| Friday, 30th September 2022, 3:56 pm

'അക്രമസ്വഭാവത്തിന് വഴിവെക്കുന്ന ഭക്ഷണം കഴിക്കരുത്'; മാംസാഹാരം കഴിക്കുന്നവരോട് മോഹന്‍ ഭാഗവത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാംസാഹാരം കഴിക്കുന്നവര്‍ക്ക് ഉപദേശവുമായി ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. തെറ്റായ രീതിയിലുള്ള ഭക്ഷണക്രമം ഉപേക്ഷിക്കണമെന്നും അങ്ങനെ ചെയ്താല്‍ അത് തെറ്റായ വഴിയിലേക്ക് നയിക്കുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ആത്മീയതയാണ് ഇന്ത്യയുടെ ആത്മാവ് എന്നും മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു.

ആര്‍.എസ്.എസുമായി ബന്ധപ്പെട്ട സംഘടനയായ ഭാരത് വികാസ് മഞ്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്രമസ്വഭാവത്തിന് വഴിവെക്കുന്ന ഭക്ഷണം കഴിക്കരുതെന്ന് മോഹന്‍ ഭഗവതിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

നിങ്ങള്‍ തെറ്റായ രീതിയിലുള്ള ഭക്ഷണം കഴിച്ചാല്‍, അത് നിങ്ങളെ തെറ്റായ മാര്‍ഗത്തിലേക്ക് നയിക്കും. ഇന്ത്യയിലും പാശ്ചാത്യ രാജ്യങ്ങളിലും മാംസാഹാരം കഴിക്കുന്നവര്‍ തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്.

മറ്റ് രാജ്യങ്ങള്‍ അവരുടെ കച്ചവടതന്ത്രങ്ങള്‍ നടപ്പാക്കാനാണ് നോക്കുന്നത്. എന്നാല്‍ ഇന്ത്യ ശ്രമിക്കുന്നത് ആത്മീയതയിലൂന്നി ജീവിക്കാനാണ്. അഹംഭാവം ഒഴിവാക്കിയുള്ള ജീവിതശൈലിയാണതെന്നും മോഹന്‍ ഭഗവത് അഭിപ്രായപ്പെട്ടു.

‘ലോകത്തെ മറ്റുഭാഗങ്ങളിലുള്ളവരെ പോലെ മാംസാഹാരം കഴിക്കുന്നവര്‍ ഇന്ത്യയിലുണ്ടെങ്കിലും അവര്‍ ചില നിയമങ്ങള്‍ പാലിക്കാറുണ്ട്. ഇവിടെ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്ന ആളുകള്‍ ശ്രാവണ മാസം മുഴുവന്‍ കഴിക്കില്ല.

തിങ്കള്‍, ചൊവ്വ, വ്യാഴം അല്ലെങ്കില്‍ ശനി ദിവസങ്ങളില്‍ അവര്‍ അത് കഴിക്കില്ല. ഈ സമയത്ത് രാജ്യത്ത് നിരവധിയാളുകള്‍ നോണ്‍വെജ് ഭക്ഷണം കഴിക്കുന്നത് നിര്‍ത്തുകയും, ഉപാവാസങ്ങളടക്കമുള്ള ആചാരങ്ങള്‍ പിന്തുടരുകയും ചെയ്യാറുണ്ട്. അതുകൊണ്ടാണ് ശ്രീലങ്കയെയും മാലിദ്വീപിനെയും പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായിക്കാന്‍ ഇന്ത്യക്കായത്,’ മോഹന്‍ ഭഗവത് പറഞ്ഞു.

രാജ്യത്ത് നവരാത്രി ഉത്സവങ്ങളുടെ ഭാഗമായുള്ള പരിപാടികള്‍ നടക്കാനിരിക്കുന്ന വേളയിലാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം. നവരാത്രിക്ക് നോമ്പ് നോല്‍ക്കലും ഉപവാസവും മാംസാഹാരം വര്‍ജിക്കലും പതിവാണ്.

CONTENT HIGHLIGHTS: RSS chief Mohan Bhagwat gives advice to meat eaters

We use cookies to give you the best possible experience. Learn more