| Friday, 6th January 2017, 12:36 pm

ശാഖയില്‍ ചേരാത്തതിന് ദളിത് വിദ്യാര്‍ഥിയെ ആര്‍.എസ്.എസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോവളം : ശാഖയില്‍ ചേരാത്തതിന് ദളിത് വിദ്യാര്‍ഥിയെ ആര്‍.എസ്.എസുകാര്‍ ആക്രമിച്ചതായി പരാതി. കോട്ടുകാല്‍ സ്വദേശിയും ഐടിഐ വിദ്യാര്‍ഥിയുമായ പ്രവീണ്‍ ലാലിനാണ് മര്‍ദ്ദനമേറ്റത്.

വീട്ടിലേക്ക് മടങ്ങിവരുകയായിരുന്ന പ്രവീണിനെ ആര്‍.എസ്.എസുകാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

  പ്രവീണ്‍ലാലിനെ വാഹനത്തില്‍ കൊണ്ടുപോയി പുന്നക്കുളം ജങ്ഷന് സമീപം പോസ്റ്റ് ഓഫീസിന് പുറകിലിട്ട് കണ്ണപ്പന്‍ എന്ന ശ്രീകാന്തും ചോട്ടു എന്ന് വിളിക്കുന്ന അരവിന്ദും മറ്റു നാലുപേരും ചേര്‍ന്ന് മാരകായുധങ്ങള്‍കൊണ്ട് അതിക്രൂരമായി മര്‍ദിച്ച് അവശനാക്കിയെന്നാണ് റിപ്പോര്‍ട്ട്.

മര്‍ദനമേറ്റ പ്രവീണ്‍ലാല്‍ വിഴിഞ്ഞം ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. വിഴിഞ്ഞം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പ്രവീണ്‍ലാലിനെ മര്‍ദിച്ചതില്‍ ഡിവൈഎഫ്‌ഐ കോട്ടുകാല്‍ മേഖലാകമ്മിറ്റി പ്രതിഷേധിച്ചിട്ടുണ്ട്.


കഴിഞ്ഞദിവസമായിരുന്നു ചുവന്ന മുണ്ടുടുത്തതിന്റെ പേരില്‍ കാഞ്ഞങ്ങാട് പെണ്‍കുട്ടികളടക്കമുള്ള മാധ്യമവിദ്യാര്‍ത്ഥികളെ മുപ്പതോളം വരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വളഞ്ഞിട്ടു മര്‍ദിച്ചത്.

കാഞ്ഞങ്ങാടിനടുത്തുള്ള പറക്ലായിലായിരുന്നു സംഭവം. രാഹുല്‍ മുല്ലേരി, നവജിത്, ജഫ്രിന്‍ ജെറാള്‍ഡ് തുടങ്ങിയ വിദ്യാര്‍ത്ഥികളെയാണ് സംഘം മര്‍ദിച്ചത്.

പി.എന്‍.ടി.എസ് ആയൂര്‍വേദ കോളേജ് ലേഡീസ് ഹോസ്റ്റല്‍ വാര്‍ഡനായ നവജിതിന്റെ അമ്മയെ കാണാനായി ഇവര്‍ പറക്ലായിലെത്തിയപ്പോഴായിരുന്നു മര്‍ദ്ദനം. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വീണ്ടുമെത്തുകയും പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ ജെഫ്രിന് വാരിയെല്ലിനും മുഖത്തും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്.

We use cookies to give you the best possible experience. Learn more