| Friday, 25th January 2019, 1:06 pm

പ്രിയനന്ദനെ ആക്രമിച്ചത് ആര്‍.എസ്.എസ് പ്രവര്‍ത്തകനെന്ന് പൊലീസ്; അക്രമം വെച്ചു പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: സംവിധായകന്‍ പ്രിയനന്ദന് നേര്‍ക്ക് ആക്രമണം നടത്തിയത് ആര്‍.എസ്.എസുകാരനായ സരോവര്‍ എന്നയാളാണെന്ന് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വര്‍ഗീസ്. ഇയാളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

പ്രിയനന്ദന് നേരെ ഉണ്ടായ അക്രമം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ഒരു ഫേസ് ബുക്ക് പോസ്റ്റിന്റെ പേരില്‍ സംഘപരിവാര്‍ സംഘടകള്‍ ഭീഷണിപ്പെടുത്തുകയും സൈബര്‍ ആക്രമണം നടത്തുകയും ചെയ്യുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കടന്ന് കയറ്റമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഒരു കാരണവശാലും വച്ച് പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാവിലെയാണ് വീടിനടുത്ത് വെച്ച് പ്രിയനന്ദനന്‍ അക്രമത്തിനിരയായത്. അക്രമി മര്‍ദ്ദിക്കുകയും തലയിലേക്ക് ചാണകവെള്ളം ഒഴിക്കുകയുമായിരുന്നു. അയ്യപ്പന് എതിരെ പറയാന്‍ നീ ആരെടാ എന്ന് ചോദിച്ച് തലയിലേക്ക് ചാണകവെളളം ഒഴിക്കുകയും ചെവിയുടെ ഭാഗത്തായി അടിക്കുകയുമായിരുന്നു.

സംഭവം സംഘപരിവാര്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയതെന്നാണെന്ന് പ്രിയനന്ദന്റെ സുഹൃത്തും നടനുമായ ഇര്‍ഷാദ് അലി ഡൂള്‍ന്യൂസിനോട് പ്രതികരിച്ചിരുന്നു. പല കേന്ദ്രങ്ങളില്‍ നിന്നും ഇത്തരമൊരു ആക്രമണമുണ്ടാകുമെന്ന് വിവരം ലഭിച്ചിരുന്നെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോടു പറഞ്ഞു.

We use cookies to give you the best possible experience. Learn more