തങ്ങളല്ല രാജ്യമെന്ന് മോദിയും ആര്‍.എസ്.എസും തിരിച്ചറിയണം: പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹക്കുറ്റമല്ലെന്നും കനയ്യകുമാര്‍
Daily News
തങ്ങളല്ല രാജ്യമെന്ന് മോദിയും ആര്‍.എസ്.എസും തിരിച്ചറിയണം: പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹക്കുറ്റമല്ലെന്നും കനയ്യകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th January 2017, 3:40 pm

kanhaiya

ബെംഗളൂരു: ദേശീയ ബിംബമായ മഹാത്മാഗാന്ധിയെ കുടിയിറക്കാനുള്ള ശ്രമമാണ് ആര്‍.എസ്.എസും ബി.ജെ.പിയും നടത്തുന്നതെന്ന് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യകുമാര്‍.

വലതുപക്ഷ സംഘടനകള്‍ക്ക് ഗാന്ധി ആശയങ്ങളില്‍ വിശ്വസിക്കാന്‍ ഒരിക്കലും കഴിയില്ലെന്നും ഗാന്ധിയെ മാറ്റുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും കനയ്യ പറയുന്നു. ഖാദിഗ്രാമിന്റെ കലണ്ടറില്‍ നിന്നും ഗാന്ധിയെ മാറ്റി പകരം അവര്‍ക്ക് അംബേദ്ക്കറേയോ ഭഗത് സിങ്ങിനെയോ വെക്കാമായിരുന്നു. എന്നാല്‍ അവരുടെ പ്രത്യയശാസ്ത്രത്തിലും ഇവര്‍ വിശ്വസിക്കുന്നില്ല. കാരണം ഭഗത്സിങ് ഒരു നിരീശ്വരവാദിയും അംബേദ്ക്കര്‍ മനുസ്മൃതിക്ക് എതിരുമായിരുന്നു- കനയ്യ പറയുന്നു.

ഭരണഘടനയുടെ ആമുഖം ആര്‍.എസ്.എസ് മനസിലാക്കിയിട്ടില്ലെന്നും തങ്ങളല്ല രാജ്യമെന്ന് മോദിയും ആര്‍എസ്എസും തിരിച്ചറിയണമെന്നും കനയ്യ പറയുന്നു.

പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹക്കുറ്റമല്ല. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നതും രാജ്യദ്രോഹമല്ല. എന്നാല്‍  തങ്ങള്‍ക്കെതിരെ ഉയരുന്ന ഒരു വിമര്‍ശനത്തേയും ആവര്‍ വെച്ചുപൊറുപ്പിക്കാറില്ല. വിമര്‍ശിക്കാനുള്ള അവകാശമാണ് ഭരണഘടനയുടെ സത്ത. സര്‍ക്കാരിനേയോ അവരുടെ പ്രത്യയശാസ്ത്രത്തേയെ വിമര്‍ശിച്ച് നിങ്ങള്‍ക്ക് എങ്ങും പോകാന്‍ കഴിയില്ല.


പന്‍സാരയും കല്‍ബുര്‍ഗിയും അതിന് ഉദാഹരണങ്ങളാണ്. പ്രധാനമന്ത്രിയും ആര്‍എസ്എസും ബിജെപിയും തങ്ങളല്ല രാജ്യമെന്ന കാര്യം മനസിലാകണം. രാജ്യത്തിന്റെ ഭാഗം മാത്രമാണ് നിങ്ങളെന്നും കനയ്യ പറയുന്നു.

ബെംഗളൂരില്‍ മീറ്റ് ദ പ്രസ് പ്രോഗ്രാമില്‍ സംസാരിക്കവെയാണ് കനയ്യ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ഞാന്‍ ഒരു മോദി വിരുദ്ധനായല്ല സംസാരിക്കുന്നത്. അധികാരത്തിലെത്തുമുന്‍പ് പറഞ്ഞ വാക്കുകള്‍ പാലിക്കാത്ത മോദിക്കെതിരെയാണ് താന്‍ സംസാരിക്കുന്നത്.

രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ ആര്‍എസ്എസ് പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും കനയ്യ ആരോപിച്ചു.

എന്തുകൊണ്ടാണ് രാഷ്ട്രീയത്തില്‍ ചേരാത്തതെന്ന് ചോദ്യത്തിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയല്ല രാഷ്ട്രീയമെന്നും സാധാരണക്കാരുടെ അടിസ്ഥാന പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണ് രാഷ്ട്രീയമെന്നും  കനയ്യ പ്രതികരിച്ചു.