| Sunday, 1st April 2018, 10:14 pm

ക്രൈസ്തവ ദേവാലയത്തിന് നേരെയുള്ള അക്രമം: സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ കര്‍ശനമായി നേരിടുമെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തില്‍ നിലനില്‍ക്കുന്ന സാമുദായിക സൗഹാര്‍ദ്ദം തകര്‍ത്ത് മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്ന ഇത്തരം ഛിദ്രശക്തികള്‍ക്കെതിരായി സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതസ്പര്‍ദ്ധയും സാമുദായിക സംഘര്‍ഷവും സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ സര്‍ക്കാര്‍ കര്‍ശനമായി നേരിടുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലിട്ട കുറിപ്പില്‍ വ്യക്തമാക്കി.

“മാവേലിക്കര നൂറനാട് കരിമുളയ്ക്കല്‍ സെന്റ് ഗ്രിഗോറിയസ് ഓര്‍ത്തഡോക്‌സ് പള്ളി വക കെട്ടിടം നശിപ്പിച്ചതും കുര്‍ബാനയ്ക്കെത്തിയ വികാരിയെ തടഞ്ഞു വച്ചതും കാസര്‍കോട് കാഞ്ഞിരങ്ങാട് പള്ളി ആക്രമിച്ചതും അത്യന്തം അപലപനീയമായ ഹീന കൃത്യങ്ങളാണ്. രണ്ട് സംഭവങ്ങളിലും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. നൂറനാട് സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെയും കാസര്‍കോട് ഒരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്” മുഖ്യമന്ത്രി പറഞ്ഞു.


Read Also : ശാസ്ത്ര സാമൂഹ്യ വിരുദ്ധ പ്രഭാഷണം;രജത് കുമാറിനെ ബോധവത്ക്കരണ പരിപാടികളില്‍ പങ്കെടുപ്പിക്കരുതന്ന് ആരോഗ്യമന്ത്രിയുടെ ഉത്തരവ്


ഈസ്റ്റര്‍ ആഘോഷത്തിന് മുന്നൊരുക്കം നടത്തവെയാണ് കാസര്‍ഗോഡ് കാഞ്ഞങ്ങാടിനടുത്ത് മേലെടുക്കത്ത് ലൂര്‍ദ് മാതാ പള്ളിയ്ക്ക് നേരെ ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകരുടെ അക്രമമുണ്ടായത്. കല്ലേറില്‍ പള്ളിയുടെ ചില്ലുകള്‍ പൂര്‍ണമായി തകര്‍ന്നിരുന്നു. റിപ്പോര്‍ട്ടര്‍ ടി.വിയാണ് ഇത് സംബന്ധിച്ച് വാര്‍ത്ത് പുറത്ത് വിട്ടത്. പരിവര്‍ത്തന ക്രൈസ്തവ സമൂഹം താമസിക്കുന്ന കോളനി കൂടിയായ പ്രദേശത്ത് യാതോരു പ്രകോപനവുമില്ലാതെയാണ് ആക്രമണം നടന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

ആക്രമണം തടയാന്‍ ശ്രമിച്ച സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി ജെയിംസ്,നന്ദു, തങ്കം എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കറ്റവരെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ ഒരാളെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളെജിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ  പൂര്‍ണ്ണരൂപം

മാവേലിക്കര നൂറനാട് കരിമുളയ്ക്കല്‍ സെന്റ് ഗ്രിഗോറിയസ് ഓര്‍ത്തഡോക്‌സ് പള്ളി വക കെട്ടിടം നശിപ്പിച്ചതും കുര്‍ബാനയ്ക്കെത്തിയ വികാരിയെ തടഞ്ഞു വച്ചതും കാസര്‍കോട് കാഞ്ഞിരങ്ങാട് പള്ളി ആക്രമിച്ചതും അത്യന്തം അപലപനീയമായ ഹീന കൃത്യങ്ങളാണ്. കേരളത്തില്‍ നിലനില്‍ക്കുന്ന സാമുദായിക സൗഹാര്‍ദ്ദം തകര്‍ത്ത് മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്ന ഇത്തരം ഛിദ്രശക്തികള്‍ക്കെതിരായി സമൂഹം ജാഗ്രത പുലര്‍ത്തണം. മതസ്പര്‍ദ്ധയും സാമുദായിക സംഘര്‍ഷവും സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ സര്‍ക്കാര്‍ കര്‍ശനമായി നേരിടും. മേല്‍പ്പറഞ്ഞ രണ്ട് സംഭവങ്ങളിലും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. നൂറനാട് സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെയും കാസര്‍കോട് ഒരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more