| Sunday, 14th April 2019, 2:01 pm

ഫൈസലിന്റെ സഹോദരി പുത്രന്മാര്‍ക്കെതിരെ വധഭീഷണി; ആര്‍.എസ്.എസ് പ്രവര്‍ത്തകനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തു

അലി ഹൈദര്‍

കോഴിക്കോട്: ഇസ്‌ലാമിലേക്ക് മതം മാറിയതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട കൊടിഞ്ഞി ഫൈസലിന്റെ സഹോദരി പുത്രന്‍മാര്‍ക്കെതിരെ വധഭീഷണി മുഴക്കിയ ആര്‍.എസ്.എസ് പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു. മതസ്പര്‍ദ്ദ വളര്‍ത്തല്‍ ( 153 മ ) എന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കൊടിഞ്ഞി ഫാറുഖ് നഗര്‍ പൊന്നാട്ടില്‍ ബൈജു എന്നയാള്‍ക്കെതിരെ തിരുരങ്ങാടി പൊലീസ് കേസെടുത്തത്.

തിരൂരങ്ങാടി പൊലീസ് സി.ഐക്ക് മുമ്പാകെ സഹോദരിയും മകനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി പള്ളിയില്‍ നമസ്‌കാരം കഴിഞ്ഞ് തിരിച്ച് വരുമ്പോഴായിരുന്നു ഇവര്‍ക്കെതിരെ വധഭീഷണി മുഴക്കിയത്. കുട്ടികളെ വധിക്കുമെന്നും എല്ലാത്തിനേയും നുള്ളിക്കളയുമെന്നുമായിരുന്നു ഭീഷണി. ഫൈസലിന്റ കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാളെ തിരൂരങ്ങാടി പൊലിസ് നേരത്തെ ചോദ്യം ചെയ്തുവിട്ടിരുന്നു.

അതേസമയം കൊടിഞ്ഞിയില്‍ ക്രമസമാധാന വിഷയമില്ലെന്നും നിലവില്‍ സമാധാനപരമായി ജീവിച്ചു പോകണമെന്നാഗ്രഹിക്കുന്നവരാണുള്ളതെന്നും തിരുരങ്ങാടി സി.ഐ റഫീഖ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. കൊടിഞ്ഞി ഫൈസലിന്റെ സഹോദരിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സംഭവത്തില്‍ എത്രയും വേഗം അന്വേഷിച്ച് വേണ്ട നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭീഷണിമുഴക്കിയ സാഹചര്യത്തില്‍ കൊടിഞ്ഞിയില്‍ ഇന്ന് വിവിധ പാര്‍ട്ടി പ്രതിനിധികളുടെ നേതൃത്വത്തില്‍ സമാധാന യോഗം നടന്നു. ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ മുസ്ലിം ലീഗ്, സി.പി.ഐ.എം, ബി.ജെ.പി, എസ്.ഡി.പി.ഐ തുടങ്ങിയ പാര്‍ട്ടികളുടെ പ്രതിനിധികളും മഹല്ലു ഭാരവാഹികളും തിരുരങ്ങാടി സി.ഐയുമാണ് പങ്കെടുത്തത്.

നാട്ടില്‍ സമാധാനം നിലനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ പൊലീസിന്റെ ഭാഗത്തു നിന്ന് ഉറപ്പു വരുത്തണമെന്ന് കൊടിഞ്ഞിയിലെ യൂത്ത് ലീഗ് പ്രസിഡന്റ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. സംഭവത്തില്‍ ലാഘവത്തോടെയുള്ള സമീപനമാണ് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും ചില സംഘടനകള്‍ക്ക് ഇത് മുതലെടുക്കാന്‍ അവസരം ഉണ്ടാക്കിക്കൊടുത്തെന്നും യൂത്ത് ലീഗ് പ്രസിഡന്റ് ആരോപിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ കൊടിഞ്ഞിയില്‍ പ്രകടനം നടത്തിയിരുന്നെന്നും ഈ സാഹചര്യത്തില്‍ വധഭീഷണി മുഴക്കിയ ബൈജു എന്നയാള്‍ക്കും പൊലീസ് സംരക്ഷണം ഒരുക്കണമെന്നും അല്ലാത്ത പക്ഷം വര്‍ഗീയ പ്രശനം ഉടലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

വധിഭീഷണി മുഴക്കിയ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്നും കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്നും സമധാന അന്തരീക്ഷം തകര്‍ക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ അനവദിക്കരുതെന്നും സി.പി.ഐ.എം കൊടിഞ്ഞി ലോക്കല്‍ കമ്മിറ്റി മെമ്പര്‍ ഫിര്‍ദൗസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

എസ്.ഡി.പി.ഐ പോലുള്ള തീവ്ര സംഘടനകള്‍ പുറത്തു നിന്നും വന്ന് ഈ വിഷയം മുതലെടുക്കുകയാണെന്നും അത് അനുവദിക്കരുതെന്നുമാണ് സി.പി.ഐ.എം നിലപാടെന്നും ആര്‍.എസ്.എസിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ഇത്തരം പ്രകോപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പു തന്നതായും ഫിര്‍ദൗസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബര്‍ 16നാണ് തിരൂരങ്ങാടി കൊടിഞ്ഞിയില്‍ വെച്ച് ഫൈസല്‍ കൊല്ലപ്പെടുന്നത്. പുല്ലാണി കൃഷ്ണന്‍ നായരുടേയും മിനാക്ഷിയുടേയും മകനായ ഫൈസലിനെ ഫറൂഖ് നഗറിലെ വഴിയരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തലയ്ക്കും കഴുത്തിലും ആഴത്തില്‍ മുറിവേറ്റ നിലയിലായിരുന്നു.

മതം മാറുന്നതിന് മുന്‍പ് അനില്‍കുമാറെന്നായിരുന്നു ഫൈസലിന്റെ പേര്. ഗള്‍ഫിലേക്ക് ഞായറാഴ്ച പോകാനിരിക്കേ തന്നെ കാണാനെത്തിയ ഭാര്യ പിതാവിനെ കൂട്ടിക്കൊണ്ടു വരാന്‍ താനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോയ സമയത്തായിരുന്നു കൊലപാതകം നടന്നത്. നേരത്തെ തനിക്ക് തന്റെ ബന്ധുക്കളില്‍ നിന്ന് ഭീഷണിയുള്ളതായി ഫൈസല്‍ പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഫൈസലിന്റെ കൊലപാതക കേസില്‍ 16 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആര്‍.എസ്എസ് തിരൂര്‍ കാര്യവാഹക് മഠത്തില്‍ നാരായണന്‍, ഫൈസലിന്റെ ഭാര്യാസഹോദരന്‍ വിനോദ്, വിശ്വഹിന്ദ് പരിഷത്ത് തിരൂരങ്ങാടി താലൂക്ക് സെക്രട്ടറി കോട്ടശ്ശേരി ജയകുമാര്‍ എന്നിവരുള്‍പെടെയുള്ളവരാണ് പൊലീസ് പിടിയിലായത്. കുറ്റം ചുമത്തപ്പെട്ടവരെല്ലാം പിന്നീട് ജാമ്യത്തിലിറങ്ങി.

അലി ഹൈദര്‍

മാധ്യമപ്രവര്‍ത്തകന്‍

Latest Stories

We use cookies to give you the best possible experience. Learn more