കോഴിക്കോട്: ബോംബുനിര്‍മാണം നടത്തിയും കേരളം ഏറെ സ്‌നേഹിക്കുന്ന കലാപ്രവര്‍ത്തകര്‍ക്കെതിരായി ആക്രമണവുമഴിച്ചുവിട്ടും സമൂഹത്തില്‍ ഭീകരത പടര്‍ത്തുന്ന ആര്‍.എസ്.എസ് ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ ശക്തമായ ബഹുജനപ്രതിരോധമുയര്‍ത്തിക്കൊണ്ടുവരുമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.
മണിയൂര്‍ പഞ്ചായത്തിലെ ചെരണ്ടത്തൂരില്‍ ബോംബുനിര്‍മിക്കുന്നതിനിടയിലാണ്, അത് പൊട്ടിത്തെറിച്ചു ആര്‍.എസ്.എസ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന് ഗുരുതരമായ പരിക്കുപറ്റിയത്. വളരെ സമാധാനപരമായ സാമൂഹ്യ അന്തരീക്ഷം നിലനില്‍ക്കുന്ന മണിയൂര്‍ പോലുള്ള പ്രദേശങ്ങളില്‍ എന്തിന് വേണ്ടിയാണ് ആര്‍.എസ്.എസ് ബോംബുനിര്‍മാണ കേന്ദ്രങ്ങളുണ്ടാക്കിയതെന്ന കാര്യം അന്വേഷിക്കേണ്ടതാണ്.
സംസ്ഥാന തലത്തില്‍ തന്നെ ആക്രമണങ്ങളും കലാപങ്ങളും അഴിച്ചുവിടാനുള്ള സംഘപരിവാര്‍ ആസൂത്രണത്തിന്റെ ഫലമാണ് ചെരണ്ടത്തൂരിലെ ബോംബ് നിര്‍മാണമെന്നു വേണം കരുതാന്‍. ബോംബ് സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്ക് പറ്റി ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്ന യുവാവ് സംസ്ഥാന തലത്തിലുള്ള ആര്‍.എസ്.എസിന്റെ ക്രിമിനല്‍ സംഘത്തില്‍പ്പെട്ടയാളാണ്.
ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ആര്‍.എസ്.എസ് നിയോഗിച്ച സംഘത്തിലെ അംഗമായിരുന്നു ഈ യുവാവ്. മാസങ്ങളോളം ശബരിമലയില്‍ തങ്ങി പൊലീസിനെതിരെ ആക്രമണമഴിച്ചുവിട്ട ക്രിമിനല്‍സംഘത്തില്‍ പെട്ട ഇയാള്‍ പല പ്രദേശങ്ങളിലെയും ആര്‍.എസ്.എസ് ഓപ്പറേഷനുകളില്‍ പങ്കാളിയാണെന്ന് പരക്കെ സംസാരമുണ്ട്. ചരണ്ടത്തൂര്‍ സ്‌ഫോടനത്തില്‍ പിറകിലുള്ള സംഘപരിവാറിന്റെ ജില്ലാ സംസ്ഥാന ബന്ധങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നും കുറ്റവാളികളായ ഉന്നതരെക്കൂടി അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ചെരണ്ടത്തൂര്‍ സ്‌ഫോടനം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുന്ന, അതേ സമയത്താണ് ഇന്നലെ രാത്രി പ്രശസ്ത നാടക ചലചിത്ര സംവിധായകന്‍ സുവീരനും ഭാര്യ അമൃതക്കു നേരെ ആര്‍.എസ്.എസ് സംഘം ആക്രമണ നടത്തുന്നത്.
ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവും നാടക സിനിമാ സംവിധായകനുമായ സുവീരനും ഭാര്യ അമൃതക്കും നേരെ നടന്ന ആക്രമണത്തില്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി പ്രസ്താവനയില്‍ പറഞ്ഞു.
20ഓളം പേരടങ്ങുന്ന സംഘപരിവാര്‍ ക്രിമിനല്‍ സംഘമാണ് അമൃതയുടെ വേളത്തുള്ള വീട്ടില്‍ അതിക്രമിച്ച് കടന്നു ഇരുവരെയും മര്‍ദിച്ചത്. ഇത് വളരെ ആശങ്കയുയര്‍ത്തുന്ന സംഭവമാണെന്നും കുറ്റവാളികളെ ഉടനെ അറസ്റ്റ് ചെയ്യണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
കേരള സംഗീത നാടക അക്കാദമിയുടെ അമേച്വര്‍ നാടകോത്സവത്തില്‍ അവതരിപ്പിക്കാന്‍ വേണ്ടി സുവീരന്‍ സംവിധാനം ചെയ്യുന്ന ‘ജാരന്‍ ‘ എന്ന നാടകത്തിനു വേണ്ടി വീട്ടുമുറ്റത്തൊരു റിഹേഴ്‌സല്‍ ക്യാമ്പ് ഒരുക്കുന്നതിനിടയിലാണ് ഇന്നലെ പകല്‍ ഒരു കൂട്ടം ആര്‍.എസ്.എസുകാര്‍ വീട്ടില്‍ കയറി അതിനോട് തൊട്ടുകിടക്കുന്ന വിളക്ക് കൊളുത്തുന്ന തറയുള്ള സ്ഥലം തങ്ങള്‍ക്ക് ക്ഷേത്ര നിര്‍മാണത്തിന് വിട്ടുതരണമെന്നാവശ്യപ്പെട്ട് ഭീഷണി മുഴക്കുന്നത്. ഇതിന് മുമ്പും ഈയാവശ്യം ഉന്നയിച്ച് ഇവര്‍ സ്ഥലത്ത് അതിക്രമിച്ച് കടന്നു മരങ്ങള്‍ ഉള്‍പ്പടെ വെട്ടിനശിപ്പിച്ചിരുന്നു. ഇതു സംബന്ധമായ കേസ് ഇപ്പോള്‍ നിലനില്ക്കുന്നുണ്ട്.
അമൃതയുടെ പേരിലുള്ള സ്ഥലം ആര്‍.എസ്.എസുകാര്‍ക്ക് വിട്ടുതരില്ലെന്ന സുവീരന്റെയും അമൃതയുടെ സുനിശ്ചിതമായ നിലപാടാണ് അവരെ പ്രകോപിതരാക്കിയത്. അതിന് പ്രതികാരമായിട്ടാണ് വീട്ടില്‍ അതിക്രമിച്ച് കയറി പടക്കം പൊട്ടിച്ച് ഭീകരത സൃഷ്ടിക്കുകയും ചോദ്യം ചെയ്ത സുവീരനെയും അമൃതയെയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തത്.
തങ്ങള്‍ നാടകത്തിനായി ഒരുക്കുന്ന ക്യാമ്പില്‍ അതിക്രമിച്ചു കയറിയാണ് സുവീരനേയും ഭാര്യയേയും കയ്യേറ്റം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തിരിക്കുന്നത്. ഇത് സാംസ്‌കാരിക കേരളത്തോടും നിയമ വ്യവ്യവസ്ഥയോടു മുള്ള വെല്ലുവിളിയായാണ്. കര്‍ശനമായ നടപടികള്‍ സ്വീകരിച്ച് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ സാഹചര്യം സൃഷ്ടിക്കണമെന്ന് അധികൃതരോട് സി.പി.ഐ.എം ജില്ലാ
സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
എഴുത്തുകാരെയും കലാകന്മാരെയും ക്രിമിനല്‍ സംഘങ്ങളെ അഴിച്ചുവിട്ട് വേട്ടയാടുന്ന സംഘപരിവാര്‍ നീക്കങ്ങളെ എല്ലാ തലങ്ങളിലും ബഹുജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ബോംബുനിര്‍മാണം നടത്തിയും ക്രിമിനല്‍ സംഘങ്ങളെ വളര്‍ത്തിയും നാടിന്റെ സമാധാന ജീവിതത്തിനു ഭീഷണിയാവുന്ന വര്‍ഗീയ ക്രിമിനല്‍ സംഘങ്ങളെ ഒറ്റപ്പെടുത്തണമെന്നും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
CONTENT HIGHLIGHTS: RSS bomb making: CPIM Kozhikode district secretariat urges strong action