ദണ്ഡ പോലെ മറ്റൊരു ടൂളാകുന്ന ഇന്ത്യന്‍ സിനിമ
Opinion
ദണ്ഡ പോലെ മറ്റൊരു ടൂളാകുന്ന ഇന്ത്യന്‍ സിനിമ
പി.ടി. രാഹേഷ്
Monday, 12th February 2024, 5:43 pm

ജനപ്രിയമായ ഒരു കമ്പോളമാണ് സിനിമാ വ്യവസായം. സാമൂഹികാവസ്ഥകളേയും പരിണാമങ്ങളേയും നിര്‍മ്മിക്കാനും സ്വാധീനിക്കാനും ശേഷിയുള്ള സിനിമയെന്ന വ്യവസായവും കലയും സംബന്ധിച്ച പഠനവും അവലോകനവും ഇന്നത്തെ സാഹചര്യത്തില്‍ വളരെ പ്രാധാന്യമുള്ളതാണ്.

ഓരോ നാടിന്റേയും സാമൂഹിക ചരിത്രം കൂടി ആഴത്തില്‍ ഉള്‍ച്ചേര്‍ന്നതാണ് സിനിമ. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷമുള്ള ഇന്ത്യന്‍ സിനിമ കഴിഞ്ഞ ഏഴരപ്പതിറ്റാണ്ട് രാജ്യം കടന്നു പോന്ന വഴികളിലൂടെ കൂടിയാണ് സഞ്ചരിച്ചത്. ഇന്ത്യന്‍ സിനിമ മുന്നോട്ടു വെച്ച പുരോഗമനപരതയും, മാനവികതയും നിര്‍ദ്ദയം കയ്യൊഴിഞ്ഞ് ചുവടുമാറുന്ന കാലമാണിത്.

ഇതോടൊപ്പം വാണിജ്യവല്‍ക്കരിക്കപ്പെടുകയും വര്‍ഗ്ഗീയവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന ചലച്ചിത്ര സ്ഥാപനങ്ങളെയും, ദേശീയ പുരസ്‌ക്കാരങ്ങളേയും നമുക്ക് കാണാനാവും. ഇന്ത്യന്‍ സിനിമയുടെ സമ്പന്നമായ ചരിത്രവും അപകടകരമായ വര്‍ത്തമാനവും സംബന്ധിച്ച തുറന്നെഴുത്തുകള്‍ അനിവാര്യമായ സാഹചര്യത്തിലൂടെയാണ് നാം കടന്നു പോകുന്നത്.

നെഹ്‌റുവിന്റെ സാംസ്‌ക്കാരിക വീക്ഷണം ഇന്ത്യന്‍ സിനിമയെ ഔന്നത്യങ്ങളിലെത്തിക്കുന്ന കാലത്തെ കുറിച്ചും, ചലച്ചിത്ര മേഖലയുടെ ഉന്നമനത്തിനായി സ്ഥാപിക്കപ്പെട്ട സ്ഥാപനങ്ങളെ കുറിച്ചും നാം പഠിക്കുന്നത് ഇന്നത്തെ ഇന്ത്യന്‍ സിനിമയുടെ ദിശാ മാറ്റത്തെ വ്യക്തതയോടെ മനസ്സിലാക്കാന്‍ നമ്മെ സഹായിക്കും.

ഇതോടൊപ്പം തന്നെ പ്രബുദ്ധ കേരളത്തിന്റെ രൂപീകരണത്തില്‍ സിനിമ വഹിച്ച പങ്കും നാമറിയണം. ഇന്ത്യന്‍ സിനിമ അതിന്റെ ശൈശവദശയില്‍ പുരാണകഥകള്‍ പറഞ്ഞപ്പോള്‍ മലയാള സിനിമ ആദ്യചിത്രമായ ‘വിഗതകുമാരനി’ലും ആദ്യ ശബ്ദചിത്രമായ ‘ബാലനി’ലും സാമൂഹിക പ്രസക്തമായ പ്രമേയങ്ങളാണ് അവതരിപ്പിച്ചത്.

കാണിയെ സ്വപ്ന സ്വര്‍ഗ്ഗങ്ങളിലേക്ക് നയിക്കാന്‍ ഉതകുന്ന മാധ്യമമായിട്ടും, തുടക്കം മുതല്‍ മണ്ണിലുറച്ചു നിന്ന മലയാള സിനിമയുടെ ചരിത്രവും നാമറിയേണ്ടതുണ്ട്. പക്ഷേ ഇന്ത്യയിലെമ്പാടും, മലയാള സിനിമയിലും പുരോഗമനമുഖത്തിന് മങ്ങലേല്‍പ്പിച്ച കാഴ്ചയാണ് സിനിമയുടെ എണ്‍പതുകളിലെ ചരിത്രം.

രാമക്ഷേത്രത്തിനായുള്ള രഥയാത്രയും, ബാബരി മസ്ജിദിന്റെ തകര്‍ച്ചയും ദേശീയതലത്തില്‍ ഹിന്ദുത്വത്തിന് ശക്തി പകര്‍ന്നപ്പോള്‍ സിനിമ പിന്തിരിഞ്ഞു നടക്കാന്‍ തുടങ്ങി. ദളിത്, മുസ്‌ലിം, സ്ത്രീവിരുദ്ധ ഉള്ളടക്കത്തില്‍ മുന്നോട്ടുപോയ സിനിമ മതേതര മൂല്യങ്ങള്‍ക്ക് ആഴത്തിലുള്ള പോറലാണ് ഏല്‍പ്പിച്ചത്.

എന്നാല്‍ 2011ല്‍ ആരംഭിച്ച ന്യൂ ജനറേഷന്‍ തരംഗത്തോടെ പുതിയ പ്രമേയങ്ങളും ആവിഷ്‌കരണ രീതികളുമായി മലയാള സിനിമ നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ നവ ഇന്ത്യന്‍ സിനിമ ഭരണകൂടത്തിന്റെ പ്രചാരവേല ഏറ്റെടുത്തുകൊണ്ട് തീവ്രദേശീയതാവാദം പ്രസരിപ്പിക്കുന്നതിനാണ് ശ്രമിക്കുന്നത്. യുദ്ധോത്സുകമായ രാജ്യസ്‌നേഹവും, പുരാതന കാലത്തില്‍ അഭിരമിക്കാനുള്ള വ്യഗ്രതയും ഇന്നത്തെ ഇന്ത്യന്‍ സിനിമയിലാകെ കാണാനാവും.

രാമായണം സീരിയലായി ഇന്ത്യയിലാകെ അവതരിപ്പിക്കപ്പെട്ടതിലൂടെ സംഘപരിവാറിന്റെ ഹൈന്ദവ രാഷ്ട്രീയ പരിപാടിക്ക് അടിത്തറയിടുകയായിരുന്നു എന്നു നമുക്കറിയാം. അതോടൊപ്പം തന്നെ കൃത്രിമ ദേശീയതയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി ധാരാളം സിനിമകള്‍ ഇന്ത്യയില്‍ റിലീസ് ചെയ്തു.

ഇപ്പോള്‍ സങ്കുചിത ദേശീയതയെ മുറുകെ പുണരുന്ന വിപുലമായ പ്രൊജക്ടുകളാണ് സിനിമാ വ്യവസായ മേഖലയില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇന്ത്യന്‍ ദേശീയതയുടെ വക്താക്കളാകാനുള്ള സംഘപരിവാര്‍ പരിശ്രമങ്ങളുടെ സമാന്തരമായി നടക്കുന്ന ഈ ബോക്‌സ് ഓഫീസ് ഹിറ്റുകളുടെ സാംസ്‌കാരിക നിര്‍മ്മാണത്തെ കുറിച്ച് വേണ്ടത്ര ചര്‍ച്ചകള്‍ ഉയര്‍ന്നു വരുന്നില്ല.

ബോളിവുഡിനൊപ്പം മലയാള സിനിമയും ന്യൂനപക്ഷ വിരുദ്ധ പൊതുബോധ നിര്‍മ്മിതിയിലെങ്ങനെ പങ്കാളിയായെന്ന് കൂടി തീവ്ര ദേശീയതയുടെ ചലച്ചിത്ര പാഠങ്ങളെ കുറിച്ച് അന്വേഷത്തിലൂടെ നാം മനസ്സിലാക്കണം. തീവ്രവാദിയും, അധോലോക നായകന്‍മാരുമായി അവതരിക്കുന്ന മുസ്‌ലിം കഥാപാത്രങ്ങള്‍ മലയാള സിനിമയിലും ധാരാളമായി കാണാനാവും.

കള്ളക്കടത്തുകാരനായിരിക്കുമ്പോള്‍ പരമേശ്വരന്‍ ‘ഉസ്താദാ’യി മാറുന്ന ബിംബ പ്രതിബിംബങ്ങളിലൂടെ കൊണ്ടുവരുന്ന വരേണ്യ ദേശീയതയുടേയും, ദേശവിരുദ്ധതയുടേയും ഉടല്‍ നിലകള്‍ ആവിഷ്‌ക്കരിക്കുകയാണ് മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘ഉസ്താദ്’. ഇത്തരത്തില്‍ തിന്മയുടെ ഉടലടയാളമായി ഒരു വിഭാഗത്തെ അവതരിപ്പിക്കുകയും, ചിത്രീകരിക്കുകയും ചെയ്യുന്ന നിരവധി സിനിമകളുടെ തിരക്കഥക്കുള്ളിലെ തിരക്കഥയിലൂടെ മുസ്‌ലിം വിരുദ്ധത മലയാള മനസ്സുകളിലും കലര്‍ന്നിട്ടുണ്ട്.

ഇങ്ങനെയാണ് നാം കണ്ട സിനിമകള്‍ ഹിന്ദു ദേശീയതയിലേക്ക് അല്‍പ്പം ചെരിഞ്ഞ വഴിയായി മാറുന്നത്. ഇതു തിരിച്ചറിയാനായാല്‍ മുസ്‌ലിം വിരുദ്ധ പൊതുബോധം നമുക്കിടയിലെങ്ങനെ പ്രവര്‍ത്തിക്കുവെന്നതിന്റെ കാരണം കണ്ടെത്താനാവും. അതോടൊപ്പം ആദിപുരിഷിലെ പ്രഭാസ് നായകനായ രാമന്‍ മതരാജ്യവാദത്തിന്റെ പതാക പാറിക്കുമെന്ന പ്രതീക്ഷ പങ്കു വെക്കുന്നതും രാമക്ഷേത്ര നിര്‍മ്മാണവും കൂട്ടി വായിക്കുന്നതിലൂടെ നമ്മുടെ ദ്യശ്യ ബോധത്തില്‍ ഫാസിസം നടത്തുന്ന കലാദര്‍ശനത്തെ ആഴത്തില്‍ മനസ്സിലാക്കാനുമാവും.

ബോളിവുഡിനെ മയക്കു മരുന്നിന്റെ സാമ്രാജ്യമായി ചിത്രീകരിക്കുന്നതും മുസ്‌ലിം വിരുദ്ധതയുടെ ഭാഗമായാണ്. വിവാദങ്ങളും അറസ്റ്റുകളും വഴി ഇത്തരത്തിലൊരു നിര്‍മ്മിത പൊതുബോധം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യന്‍ സിനിമയില്‍ ബോളിവുഡിന് പുറത്ത് നിര്‍മ്മിക്കുകയും രാജ്യമാകെ വിതരണം ചെയ്യുകയും ചെയ്യുന്ന സിനിമകള്‍ മഹാ വിജയം നേടുന്നതും, ബോളിവുഡിന്റെ പ്രതാപം നഷ്ടപ്പെട്ടുവെന്ന പ്രതീതി ഈ പശ്ചാത്തലത്തിലാണ് ഉരുത്തിരിഞ്ഞു വരുന്നത്.

തെന്നിന്ത്യന്‍ സിനിമകള്‍ വാണിജ്യ വിജയം നേടുന്നതിന്റെ കാര്യ കാരണങ്ങളിലേക്ക് കടന്നു ചെല്ലുമ്പോഴാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിസ്മയകരമായ വേരുകള്‍ നമുക്ക് നേരിട്ട് കാണാന്‍ ആവുക. ‘ബാഹുബലി’, ‘പുഷ്പ ദ റൈസിംഗ്’, ‘ആര്‍.ആര്‍.ആര്‍’, ‘കെ.ജി.എഫ് ചാപ്റ്റര്‍ 1,2’, എന്നീ സിനിമകള്‍ കോടികളാണ് നേടിയത്.

കോടികളുടെ ലാഭത്തേക്കാള്‍ ഇന്ത്യയില്‍ ഉണ്ടാക്കിയ രാഷ്ട്രീയ ലാഭത്തെക്കുറിച്ച് ഗൗരവത്തില്‍ പരിശോധിക്കണമെന്നും. അമര്‍ ചിത്രകഥകളിലെ അന്വേഷണ ഗവേഷണങ്ങളിലൂടെയാണ് തന്റെ സിനിമകള്‍ വികസിച്ചു വന്നതെന്ന് സംവിധായകന്‍ രാജമൗലി പറയുന്നുണ്ട്. ഒരു സൂപ്പര്‍ ഹീറോയുടെ നിര്‍മ്മിതിക്കൊപ്പം പുരാണവും ഇതിഹാസവും, ഐതിഹ്യങ്ങളും വിശ്വാസങ്ങളുമുള്ള കഥാസമുദ്രമായത് മാറുമ്പോള്‍ ചരിത്രപരതയുടേയും ഇന്ത്യന്‍ രാഷ്ട്രീയ സങ്കീര്‍ണ്ണതകളുടേയും നിരാകരിക്കുന്ന ഒരു ഹിന്ദുത്വ പ്രചരണ പരിപാടിയായാണത് രൂപപ്പെടുന്നത്.

ഇത്തരം സിനിമയിലെമ്പാടുമുള്ള അസംബന്ധ ജടിലമായ കഥാതന്തുവും, ആര്‍ഭാട ബഹുമാലമായ അവതരണവും സ്യഷ്ടിക്കുന്ന മഹാഹ്ലാദപരത വിമര്‍ശനത്തിനുള്ള സാഹചര്യം പോലുമില്ലാതാക്കുന്നതിനുള്ള ഒരു കുതന്ത്രമാണ് പയറ്റുന്നത്. വിമര്‍ശനത്തിനിടയില്ലാതെ ഭക്ത്യാധരപൂര്‍വ്വം ആഘോഷിക്കപ്പെടുന്ന ദേശീയതയുടെ ഉദ്‌ഘോഷങ്ങളായി സിനിമകള്‍ മാറുന്നത് സ്വാഭാവികമായൊരു പ്രക്രിയയല്ലെന്ന് സമീപകാല ഇന്ത്യന്‍ സാഹചര്യത്തില്‍ നാം കരുതരുത്.

ഹിന്ദു പുരാണാഖ്യാനങ്ങളിലൂടെയാണ് ആരംഭിച്ചതെങ്കിലും നല്ലൊരു പരിധിവരെ മതേതരമായി നിലകൊണ്ട ഇന്ത്യന്‍ മുഖ്യധാര സിനിമ അതേപടി ഇനിയുള്ള കലുഷിതകാലത്ത് നിലനില്‍ക്കാന്‍ പോകുന്നില്ലെന്ന് വ്യക്തമായ അടയാളവാക്യമാണ് ‘ബാഹുബലി’കള്‍ നമ്മോട് പറയുന്നത്. അതിന്റെ തുടര്‍ച്ചയായി വന്ന ഇത്തരത്തിലുള്ള സിനിമകളും ഉല്‍ക്കണ്ഠാകുലമായ ഈ യാഥാര്‍ത്ഥ്യത്തെ അടിവരയിടുന്നതാണ്.

പ്രാദേശിക സംസ്‌കാരങ്ങളെയും, ഭാഷകളെയും ഒരേസമയം ഉള്‍ക്കൊള്ളിക്കുകയും നിരാകരിക്കുകയും ചെയ്യുന്ന ദ്വൈതഭാവമാണ് ഇവിടെയെല്ലാം പയറ്റപ്പെടുന്നത്. ഇന്ത്യന്‍ ചരിത്രത്തെയും സ്വാതന്ത്ര്യ സമരത്തെയും തെറ്റായി പ്രചരിപ്പിക്കുന്നതിനുള്ള മാധ്യമമായി സിനിമയെ ഇവിടെ ഉപയോഗപ്പെടുത്തുകയാണ്.

‘ആര്‍.ആര്‍.ആര്‍’ സിനിമയില്‍ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെയും നൈസാമിനെതിരെയും പോരാടിയ കോമുറം ഭീം എന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട സ്വാതന്ത്രസമരസേനാനിയുടെ ചരിത്രം കീഴ്‌മേല്‍ മറിക്കുന്നത് കാണാനാവും. ആദിവാസി വിഭാഗങ്ങളെ ഒന്നുമറിയാത്തവരായി ചിത്രീകരിക്കുകയും, ഉജ്വലനായ സ്വാതന്ത്ര്യ സമരസേനാനിയെ സവര്‍ണ്ണ കുലജാതനായ നായകന്റെ മുന്നില്‍ വംശീയ ജാതി വിവേചനത്തിന് വിധേയനാക്കുകയും ചെയ്യുന്നു.

ഇതോടൊപ്പം തന്നെ നായക കഥാപാത്രത്തെ ശ്രീരാമനായി ചിത്രീകരിക്കുകയും ദൈവമാക്കി മാറ്റുകയും ചെയ്യുന്നു. സിനിമയുടെ ക്ലൈമാക്‌സ് രംഗം ഇപ്പോള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. രാമക്ഷേത്ര ഉദ്ഘാടന സമയത്ത് പ്രചരിപ്പിക്കാന്‍ കഴിയാവുന്ന വിധത്തിലുള്ള ഒരു വീഡിയോ മുന്‍കൂട്ടി തയ്യാറാക്കുക എന്നതായിരുന്നു ഇതിലൂടെ ലക്ഷ്യം വെച്ചത് എന്ന് സ്വാഭാവികമായും ഇതു കാണുമ്പോള്‍ സംശയിച്ചു പോകും.

ഇങ്ങനെ ഹിന്ദുത്വത്തിന്റെ ഭാവി പരിപാടികള്‍ക്ക് അനുസൃതമായി തയ്യാറാക്കിയ തിരക്കഥകള്‍ ഇന്ത്യയില്‍ വ്യാപകമായി സിനിമകളായി മാറുകയാണ്. ഇതുപോലെ ‘കെ.ജി.എഫ്’ സിനിമകളിലെ സ്വര്‍ണ്ണഖനിയിലുള്ള തൊഴിലാളി നേതാവിന്റെ കഥയെ ചരിത്രവിരുദ്ധമായി അവതരിപ്പിച്ചതും നാം കണ്ടു. അടിമത്വവും, തടവറയ്ക്ക് സമാനമായ ജീവിതവും നയിച്ച തൊഴിലാളികളുടെ ആത്മാഭിമാന പോരാട്ടത്തിന് നേതൃത്വം നല്‍കിയ കമ്മ്യൂണിസ്റ്റുകാരനായ നേതാവിന്റെ കഥയാണ് ഇവിടെ തിരുത്തിയെഴുതിയത്.

ഇങ്ങനെ പുതിയ തെന്നിന്ത്യന്‍ ഹിറ്റ് ചിത്രങ്ങളെല്ലാം തന്നെ ഏകാത്മകത, ഹിന്ദുത്വപരമായ ദേശീയത, ജാതിഘടന, വിഷമയമായ ആണത്തം, അനിയന്ത്രിതമായ അക്രമ പരമ്പര എന്നിവയില്‍ അടിസ്ഥാനമൂന്നുന്നത് കൃത്യമായി നമുക്ക് മനസ്സിലാക്കാനാവും. ഇങ്ങനെ പുതിയ ഒരു ദേശീയതയെ നിര്‍മ്മിച്ചെടുക്കാന്‍ സിനിമകളെ ഉപയോഗപ്പെടുത്തുന്ന ചരിത്രത്തിന്റെയും വര്‍ത്തമാനത്തിന്റെയും രാഷ്ട്രീയത്തെക്കുറിച്ചുള്ള പഠനം ഈ എന്ന ജനപ്രിയ മാധ്യമത്തെ സംഘപരിവാര്‍ എങ്ങനെയാണ് ഒരു ഉപകരണമാക്കി മാറ്റുന്നത് എന്നു തിരിച്ചറിയാന്‍ നമ്മെ സഹായിക്കും.

ഇന്ത്യന്‍ സിനിമകളുടെ ആദ്യഘട്ടത്തിനുശേഷം അപൂര്‍വമായി മാത്രമാണ് ചരിത്രപുരാണ സിനിമകള്‍ ജനശ്രദ്ധ നേടിയിരുന്നത്. എന്നാല്‍ എണ്‍പതുകളുടെ അവസാനം വന്ന രാമായണം, മഹാഭാരതം മെഗാ സീരിയലുകള്‍ ഇന്ത്യയുടെ ടെലിവിഷന്‍ രംഗത്ത് വലിയ മാറ്റം ഉണ്ടാക്കി. ഇന്ത്യന്‍ സമൂഹത്തിന്റെ വലിയ തോതിലുള്ള ഹിന്ദുവത്ക്കരണം ആരംഭിക്കുന്നത് ഇക്കാലത്താണ്.

ഇന്ത്യക്ക് ഉണ്ടായിരുന്നു എന്ന് സ്വയം പ്രഖ്യാപിക്കുന്ന സുവര്‍ണ്ണ ഭൂതകാലത്തില്‍ അഭിരമിക്കല്‍, അമിതമായ ദേശീയ ബോധം, ന്യൂനപക്ഷ വിഭാഗങ്ങളുടെ അപരദൃശ്യവല്‍ക്കരണങ്ങള്‍ എന്നിവയൊക്കെ ഈ കാലം വിത്തിട്ടു. ടെലിവിഷനോടുള്ള മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ സ്വാഭാവികമായും സിനിമയും ഇതേ പാത പിന്തുടരാന്‍ തുടങ്ങുകയും ചെയ്തു.

ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട ചരിത്ര സിനിമകള്‍ കാഴ്ചക്കാരില്‍ പുതിയൊരു ചരിത്രബോധം നിര്‍മ്മിക്കുകയോ നിലനില്‍ക്കുന്ന ഔദ്യോഗിക ചരിത്രത്തെ മറ്റൊരു ചരിത്രഭാക്ഷ്യത്താല്‍ പുനപ്രതിഷ്ഠിക്കുകയോ ചെയ്യുകയാണ്. ഒരുകാലത്ത് അമര്‍ചിത്രകഥകള്‍ നിര്‍വഹിച്ചിരുന്ന അതേ സാമൂഹ്യ ദൗത്യമാണ് ഈ സിനിമകള്‍ നിര്‍വഹിക്കുന്നത്.

വീരസവര്‍ക്കര്‍ എന്ന ബാലരമ അമര്‍ചിത്രകഥ വായിച്ചു സവര്‍ക്കറെ ധീര ദേശാഭിമാനിയായി കണ്ടിരുന്ന ഒരു കുട്ടിക്കാലത്തില്‍ നിന്ന്, സമ്പന്നമെന്ന് പ്രചരിപ്പിക്കപ്പെടുന്ന ഹിന്ദു രാജാക്കന്മാരുടെ ഭൂതകാലത്തെ സ്വീകരിക്കാന്‍ വെമ്പുന്ന ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാന്‍ കഴിയും വിധം ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള മെഗാസിനിമകള്‍ക്ക് ഇന്നാവുന്നുണ്ട്.

ഗാന്ധിജിയുടെ മരണത്തില്‍ അടക്കമുള്ള പങ്കിനെ പറ്റി ആ അമര്‍ചിത്രകഥ എങ്ങനെ മൗനം പാലിച്ചു എന്നതുപോലെ പല കാര്യങ്ങളിലും സമകാലിക ചരിത്ര സിനിമകള്‍ മൗനം പാലിക്കുകയും മറ്റു ചിലപ്പോള്‍ യാഥാര്‍ത്ഥ്യത്തെ വെല്ലുവിളിക്കുന്ന നുണക്കഥകള്‍ പൊലിപ്പിക്കുകയും ചെയ്യുന്നതിനെ സമര്‍ത്ഥമായി തിരിച്ചറിയാനായില്ലെങ്കില്‍ ഈ സമൂഹത്തെയാകെ ഹിന്ദുത്വ രാഷ്ട്രത്തിന്റെ പ്രജകളാക്കി മാറ്റാന്‍ അവര്‍ക്ക് വളരെ എളുപ്പത്തിലാവും.

ഊതി വീര്‍പ്പിച്ച ദേശീയ ബോധത്തിന്റെ വില്‍പ്പനക്കാര്‍ നാടുവാഴുന്ന കാലത്ത് അതിനുതകുന്ന ചരിത്ര പുരുഷന്മാരുടെ പുനര്‍നിര്‍മ്മാണമാണ് സിനിമയിലൂടെ സംഘപരിവാര്‍ സാധ്യമാക്കുന്നത്. ഹിന്ദു ബിംബങ്ങളായ കഥാപാത്രങ്ങളിലൂടെ ഭാരതത്തിന് സമ്പത്ത്‌സമൃദ്ധമായ ഒരു സുവര്‍ണ്ണകാലം ഉണ്ടായിരുന്നു എന്നും, മറ്റു മതസ്ഥരുടെ കടന്നുവരവാണ് ഇന്ത്യയെ ഇന്നു കാണുന്ന അവസ്ഥയില്‍ എത്തിച്ചത് എന്നുമുള്ള സംഘപരിവാര്‍ ആശയത്തെ ഈ സിനിമകള്‍ മിക്കതും പിന്തുണയ്ക്കുന്നതായി കാണാനാവും.

അമാനുഷിക ശക്തിയുള്ള നായകന്‍, അസാധ്യമായ ശക്തി പ്രകടനങ്ങള്‍, അതിഭീമമായ കോട്ടകൊത്തളങ്ങള്‍, കൂറ്റന്‍ പ്രതിമകള്‍, ആഡംബരം ധ്വനിപ്പിക്കുന്ന വസ്ത്രഭരണങ്ങള്‍, ആയിരക്കണക്കിന് വരുന്ന ജനക്കൂട്ടത്തിന്റെ സാന്നിധ്യം തുടങ്ങിയ ദൃശ്യബിംബങ്ങളിലൂടെ ഹിന്ദുത്വ രാഷ്ട്രീയത്തെ ഈ സിനിമകള്‍ വിദഗ്ധമായി കാഴ്ചക്കാരനിലേക്ക് എത്തിക്കുന്നു.

ഇതോടൊപ്പം മൂടുപടം, സിന്ദൂരം, ചാരിത്ര്യം ദേവീവല്‍ക്കരണം തുടങ്ങിയ പാരമ്പര്യ മൂല്യങ്ങളില്‍ സ്ത്രീയെയും അവതരിപ്പിക്കുന്നു. ഹിറ്റ്‌ലര്‍ ജര്‍മ്മനിയില്‍ സിനിമയെ ഉപയോഗിച്ചത് യുദ്ധത്തില്‍ നിന്നും അനുബന്ധ ദുരിതങ്ങളില്‍ നിന്നും അരക്ഷിതാവസ്ഥയില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനായിരുന്നുവെങ്കില്‍, ഇവിടെ സാമൂഹിക സുരക്ഷാ സംവിധാനങ്ങള്‍ അപ്രത്യക്ഷമാകുന്ന, തൊഴിലില്ലായ്മ പെരുകുന്ന ഇന്ത്യയില്‍ ബിഗ് ബജറ്റ് മാസ് സിനിമകള്‍, നിലനില്‍ക്കുന്ന സാമൂഹ്യ സാഹചര്യങ്ങളില്‍ നിന്നുള്ള ശ്രദ്ധ തിരിക്കാനും ഹിന്ദുത്വ രാഷ്ട്രീയത്തിന് അനുകൂലമായ വ്യവസ്ഥ രൂപപ്പെടുന്നതിനുമാണ് സഹായിക്കുന്നത്.

കൊവിഡ് കാലത്ത് നഷ്ടപ്പെട്ട തൊഴിലും രൂപപ്പെട്ട അരക്ഷിതാവസ്ഥയും മറക്കാനുള്ള മരുന്ന് കൂടിയാണ് ഇത്തരം സിനിമകള്‍. സിനിമയോളം നല്ല മയക്കുമരുന്ന് വേറേതുണ്ട് എന്ന് കൂടിയാണ് ഇവിടെ ചോദിക്കുന്നത്. നാളത്തെ തലമുറ ചരിത്രത്തെ മനസ്സിലാക്കുന്നത് ‘ഒഴിവാക്കപ്പെടുന്ന യഥാര്‍ത്ഥ ചരിത്രത്തെ റദ്ദുചെയ്ത് പോപ്പുലര്‍ സിനിമ ആഖ്യാനങ്ങളിലൂടെ ദേശാഭിമാനത്തിന്റെ മസിലുപിരിപ്പിച്ച കഥാപാത്രങ്ങള്‍ പുനര്‍ നിര്‍മ്മിക്കുന്ന കാഴ്ചകളിലൂടെയാവും’ എന്നതാണ് ഇതിലെ അപകടം.

അഭിനേതാക്കളെ പൊതുജനങ്ങള്‍ ഇഷ്ടപ്പെടുമ്പോഴാണ് അവര്‍ വിജയിക്കുന്നത്. ജനങ്ങള്‍ക്ക് അവര്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ വഴി അഭിനേതാക്കളോട് ഒരു ബന്ധം ഉണ്ടായി വരുമ്പോഴാണ് തൊഴിലില്‍ അവര്‍ വളര്‍ച്ച വ്യാപിക്കുകയും മുന്നേറുകയും ചെയ്യുന്നത്. അതില്‍നിന്ന് തടയുന്നതിന് അവരുടെ തൊഴില്‍ മേഖല ഇല്ലാതാക്കുന്നതിന്, ഉപദ്രവിക്കുന്നതിന് അപകീര്‍ത്തിപ്പെടുത്തുന്നതിന് രാജ്യവിരുദ്ധരാക്കി മാറ്റുന്നതിന് സംഘപരിവാര്‍ നടത്തുന്ന ശ്രമങ്ങളെ ബോളിവുഡ് താരം സ്വരാഭാസ്‌കറിന്റെ അനുഭവക്കുറിപ്പിലൂടെ വായിച്ചെടുക്കാനാവും.

കലാകാരന്മാര്‍ ചുറ്റുപാടും സംഭവിക്കുന്നതിനോട് പ്രതികരിക്കുമ്പോള്‍ അവരെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ഭീകരതയെ സ്വര ഭാസ്‌കറിന്റെ ജീവിതാനുഭവത്തിലൂടെ നമുക്ക് മനസ്സിലാക്കാനാവും. ചിന്താശേഷിയും ബോധ്യങ്ങളുമായി ജീവിക്കുക എന്നത് അസാധ്യമായ ഒരു അവസ്ഥയിലേക്ക് നമ്മുടെ രാജ്യം എത്തിച്ചേര്‍ന്നിരിക്കുന്നു എന്നാണ് സ്വര ഭാസ്‌കര്‍ നമ്മോട് പറയുന്നത്.

ഇതോടൊപ്പം സിനിമാ ബഹിഷ്‌കരണം എന്ന സിനിമയ്‌ക്കെതിരായുള്ള ദുരുദ്ദേശത്തോടെയുള്ള സംഘപരിവാര്‍ ആഹ്വാനങ്ങളും നടക്കുന്നുണ്ട്. ഭരണകൂട സെന്‍സര്‍ഷിപ്പിന്റെ കത്രികയെക്കുറിച്ചും, സിനിമ നിരസിക്കാനുള്ള പൊതുബോധ നിര്‍മ്മിതിയെ കുറിച്ചും മനസ്സിലാക്കുമ്പോഴാണ് പ്രേക്ഷകന്റെ സിനിമ നിരസിക്കാനുള്ള അവകാശം ജനാധിപത്യപരമാണെന്ന വാദത്തിലെ ശരികേട് നമുക്ക് തിരിച്ചറിയാനാവുക. സിനിമ റിലീസ് ചെയ്ത ശേഷം നിരസിക്കുന്നതും, സിനിമ കാണുന്നതിനു മുമ്പ് തന്നെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസവും മനസ്സിലാക്കാനും നമുക്കായാല്‍ മാത്രമേ ഈ സിനിമാ വിരുദ്ധ പ്രവര്‍ത്തനത്തെ നമുക്ക് ചെറുക്കാനാവുകയുള്ളൂ.

ഒരു പതിറ്റാണ്ടിലേറെയായി തങ്ങളുടേതായ രീതിയില്‍ പ്രത്യേകിച്ചും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ സജീവമായ ശേഷം ഇന്ത്യന്‍ സിനിമ ചരിത്രം തിരുത്തി എഴുതുന്ന പുതുതലമുറ മലയാള സിനിമകളെ കുറിച്ചും, ജാത്യാഹങ്കാരത്തിനെതിരെ നിലകൊള്ളുന്ന തമിഴ് സിനിമയിലെ ഇടിമുഴക്കത്തെ കുറിച്ചും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട ഒന്നാണ്.

ജാതിയെക്കുറിച്ച് സംസാരിക്കാതെ, സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വത്തെക്കുറിച്ചും അടിച്ചമര്‍ത്തലുകളെപ്പറ്റിയും പറയാനാകില്ലെന്ന് തിരിച്ചറിഞ്ഞ സിനിമ പ്രവര്‍ത്തകനായ പാ രഞ്ജിത്തിന്റെ കടന്നുവരവോടെയാണ് തമിഴ് സിനിമയില്‍ ദളിത് നായകനും നായികയ്ക്കും കയ്യടിക്കാന്‍ പ്രാപ്തമാക്കുന്ന വിപ്ലവത്തിന് വഴിയൊരുങ്ങിയത്.

വിവേചനത്തിന്റെയും വെറുപ്പിന്റെയും പ്രത്യയശാസ്ത്രമാണ് ജാതി എന്ന് ഉറക്കെ വിളിച്ചു പറയാന്‍ തമിഴ് സിനിമകള്‍ക്ക് കഴിഞ്ഞു. സമൂഹത്തിന്റെ മാറ്റത്തിന് തിരുത്തലുകള്‍ ആവശ്യമാണെന്നും, അതിനായുള്ള ശ്രമങ്ങള്‍ അനിവാര്യമാണെന്നും അടിവരയിടുന്ന ഇത്തരം സിനിമകള്‍ ഇന്ത്യന്‍ സമൂഹത്തെയാകെ ഹിന്ദുത്വവല്‍ക്കരിക്കാനും, സവര്‍ണ്ണഭൂതകാലത്തിലേക്ക് കൈപിടിച്ചു നടത്താനും ശ്രമിക്കുന്ന ബിഗ് ബജറ്റ് സിനിമകള്‍ക്കുള്ള ബദല്‍ കൂടിയാണ്.

‘നച്ചത്തിറം നഗര്‍ഗിറത്’, ‘കബാലി’, ‘സര്‍പ്പാട്ട പരമ്പരൈ’ തുടങ്ങിയ സിനിമകള്‍ ദളിത് നായകത്വത്തിലൂടെ സമൂഹത്തിന്റെ കണ്ണു തുറപ്പിക്കുന്ന സിനിമകളാണ്. ‘ജയ് ഭീം’ സിനിമയില്‍ ചരിത്രത്തിന്റെ കൊടിയടയാളങ്ങളൊന്നും മായ്ച്ചു കളയാനുള്ള ശ്രമം നടക്കുന്നില്ല എന്നത് ചരിത്രവിരുദ്ധമായ സിനിമകള്‍ സൃഷ്ടിക്കപ്പെടുന്ന കാലത്ത് ശ്രദ്ധേയമായ ഒരു കാര്യമാണ്.

സിനിമയിലെ ചന്ദ്രു എന്ന സി.പി.ഐ.എം പ്രവര്‍ത്തകനും സഹയാത്രികനുമായ അഡ്വക്കേറ്റിനേയും, അദ്ദേഹത്തോടൊപ്പം നീതിക്കുവേണ്ടി പോരാടിയ പ്രവര്‍ത്തകരെയെല്ലാം വളച്ചൊടിക്കാതെ തന്നെ സിനിമയില്‍ നമുക്ക് കാണാനാവും.

അതോടൊപ്പം പാന്‍ ഇന്ത്യന്‍ ഹിറ്റായി മാറിയ ‘പൊന്നിയന്‍ സെല്‍വന്‍’ എന്ന മാസ് ചിത്രം ഹിന്ദുസാമ്രാജ്യത്വത്തെ ചിത്രീകരിക്കാന്‍ നടത്തുന്ന ശ്രമത്തെയും കാണാതിരിക്കരുത്. ചോളയെ ഒരു ഹിന്ദു രാജാവായി ചിത്രീകരിച്ചു കൊണ്ട് ചോള പാരമ്പര്യം സ്വന്തമാക്കാനുള്ള ബി.ജെ.പി ശ്രമമാണിത്.

ദേശീയ ഹിന്ദുബിംബമായി തമിഴ് ദേശീയതയില്‍ നിന്നും ഒരാളെ ഉയര്‍ത്തിക്കാട്ടാന്‍ വേണ്ടിയുള്ള പെടാപ്പാടിന്റെ ഭാഗമായാണിത്. ഇങ്ങനെ പ്രാദേശികതയില്‍ നിന്നും ഹിന്ദുത്വ രാഷ്ട്ര നിര്‍മ്മിതിക്കായുള്ള വേരുകള്‍ കണ്ടെത്തുകയും, അവ ഇന്ത്യയൊട്ടാകെ പ്രചരിപ്പിക്കാനുള്ള മാധ്യമമായി സിനിമയെ തിരഞ്ഞെടുക്കുകയും ചെയ്യുന്ന നിരവധി ഉദാഹരണങ്ങള്‍ നമുക്ക് കാണാനാവും. അതിലൊന്നാണ് കാന്താര സിനിമയിലൂടെയുള്ള അപനിര്‍മ്മാണം.

സിനിമയ്ക്ക് അകത്തും പുറത്തും തങ്ങളുടെ രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള പദ്ധതികള്‍ കൃത്യമായിത്തന്നെ സംഘപരിവാര്‍ മെനഞ്ഞതിന്റെ ബാക്കി പത്രങ്ങളാണ് നാമാഘോഷിച്ച പുതിയകാല ഇന്ത്യന്‍ സിനിമകള്‍. ചരിത്രത്തെ ഹിന്ദുത്വവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള ബൃഹത് പദ്ധതികളുടെ ചുവടുപിടിച്ച് ധാരാളം ചിത്രങ്ങള്‍ ബോളിവുഡില്‍ അടുത്തകാലത്തായി ഇങ്ങനെ പിറവിയെടുത്തിട്ടുണ്ട്.

ധീരരായ ഹിന്ദു രാജാക്കന്മാരുടെയും, അവരുടെ കൃത്രിമമായി സൃഷ്ടിച്ചെടുത്ത വിരേതിഹാസ ചരിത്രത്തിന്റെയും കഥകള്‍ തിരശ്ശീലയെ തീവ്ര ഹൈന്ദവ വികാരത്താല്‍ മയക്കിയ ഒരു അവസ്ഥയാണ് ഇന്നുള്ളത്. ചരിത്രത്തിന്റെ കാവി വല്‍ക്കരണത്തോടൊപ്പം തന്നെ നരേന്ദ്രമോദിയുടെ ധീരമായ നടപടികളെ വാഴ്ത്തി പാടുന്ന ‘ഉറി’ പോലുള്ള ചിത്രങ്ങളും യാദൃശ്ചികമായി സംഭവിച്ചതല്ല.

ഹിന്ദുത്വ പ്രചരണത്തോടൊപ്പം ദളിത്, ന്യൂനപക്ഷ, മുസ്‌ലിം വിരുദ്ധ സിനിമകളും ഇതോടൊപ്പം തന്നെ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. കശ്മീര്‍ ഫയല്‍സ് അത്തരത്തില്‍ സംഘപരിവാറിന് വേണ്ടി നിര്‍മ്മിക്കപ്പെട്ട ഒരു സിനിമയാണ്. യഥാര്‍ത്ഥ പ്രശ്‌നത്തെ മറച്ചു വെച്ചുകൊണ്ട് യഥാര്‍ത്ഥ രാഷ്ട്രീയ സാഹചര്യങ്ങളെ പൂര്‍ണ്ണമായും റദ്ദു ചെയ്യാനുള്ള ശ്രമമാണ് ‘കാശ്മീര്‍ ഫയല്‍സ്’ നടത്തുന്നത്.

സിനിമ പോലൊരു മാധ്യമത്തെ തങ്ങള്‍ക്ക് അനുകൂലമായി പ്രത്യശാസ്ത്രപരമായി നിര്‍വചിച്ചടുക്കാനുള്ള വലിയ പദ്ധതിയാണ് സംഘപരിവാര്‍ ഇതിലൂടെ നടത്തുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ മാനവികതയുടെ ബദലായ കേരളത്തെ അപമാനിക്കുന്നതിനും അപനിര്‍മ്മിക്കുന്നതിനുമായുള്ള ശ്രമത്തിന്റെ ഭാഗമായി കൊണ്ടു വന്ന ‘കേരള സ്റ്റോറി’ ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട ഒന്നു തന്നെയാണ്.

മതനിരപേക്ഷമായ ഒരു സമൂഹത്തെ തെറ്റായ ചിത്രീകരിക്കാനുള്ള വിഫലമായ ശ്രമമായിരുന്നത്. ചരിത്രത്തെ മാത്രമല്ല, വര്‍ത്തമാനകാലാനുഭവങ്ങളേയും വക്രീകരിവതരിപ്പിക്കാനുള്ള ശ്രമമായി അവതരിപ്പിക്കപ്പെട്ട ‘2018’ ഭാവികാലത്തേക്കുള്ള ഒരു നിക്ഷേപമാണ്. കേരള ചരിത്രം നാളെ തിരയുമ്പോള്‍ നൂറ്റാണ്ടിലെ മഹാപ്രളയത്തെ നാം നേരിട്ടതെങ്ങെയെന്ന് ഇതിലൂടെ തെറ്റായി പഠിപ്പിക്കാനാവും.

അതു കൊണ്ടു തന്നെ ചരിത്രത്തിലും, വര്‍ത്തമാനത്തിലും നഞ്ഞു കലര്‍ത്തി നിര്‍മ്മിക്കപ്പെടുന്ന സിനിമകള്‍ ഭാവിയിലെ ചരിത്ര രേഖകയായാണ് മാറുക. ഇതിനെ അതാതു കാലത്തു തന്നെ തുറന്നു കാണിക്കാനും, തുറന്നെതിര്‍ക്കാനും സിനിമാപേമികള്‍ക്ക് ഒന്നടങ്കമാകണം. ഹിന്ദുത്വം കലര്‍ത്തി നിര്‍മ്മിക്കുന്ന പുതിയ ദേശീയതക്ക് സിനിമയെ ചെയോഗിക്കുന്നതിനെ കുറിച്ചറിയാന്‍ നമ്മെ സഹായിക്കുന്ന പുസ്തകമാണ് പ്രശസ്ത സിനിമാ നിരൂപകന്‍ ജി.പി.രാമചന്ദ്രന്‍ എഡിറ്റു ചെയ്ത് ചിന്ത പബ്ലിഷേഴ്‌സ് പുറത്തിറക്കിയ ‘സിനിമയും ദേശീയതയും’. ഇതു സംബന്ധിച്ച ആഴത്തിലുള്ള പഠനത്തിന് പുസ്തകം നമ്മെ സഹായിക്കും.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ യാതൊരു പങ്കുമില്ലാത്ത ഹിന്ദുത്വവാദികള്‍ കൃത്രിമമായി കെട്ടിച്ചമച്ച ചരിത്രത്തിലൂടെ രാജ്യത്തിന്റെ അവകാശം നേടിയെടുക്കാനുള്ള നിരവധിയായ ശ്രമങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ് സിനിമയിലും അവര്‍ ഇടപെടുന്നതെന്ന് നാമറിയണം. സിനിമയുടെ ബഹുജന സ്വഭാവത്തെ തന്ത്രപരമായി ഉപയോഗിക്കുകയും ഹിന്ദുത്വത്തിന് അനുകൂലമായ മനുഷ്യമനസ്സുകളെയും സമൂഹത്തെയും സൃഷ്ടിക്കുന്നതില്‍ വിജയിക്കുകയും ചെയ്യുന്നുണ്ട്.

സംഘപരിവാര്‍ രൂപപ്പെടുത്തുന്ന ദേശീയതയ്ക്ക് അനുകൂലമായ പൊതുസമൂഹത്തെ രൂപീകരിക്കുന്നതിന് സിനിമ എന്ന കലാരൂപം ഉപയോഗിക്കപ്പെടുന്നത് തിരിച്ചറിയാനും, സംഘപരിവാറിന്റെ ഇത്തരം ശ്രമങ്ങളെ തുറന്നുകാണിക്കാനും നമുക്കാവണം. പാഠപുസ്തകങ്ങള്‍ തിരുത്തിയെഴുതി സംഘപരിവാറിന് അനുകൂലമായ സിലബസ്സുകള്‍ നിറക്കുമ്പോള്‍, ഇതിനു സമാനമായി അല്ലെങ്കില്‍ സമാന്തരമായി സിനിമയിലും തിരക്കഥയില്‍ ‘ഹിന്ദുത്വ’ കൈകടത്തലുകള്‍ നടക്കുന്നുണ്ട്.

സിനിമ കാണുകയും, ആഘോഷിക്കുകയും ചെയ്യുന്നതിനോടൊപ്പം കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ക്കിടയിലൂടെ കടത്തിവിടുന്ന കാവി രാഷ്ട്രീയത്തെ കൃത്യമായി മനസ്സിലാക്കാനും ക്രിയാത്മകമായി പ്രതിരോധിക്കാനും സിനിമാസ്വാദകരും വിമര്‍ശകരും ഒരുപോലെ മുന്നോട്ട് വരണം. സിനിമയെ ഹിന്ദുത്വത്തിന്റെ തൊഴുത്തില്‍ കൊണ്ടുപോയി കെട്ടാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കാനും നമുക്കാവണം.

പി.ടി. രാഹേഷ്
പി.ടി.രാഹേഷ്. പാലക്കാട് ജില്ലയിലെ മുതുതല സ്വദേശി. കോവിഡ് കാല അനുഭവങ്ങളുടെ സമാഹാരമായ 'ബൂസ്റ്റര്‍ഡോസ്' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും എഴുതാറുണ്ട്. കുട്ടികള്‍ക്കിടയില്‍ ബദല്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു.