ന്യൂദല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷകളില്‍ മുസ്‌ലീം സമുദായത്തില്‍പ്പെട്ടവര്‍ കൂടുതലായി എത്തുന്നുണ്ടെന്നും ഇതിന് പിന്നില്‍ ചില ഗൂഢാലോചനകളുണ്ടെന്നുമുള്ള സംഘപരിവാര്‍ അനുകൂല ചാനലായ സുദര്‍ശന്‍ ടിവിയുടെ പരാമര്‍ശം വിവാദമായിരിക്കെ സിവില്‍ സര്‍വീസ് പരീക്ഷകളില്‍ തെരഞ്ഞെടുക്കപ്പെടുന്നവരില്‍ പകുതി പേരും ആര്‍.എസ്.എസ് സ്ഥാപനത്തില്‍ നിന്നെന്ന റിപ്പോര്‍ട്ട് പുറത്ത്.
കഴിഞ്ഞ സിവില്‍ സര്‍വീസ് പരീക്ഷയില്‍ യു.പി.എസ്.സി തിരഞ്ഞെടുത്ത 829 പേരില്‍ 476 പേരും ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സങ്കല്‍പ്പ് ഫൗണ്ടേഷനില്‍ പരിശീലനം നേടിയവരാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. സങ്കല്‍പ്പ് ഫൗണ്ടേഷന്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഫൗണ്ടേഷന്‍ പുറത്തുവിട്ട കണക്കുപ്രകാരം കഴിഞ്ഞ വര്‍ഷം സിവില്‍ സര്‍വീസ് നേടിയ 61 ശതമാനം പേരും സങ്കല്‍പ് ഫൗണ്ടേഷനില്‍ നിന്നുള്ളവരാണ്. ഫൗണ്ടേഷന്‍ അവരുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന കണക്ക് പ്രകാരം 2018 ല്‍ യു.പി.എസ്.സി തിരഞ്ഞെടുത്ത 990 പേരില്‍ 649 പേര്‍ ഇവരുടെ സ്ഥാപനത്തില്‍ നിന്ന് പരീശീലനം നേടിയവരാണെന്ന് പറയുന്നുണ്ട്.
2015 ല്‍ 1236 പേരില്‍ 670 പേരും 2016 ല്‍ 1078 പേരില്‍ 648 പേരും 2017 ല്‍ 1099 പേില്‍ 689 പേരുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
തങ്ങള്‍ മറ്റുള്ള കോച്ചിങ് സെന്ററുകളില്‍ നിന്നും വ്യത്യസ്തമായാണ് പ്രവര്‍ത്തിക്കുന്നതെന്നും സിവില്‍ സര്‍വീസ് കോച്ചിങ് രംഗത്ത് രാജ്യത്തെ മികച്ച സ്ഥാപനങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണെന്നുമാണ് ഫൗണ്ടേഷന്‍ പറയുന്നത്.
മറ്റ് കോച്ചിങ് സെന്ററുകളെ അപേക്ഷിച്ച് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് തങ്ങളുടേതെന്നുമാണ് ഇവര്‍ അകാശപ്പെടുന്നത്. മാധ്യമങ്ങളുമായി അധികം ഇടപഴകാതെ വലിയ ബഹളങ്ങളൊന്നും സൃഷ്ടിക്കാതെയുള്ള പ്രവര്‍ത്തനമാണ് തങ്ങളുടേത്.
ഞങ്ങള്‍ക്ക് പബ്ലിസിറ്റിയുടെ ആവശ്യമില്ല. കഴിഞ്ഞ 30 വര്‍ഷമായി മാധ്യമങ്ങളുമായി ബന്ധപ്പെടാതെയാണ് തങ്ങളുടെ പ്രവര്‍ത്തനമെന്നും ഫൗണ്ടേഷനിലെ മുതിര്‍ന്ന ഓഫീസറും ദല്‍ഹി മുന്‍ പൊലീസ് കമ്മീഷണറുമായ ആര്‍.എസ് ഗുപ്ത പറഞ്ഞു. 34 വര്‍ഷം മുന്‍പാണ് സങ്കല്‍പ്പ് ഫൗണ്ടേഷന്‍ സ്ഥാപിതമായത്.
അതേസമയം സങ്കല്‍പ്പ് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന മിക്ക പരിപാടികളിലും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളും കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടെ പങ്കെടുക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം സങ്കല്‍പ്പ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പാരിടിയില്‍ ആഭ്യന്തരമന്ത്രി അമിത്ഷായും മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് കൃഷ്ണഗോപാലുമാണ് പങ്കെടുത്തത്.
ഫൗണ്ടേഷന്റെ ഫോട്ടോ ഗ്യാലറി പരിശോധിക്കുമ്പോള്‍ സ്മൃതി ഇറാനി, പ്രകാശ് ജാവദേക്കര്‍, രമേഷ് പൊക്രിയാല്‍ തുടങ്ങിയ പ്രധാനപ്പെട്ട ബി.ജെ.പി നേതാക്കള്‍ക്കൊപ്പമുള്ള വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ കാണാം. ആര്‍.എസ്.എസുമായും ഫൗണ്ടേഷനുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ടിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്രസ്ഥാപനാണ് ഇതെന്നായിരുന്നു ഗുപ്തയുടെ മറുപടി.
ആര്‍.എസ്.എസിന്റെ പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനം തന്നയാണ് സങ്കല്‍പ്പ് എന്നും എന്നാല്‍ ആര്‍.എസ്.എസ് അഫ്‌ലിയേറ്റഡ് ബോഡി എന്ന് വിളിക്കാനാവില്ലെന്നുമായിരുന്നു ഫൗണ്ടേഷനുമായി ബന്ധമുള്ള പേരു വെളിപ്പെടുത്താനാകാത്ത ഒരാള്‍ ദി പ്രിന്റിനോട് പ്രതികരിച്ചത്.
യു.പി.എസ്.സി നേടാന്‍ ആഗ്രഹമുള്ള ആര്‍.എസ്.എസുകാര്‍ക്കും അനുഭാവികള്‍ക്കും പരിശീലനം നല്‍കുന്നതിന് വേണ്ടി 1980 ല്‍ ആരംഭിച്ചതാണ് ഈ ഫൗണ്ടേഷനെന്നും ഇദ്ദേഹം പറഞ്ഞു. ഇടത് സ്വഭാവമുള്ള ജെ.എന്‍.യു അടക്കമുള്ള ക്യാമ്പസുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ വലിയ രീതിയില്‍ സിവില്‍ സര്‍വീസുകള്‍ നേടിയെടുക്കുന്ന ഒരു ഘട്ടത്തില്‍ കൂടിയാണ് ഇത്തരമൊരു ഫൗണ്ടേഷന്റെ ആവശ്യകതയെ കുറിച്ച് ആലോചന വന്നത്. ബ്യൂറോക്രസിയില്‍ ദേശീയവാദികളായ ചിലര്‍ വേണമെന്ന ആലോചനയെ തുടര്‍ന്നാണ് ഫൗണ്ടേഷന്‍ ആരംഭിക്കുന്നത്.
ഇപ്പോള്‍ നിങ്ങള്‍ ദേശീയവാദികളായ ബ്യൂറോക്രാറ്റുകളെ കണ്ടുതുടങ്ങി. എന്നാല്‍ അക്കാലത്ത് അങ്ങനയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: RSS-backed coaching institute, Samkalp Foundation grooming ‘nationalist’ civil servants