പൂനെ: ഇടതുപക്ഷം ലോകത്തെ നാശത്തിന്റെ വക്കിലെത്തിച്ചെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. മാര്‍ക്സിസത്തിന്റെ പേരില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഇടതുപക്ഷം നാശത്തിന്റെ വിത്തുകള്‍ പാകിയെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച പൂനെയില്‍ നടന്ന ‘ജഗല പൊഖര്‍നാരി ദാവി വാല്‍വി’ എന്ന മറാത്തി പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു ഭാഗവതിന്റെ പ്രതികരണം.
ഇടതുപക്ഷ പ്രത്യയശാസ്ത്രവും രാഷ്ട്രീയവും സൃഷ്ടിച്ച നാശത്തില്‍ നിന്ന് ലോകത്തെ രക്ഷിക്കേണ്ട ബാധ്യത ഇന്ത്യക്കാണെന്നും ആര്‍.എസ്.എസ് മേധാവി പറഞ്ഞു.
കമ്മ്യൂണിസ്റ്റുകള്‍ ഹിന്ദുക്കളുടെയോ ഭാരതത്തിന്റെയോ മാത്രമല്ല, ലോകത്തിന്റെ മുഴുവന്‍ എതിരാളികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇടതുപക്ഷം തെറ്റായ ആദര്‍ശങ്ങളും തത്വങ്ങളും പ്രചരിപ്പിക്കുന്നു. അത് സമൂഹത്തിന് ദോഷം ചെയ്തിട്ടുണ്ട്. ലോകത്തെ നാശത്തിന്റെ വക്കിലെത്തിച്ചു. അമേരിക്കന്‍ സംസ്‌കാരത്തെ മലിനമാക്കാന്‍ ആഗ്രഹിക്കുകയും അതിലവര്‍ വിജയിക്കുകയും ചെയ്തു.
തങ്ങള്‍ ശക്തരാണെന്നും ദൈവങ്ങളാണെന്നും അവര്‍ കരുതുന്നു. അവര്‍ സ്വയം ശാസ്ത്രജ്ഞര്‍ എന്ന് വിളിക്കുന്നു. പക്ഷേ, അതിലൊരു കാര്യവുമില്ല,’ മോഹന്‍ ഭാഗവത് പറഞ്ഞു.
ഗുജറാത്തിലെ ഒരു സ്‌കൂള്‍ സന്ദര്‍ശിച്ചപ്പോള്‍ കെ.ജി വിദ്യാര്‍ഥികള്‍ക്ക് അവരുടെ സ്വകാര്യഭാഗങ്ങളെക്കുറിച്ച് അറിയാമോ എന്ന് കണ്ടെത്താനുള്ള പാഠഭാഗത്തെക്കുറിച്ച് അറഞ്ഞു. ഇടതുപക്ഷ വിദ്യാഭ്യാസ നയത്തിന്റെ പ്രതിഫലനമാണിത്. ഇടതുപക്ഷം ആവാസ വ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍നത്തെ സംബന്ധിച്ച പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദത്തിലും ആര്‍.എസ്.എസ് നേതാവ് സംസാരിച്ചു
‘സനാതന ധര്‍മത്തെ പുനസ്ഥാപിക്കാന്‍ നമ്മള്‍ ചീത്ത ശക്തികളുമായി പോരടിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ നമ്മള്‍ ഒന്നിച്ചുനില്‍ക്കേണ്ടതുണ്ട്. അതിലൂടെയേ ലോകത്തെ ഇരുട്ടില്‍നിന്ന് പുറത്തുകൊണ്ടുവരാന്‍ കഴിയൂ,’
മോഹന്‍ ഭാഗവത് പറഞ്ഞു.
Content Highlight: RSS chief Mohan Bhagwat has said that the Left has brought the world to the brink of destruction