| Thursday, 19th September 2019, 11:43 pm

വേദകീര്‍ത്തനം, ഉപനിഷത് വാക്യം, മരച്ചുവട്ടിലെ പഠനം; ആര്‍.എസ്.എസിന്റെ പിന്തുണയോടെ വി.എച്ച്.പിയുടെ സര്‍വകലാശാല അടുത്തവര്‍ഷം മുതല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആര്‍.എസ്.എസിന്റെ പിന്തുണയോടെ ആരംഭിക്കുന്ന രാജ്യത്തെ ആദ്യത്തെ സര്‍വകലാശാല അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും. ആര്‍.എസ്.എസിന്റെ സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ (വി.എച്ച്.പി) നേതൃത്വത്തിലുള്ള അശോക് സിംഗാള്‍ വേദ് വിജ്ഞാന്‍ ഏകം പ്രത്യോഗിക് വിശ്വവിദ്യാലയം ഗുരുഗ്രാമിലാണ് അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

പ്രാചീന വേദകാലത്തെ വിദ്യാഭ്യാസ രീതിയിലായിരിക്കും ഇവിടുത്തെ വിദ്യാഭ്യാസം എന്നാണ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആധുനിക വിദ്യാഭ്യാസവും വേദപഠനവും ഉള്‍കൊള്ളുന്ന കരിക്കുലമാണ് ആവിഷ്‌കരിക്കുന്നത്. വേദ കാലഘട്ടത്തിലെ ഗുരുകുല രീതികള്‍ ഉള്‍കൊള്ളുന്ന പശ്ചാത്തലമാണ് കാമ്പസില്‍ ഒരുക്കുക.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വേദകീര്‍ത്തനങ്ങളും ഉപനിഷത് വാക്യങ്ങളും പ്രതിധ്വനിക്കുന്ന രീതിയിലായിരിക്കും കാമ്പസ്. ഒപ്പം ഗീതയിലെ ശ്ലോകങ്ങളും കേള്‍ക്കാം. ഇത് രാവിലെയും വൈകിട്ടും പൊതു ഉച്ചഭാഷിണികളിലൂടെ കേള്‍പ്പിക്കും. സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഒരു വ്യക്തി എ.എന്‍.ഐയോട് വ്യക്തമാക്കി.

മാത്രമല്ല, മരച്ചുവട്ടില്‍ പഠിപ്പിക്കുന്ന രീതിയായിരിക്കും ഇവിടെ അവലംബിക്കുക.

സര്‍വകലാശാലയില്‍ ഒരു വേദിക് ടവര്‍ ഉണ്ടായിരിക്കും. ഒരോ വേദത്തിന്റെയും അര്‍ഥം വ്യക്തമാക്കുന്ന ശബ്ദ-ദൃശ്യ പ്രദര്‍ശനം ഇവിടെ ലഭ്യമാകും. വേദത്തിന്റെ അര്‍ത്ഥം ഇതിന്റെ ചുമരുകളില്‍ ഉണ്ടാകും. ഗോ ശാല, അമ്പലം, ധ്യാനകേന്ദ്രം, ഭക്ഷണശാല ഇങ്ങനെയുള്ള സംവിധാനങ്ങളും ഇതിനോട് അനുബന്ധിച്ചുണ്ടാകും. 39.68 ഏക്കറിലാണ് സര്‍വ്വകലാശാല ഒരുങ്ങുന്നത്. വിവിധ ഘട്ടങ്ങളായി നിര്‍മ്മാണം പൂര്‍ത്തിയാക്കും.

ആധുനിക ശാസ്ത്രകാരന്മാര്‍, സാങ്കേതിക വിദഗ്ധര്‍, പരമ്പരാഗത വേദ പണ്ഡിതര്‍ എന്നിവരെ സംയോജിപ്പിച്ചാണ് പ്രവര്‍ത്തനരീതി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൃഷി, വാസ്തുശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം, ലിപി വിജ്ഞാനം, യുദ്ധതന്ത്രം, ആഭ്യന്തര സുരക്ഷ, ഗണിതം ഇത്തരത്തില്‍ ഇരുപതോളം വിഷയങ്ങള്‍ ഇവിടെ പഠിപ്പിക്കാനും ഗവേഷണത്തിനും സൗകര്യമുണ്ടാകും.

2019-ലെ ദേശീയ വിദ്യഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍വകലാശാല പ്രവര്‍ത്തിക്കുക. 20 കൊല്ലം വി.എച്ച്.പിയുടെ അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന അശോക് സിംഗാളിന്റെ പേരിലാണ് സര്‍വകലാശാല.

We use cookies to give you the best possible experience. Learn more