കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവവേദിക്ക് സമീപം ബോംബേറ്. പ്രധാനവേദിക്ക് സമീപം വ്യാപകമായ അക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആര്‍.എസ്.എസ് പോലീസിന് നേരെ ബോംബെറിയുകയായിരുന്നു. കണ്ണൂരില്‍ ഹര്‍ത്താലിന്റെ മറവിലാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം.
പൊലീസിനെയും മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും ബി.ജെ.പി പ്രവര്‍ത്തകര്‍ വലിയ രീതിയിലുള്ള അക്രമമാണ് അഴിച്ചുവിട്ടത്. കലോത്സവത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി ബി.ജെ.പി അറിയിച്ചിരുന്നെങ്കിലും കലോത്സവത്തിനെത്തിയ നിരവധി വാഹനങ്ങള്‍ ബി.ജെ.പിക്കാര്‍ തടഞ്ഞു.
പഴയ ബസ്ന്റാന്റിന് സമീപം എന്‍ജിഒ യൂണിയന്‍ ബില്‍ഡിംഗിനുനേരെയും ആക്രമണം ഉണ്ടായി. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ദേശാഭിമാനി ബ്യൂറോ ഓഫീസിന്റെ ചില്ല് തകര്‍ത്തിട്ടുണ്ട്.
കലോത്സവത്തിന്റെ ബോര്‍ഡും ബാനറുകളും സി.പി.ഐ.എം പ്രചരണ ബോര്‍ഡുകളും സി.ഐ.ടി.യു കെടിമരവും ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തിട്ടുണ്ട്.
ഹര്‍ത്താലില്‍ നിന്നു ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ അവശ്യ സര്‍വീസ് നടത്തുകയായിരുന്ന വാഹനങ്ങള്‍ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് പ്രവര്‍ത്തകര്‍ തടഞ്ഞത്.
പൊലീസ് ഇടപെട്ട് വാഹനങ്ങള്‍ കടത്തിവിടാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഹര്‍ത്താല്‍ അനുകൂലികള്‍ പൊലീസിനെ കയ്യേറ്റം ചെയ്തു. ഈസമയം സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും കയ്യേറ്റമുണ്ടായി.
തുടര്‍ന്ന് ബിജെപിക്കാര്‍ കുത്തിയിരുന്നു റോഡ് ഉപരോധിച്ചു. അര്‍ധരാത്രി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ജനജീവിതം ദുസ്സഹമാകുന്നതിനിടെയാണ് ആര്‍.എസ്.എസിന്റെ അക്രമം.