Advertisement
national news
ഗാന്ധിവധത്തിനുശേഷം ആര്‍.എസ്.എസിനെ വിലക്കിയതും അത് പിന്‍വലിച്ചതുമായ രേഖകള്‍ 'കാണാനില്ല'; കൈയ്യൊഴിഞ്ഞ് കേന്ദ്രസര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 19, 12:05 pm
Thursday, 19th September 2019, 5:35 pm

ന്യൂദല്‍ഹി: ഗാന്ധിവധത്തെത്തുടര്‍ന്ന് ആര്‍.എസ്.എസിന് ഏര്‍പ്പെടുത്തിയ വിലക്ക് തൊട്ടടുത്തവര്‍ഷം പിന്‍വലിച്ചതു സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഫയല്‍ കാണുന്നില്ലെന്ന് പരാതി. 1948-ല്‍ ഗാന്ധിയുടെ കൊലപാതകത്തോടെയാണ് ആര്‍.എസ്.എസിനെ വിലക്കിയത്. തൊട്ടടുത്ത വര്‍ഷം തന്നെ ഇതു പിന്‍വലിച്ചിരുന്നു.

ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിവരാവകാശ പ്രവര്‍ത്തകനായ വെങ്കടേഷ് നായക്കാണ് ഇതുസംബന്ധിച്ച ഫയല്‍ ലഭിക്കാനായി ഏറെ അലഞ്ഞത്.

എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നു തങ്ങള്‍ക്ക് ഇതുവരെ ആ ഫയല്‍ അയച്ചിട്ടില്ലെന്നായിരുന്നു നാഷണല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ മറുപടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ജൂലൈയില്‍ മന്ത്രാലയത്തില്‍ ഇതിനായി നായക് ഒരു വിവരാവകാശ അപേക്ഷ നല്‍കി. വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിന്റെയും അതു പിന്‍വലിച്ച ഉത്തരവിന്റെയും പകര്‍പ്പുകളാണ് നായക് ചോദിച്ചത്.

എന്നാല്‍ തങ്ങളുടെ കൈവശം ഈ രേഖകള്‍ ഇല്ലെന്നായിരുന്നു മന്ത്രാലയത്തിന്റെ മറുപടിയെന്നാണ് നായക് പറയുന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി വി.എസ് റാണയായിരുന്നു മറുപടി നല്‍കിയത്.

തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 28-ന് വീണ്ടും നായക് അപേക്ഷ നല്‍കി. ഓണ്‍ലൈനായി നല്‍കിയ അപേക്ഷയില്‍, രേഖകള്‍ നശിച്ചുപോയാല്‍ ആര്‍ക്കാണ് ഉത്തരവാദിത്വം എന്നതിനെപ്പറ്റി ചോദിക്കുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ആര്‍.എസ്.എസിന്റെ വിലക്ക് സംബന്ധിച്ച ഒരു രേഖയും തങ്ങളുടെ കൈവശം ഇല്ലെന്നായിരുന്നു ഇത്തവണയും മന്ത്രാലയത്തിന്റെ മറുപടി.

കാണാതായ രേഖകളെപ്പറ്റി കേന്ദ്ര വിവരാവകാശ കമ്മീഷന് ഒരു പരാതി നല്‍കാനൊരുങ്ങുകയാണ് നായക് ഇപ്പോള്‍.