പൂനെ: ഇടതുപക്ഷം ലോകത്തെ നാശത്തിന്റെ വക്കിലെത്തിച്ചെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. മാര്‍ക്സിസത്തിന്റെ പേരില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഇടതുപക്ഷം നാശത്തിന്റെ വിത്തുകള്‍ പാകിയെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച പൂനെയില്‍ നടന്ന ‘ജഗല പൊഖര്‍നാരി ദാവി വാല്‍വി’ എന്ന മറാത്തി പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു ഭാഗവതിന്റെ പ്രതികരണം.
ഇടതുപക്ഷ പ്രത്യയശാസ്ത്രവും രാഷ്ട്രീയവും സൃഷ്ടിച്ച നാശത്തില്‍ നിന്ന് ലോകത്തെ രക്ഷിക്കേണ്ട ബാധ്യത ഇന്ത്യക്കാണെന്നും ആര്‍.എസ്.എസ് മേധാവി പറഞ്ഞു.
കമ്മ്യൂണിസ്റ്റുകള്‍ ഹിന്ദുക്കളുടെയോ ഭാരതത്തിന്റെയോ മാത്രമല്ല, ലോകത്തിന്റെ മുഴുവന്‍ എതിരാളികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇടതുപക്ഷം തെറ്റായ ആദര്‍ശങ്ങളും തത്വങ്ങളും പ്രചരിപ്പിക്കുന്നു. അത് സമൂഹത്തിന് ദോഷം ചെയ്തിട്ടുണ്ട്. ലോകത്തെ നാശത്തിന്റെ വക്കിലെത്തിച്ചു. അമേരിക്കന്‍ സംസ്‌കാരത്തെ മലിനമാക്കാന്‍ ആഗ്രഹിക്കുകയും അതിലവര്‍ വിജയിക്കുകയും ചെയ്തു.
തങ്ങള്‍ ശക്തരാണെന്നും ദൈവങ്ങളാണെന്നും അവര്‍ കരുതുന്നു. അവര്‍ സ്വയം ശാസ്ത്രജ്ഞര്‍ എന്ന് വിളിക്കുന്നു. പക്ഷേ, അതിലൊരു കാര്യവുമില്ല,’ മോഹന്‍ ഭാഗവത് പറഞ്ഞു.