തൃശൂര്‍: സംവിധായകന്‍ പ്രിയനന്ദനെ ആക്രമിച്ച കേസില്‍ ആര്‍.എസ്.എസ് പ്രവര്‍കന്‍ അറസ്റ്റില്‍. ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തകനായ സരോവര്‍ ആണ് അറസ്റ്റിലായത്.
പ്രതി ബസ്സില്‍ കൊടുങ്ങല്ലൂരേക്ക് രക്ഷപ്പെട്ടു എന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രിയനന്ദനന്റെ ശബരിമല പോസ്റ്റില്‍ പ്രകോപിതനായാണ് ഇത് ചെയ്തതെന്ന് സരോവര്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അല്‍പ സമയത്തിനകം തന്നെ ഇയാളെ കോടതിയില്‍ ഹാജരാക്കും.
ഇന്ന് രാവിലെയായിരുന്നു പ്രിയനന്ദനന് നേരെ ആക്രമണം നടന്നത്. അദ്ദേഹത്തെ മര്‍ദ്ദിക്കുകയും തലയില്‍ ചാണകവെള്ളം ഒഴിക്കുകയുമായിരുന്നു. തന്നെ ആക്രമിച്ചത് ആര്‍.എസ്.എസുകാര്‍ ആണെന്ന് പ്രിയനന്ദനന്‍ പറഞ്ഞിരുന്നു.
ശബരിമല വിഷയത്തില്‍ പ്രിയനന്ദനന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ മാപ്പ് പറയില്ലെന്ന് നേരത്തെ പ്രിയനന്ദനന്‍ വ്യക്തമാക്കിയിരുന്നു. പോസ്റ്റിലെ ഭാഷ മോശമെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് പോസ്റ്റ് പിന്‍വലിച്ചതെന്നും എന്നാല്‍ നിലപാടില്‍ മാറ്റമില്ലെന്നും പ്രിയനന്ദനന്‍ പറഞ്ഞിരുന്നു.
വലിയ വിമര്‍ശനവും സൈബര്‍ ആക്രമണവും ഉണ്ടായതിനെത്തുടര്‍ന്ന് വിവാദ പോസ്റ്റ് പ്രിയനന്ദനന്‍ ഡിലീറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് താന്‍ വീട്ടില്‍ തന്നെയുണ്ടെന്നും കൊല്ലാനാണെങ്കിലും വരാം, ഒളിച്ചിരിക്കില്ല എന്ന് മറ്റൊരു പോസ്റ്റും പ്രിയനന്ദനന്‍ ഫേസ്ബുക്കില്‍ എഴുതിയിരുന്നു.
സ്ത്രീകളേയും അയ്യപ്പ വിശ്വാസികളേയും അപമാനിക്കുന്നതാണ് പ്രിയനന്ദനന്റെ പോസ്റ്റ് എന്ന നിലപാടുമായി ബി.ഗോപാലകൃഷ്ണന്‍ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
പ്രിയനന്ദനന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് സംഘപരിവാര്‍ അനുകൂലികള്‍ സാമൂഹ്യമാധ്യമങ്ങളിലും ഉയര്‍ത്തിയത്. പോസ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബി.ജെ.പി അറിയിച്ചിരുന്നു.
മാപ്പ് പറയാത്ത പക്ഷം അദ്ദേഹത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായ സൈലന്‍സര്‍ എന്ന സിനിമ, വെളിച്ചം കാണില്ലെന്നും സംഘപരിവാര്‍ ഭീഷണി മുഴക്കിയിരുന്നു.