സംഘപരിവാര്‍ പ്രചരണം പൊളിയുന്നു; നെടുമങ്ങാട്ട് പൊലീസ് സ്റ്റേഷനില്‍ ബോംബെറിഞ്ഞത് ആര്‍.എസ്.എസ് നേതാവ് പ്രവീണ്‍: ദൃശ്യങ്ങള്‍ പുറത്ത്
Kerala News
സംഘപരിവാര്‍ പ്രചരണം പൊളിയുന്നു; നെടുമങ്ങാട്ട് പൊലീസ് സ്റ്റേഷനില്‍ ബോംബെറിഞ്ഞത് ആര്‍.എസ്.എസ് നേതാവ് പ്രവീണ്‍: ദൃശ്യങ്ങള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th January 2019, 2:36 pm

 

തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷനു മുന്നിലേക്ക് ബൊംബെറിഞ്ഞത് ആര്‍.എസ്.എസ് ജില്ലാ പ്രചാരക് പ്രവീണ്‍. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രവീണാണ് ബോംബെറിഞ്ഞതെന്ന് വ്യക്തമായത്.

ഹര്‍ത്താല്‍ ദിവസം നാലു ബോംബുകളാണ് പൊലീസ് സ്റ്റേഷനിലേക്ക് എറിഞ്ഞത്. പൊലീസുകാരുള്‍പ്പെടെ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് രണ്ടു ബോംബുകള്‍ സി.പി.ഐ.എം മാര്‍ച്ചിനു നേരെയും എറിഞ്ഞു.

സ്റ്റേഷനുമുമ്പിലേക്ക് ബോംബെറിഞ്ഞത് സി.പി.ഐ.എം പ്രവര്‍ത്തകരാണെന്ന് ആര്‍.എസ്.എസും ബി.ജെ.പിയും ആരോപിച്ചിരുന്നു.

Also read:ശുദ്ധികലശം: തന്ത്രിക്കെതിരെ ബിന്ദുവും കനകദുര്‍ഗയും നിയമനടപടിക്ക്

നൂറനാട് സ്വദേശിയാണ് പ്രവീണ്‍. ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചു. ഒരു വ്യാപാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചകേസില്‍ പ്രതിയാണ് പ്രവീണെന്നാണ് പൊലീസ് പറയുന്നത്. ഈ സംഭവത്തില്‍ പ്രവീണിനെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റു ചെയ്തിരുന്നില്ല.

ഹര്‍ത്താലുമായി ബന്ധപ്പെട്ട് സ്വകാര്യ ബാങ്ക് അടക്കാന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ശ്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കം. നെടുമങ്ങാട് എസ്.ഐ ബാങ്കിലെത്തുകയും നിര്‍ബന്ധിച്ച് ബാങ്ക് അടപ്പിക്കാന്‍ ശ്രമിച്ച ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാല്‍ എസ്.ഐ.യേയും പൊലീസിനെയും ആക്രമിച്ച് ഹര്‍ത്താല്‍ അനുകൂലികള്‍ ഇവരെ രക്ഷപ്പെടുത്തിയിരുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ചിലരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതോടെയാണ് സ്‌റ്റേഷനുനേരെ ബോംബെറിഞ്ഞത്.