് പകരം മിന്നല്‍ പോലെ പ്രകാശിക്കണമെന്നാണ്. എന്നാല്‍ മിന്നലാക്രമണത്തിന് ശേഷം അത് മുമ്പത്തേക്കാള്‍ ഇരുണ്ടതായി മാറുമെന്നും മോഹന്‍ ഭഗവത് കൂട്ടിച്ചേര്‍ത്തു.
ഇതിനുമുമ്പും മോദിയെ വിമര്‍ശിച്ച് ആര്‍.എസ്.എസ് നേതൃത്വം രംഗത്തെത്തിയിരുന്നു. തന്റെ ജനനം ദൈവികമല്ലെന്നും തന്നെ ഭൂമിയിലേക്ക് അയച്ചത് ദൈവമാണെന്നുമുള്ള മോദിയുടെ പരാമര്ശത്തിലാണ് ആര്‍.എസ്.എസ് എതിര്‍പ്പ് പ്രകടിപ്പിച്ചത്.
മോദിയുടെ പരാമര്‍ശത്തെ പരിഹസിച്ച് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. നിലവില്‍ മോദിയെ കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നത് ഇന്ത്യയുടെ നോണ്‍-ബയോളജിക്കല്‍ പ്രധാനമന്ത്രി എന്നാണ്. ഇതിനുപിന്നാലെയാണ് ആര്‍.എസ്.എസ് തലവനായ മോഹന്‍ ഭഗവത് വീണ്ടും മോദിയെ വിമര്‍ശിച്ച് പ്രതികരിച്ചിരിക്കുന്നത്.
അതേസമയം മണിപ്പൂരിലെ ജനങ്ങളുടെ സുരക്ഷയില്‍ ഇപ്പോഴും ഉറപ്പില്ലെന്നും ജനങ്ങള്‍ ആശങ്കയോടെയാണ് മുന്നോട്ടുപോകുന്നതെന്നും മോഹന്‍ ഭഗവത് പറഞ്ഞു. നേരത്തെ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ അവസാനിപ്പിച്ച് മണിപ്പൂരിലേക്ക് ശ്രദ്ധിക്കണമെന്ന് ആര്‍.എസ്.എസ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.
മണിപ്പൂര്‍ സമാധാനത്തിനായി കാത്തിരിക്കുകയാണെന്നും 10 വര്‍ഷം മുമ്പ് വരെ അവിടെ സമാധാനമുണ്ടായിരുന്നുവെന്നും. ബി.ജെ.പിയെ വിമര്‍ശിച്ച് മോഹന്‍ ഭഗവത് പറഞ്ഞിരുന്നു.
സമാധാനപരമായിരുന്ന മണിപ്പൂരില്‍ പരസ്പര വൈരാഗ്യവും സംഘര്‍ഷവും വളര്‍ത്തുന്ന ശക്തികള്‍ക്കെതിരെ ക്രിയാത്മകവും ശക്തവുമായ നടപടികള്‍ സ്വകരിക്കണമെന്നും മോഹന്‍ ഭഗവത് ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തിന്റെ ഐക്യത്തെ നിലനിര്‍ത്തുന്ന മൂല ഘടകങ്ങളായ മാതൃരാജ്യത്തോടുള്ള ഭക്തി, പൂര്‍വികരിലുള്ള അഭിമാനം, പൊതു സംസ്‌കാരം എന്നിവയോട് കുടിയേറ്റ വിശ്വാസങ്ങള്‍ പോലും ചേര്‍ന്ന് നില്‍ക്കണമെന്നും ആര്‍.എസ്.എസ് തലവന്‍ പറഞ്ഞിരുന്നു.
Content Highlight: RSS chief Mohan Bhagwat once again indirectly criticized Prime Minister Narendra Modi