അയ്യപ്പജ്യോതിക്കിടെ പയ്യോളിയില്‍ സംഘപരിവാര്‍ ആക്രമണം; പൊലീസുകാരനും റെയില്‍വേ ഉദ്യോഗസ്ഥനും മര്‍ദനമേറ്റു
rss terror
അയ്യപ്പജ്യോതിക്കിടെ പയ്യോളിയില്‍ സംഘപരിവാര്‍ ആക്രമണം; പൊലീസുകാരനും റെയില്‍വേ ഉദ്യോഗസ്ഥനും മര്‍ദനമേറ്റു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th December 2018, 11:58 pm

പയ്യോളി: ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ അയ്യപ്പജ്യോതിക്കിടെ വടകര പയ്യോളിയില്‍ വ്യാപക ആക്രമണങ്ങള്‍ അഴിച്ചു വിട്ട് സംഘപരിവാര്‍. ഒരു പൊലീസ് ഉദ്യോഗസ്ഥനേയും ഡ്യൂട്ടിക്ക് പോകുന്ന റെയില്‍വേ ഉദ്യോഗസ്ഥനേയും സംഘം മര്‍ദ്ദിച്ചു. വടകര പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അയനിക്കാട് പി.പ്രദീപ് കുമാര്‍, റെയില്‍വേ ഉദ്യോഗസ്ഥന്‍ സജിത് എന്നിവര്‍ക്കെതിരെയാണ് ആക്രമണം ഉണ്ടായത്. അക്രമികളെ തടയാനെത്തിയ ഡെല്‍സന്‍ പയ്യോളി എന്നയാള്‍ക്കെതിരെയും സംഘം ആക്രമണം അഴിച്ചു വിട്ടു.

സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പയ്യോളി പൊലീസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. രബിലേഷ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വധശ്രമം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

യാതൊരു പ്രകോപനവും ഇല്ലാതെ അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനെത്തിയവരില്‍ ചിലര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് സജിത് ഡൂള്‍ ന്യൂസിനോട് പറഞ്ഞു. “ഇന്നലെ എനിക്ക് നൈറ്റ് ഡ്യൂട്ടി ആയിരുന്നു, ഡ്യൂട്ടിക്ക് പോകുന്ന വഴി കുറച്ചു പേര്‍ ചേര്‍ന്ന് തന്നെ തടഞ്ഞു വെച്ചു. അതിനിടയ്ക്ക് അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനെത്തിയ മറ്റു ചിലര്‍ ഓടി വന്ന എന്നെ അടിക്കുകയായിരുന്നു. അത് മാത്രമല്ല, ദീപത്തിലൊഴിക്കാന്‍ ഉപേയാഗിച്ച ചൂടുള്ള എണ്ണ എന്റെ മുഖത്തൊഴിക്കുകയും ചെയ്തു”- സജിത് പറഞ്ഞു.

സുഹൃത്തായ സജിത്തിനെ അക്രമിക്കുന്നത് കണ്ട് തടയാനെത്തിയപ്പോള്‍ അക്രമികള്‍ തനിക്കെതിരെ തിരിഞ്ഞതായി ഡെല്‍സണ്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. “താളകം ലൈബ്രറിയില്‍ നിന്നും ശബ്ദം കേട്ടിട്ടാണ് ഞാന്‍ പുറത്തേക്ക് ചെന്നത്. അപ്പോഴാണ് എന്റെ സുഹൃത്ത് സജിത്തിനെ ആക്രമിക്കുന്നത് കാണുന്നത്. അവരെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. പത്തമ്പതോളം പേര്‍ അവിടെ ഉണ്ടായിരുന്നു. എന്നാല്‍ എല്ലാവരും ആക്രമണത്തില്‍ പങ്കെടുത്തിട്ടില്ല. തടയാനെത്തിയപ്പോള്‍ അവര്‍ എനിക്കു നേരെ തിരിയുകയായിരുന്നു”- ഡെല്‍സന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. നാട്ടുകാരുടെ സന്ദര്‍ഭോജിതമായ ഇടപെടലാണ് തന്നെ വലിയ ദുരന്തത്തില്‍ നിന്നും രക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ വൈകീട്ട് ആറോടെ അയനിക്കാട് പള്ളിക്ക് സമീപമാണ് പ്രദീപന്‍ ആക്രമിക്കപ്പെടുന്നത്. ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ഇടറോഡിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞു കൂട്ടം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കയ്യില്‍ ഉണ്ടായിരുന്ന ഹെല്‍മറ്റ് ഉപയോഗിച്ചാണ് അടിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി സമീപത്തെ വീട്ടില്‍ എത്തിക്കുകയായിരുന്നു. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു പയ്യോളി സിഐ എം പി രാജേഷ് സ്ഥലത്തെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു, പയ്യോളി ഓണ്‍ലൈന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

നേരത്തെ അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകള്‍ക്കുനേരെ പയ്യന്നൂരില്‍ വെച്ച് ആക്രമണം ഉണ്ടായതായി ബി.ജെ.പി നേതാവ് ടി.ഗോപാലകൃഷ്ണന്‍ മാതൃഭൂമി ന്യൂസില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ആരോപണം ഉന്നയിച്ചിരുന്നു. സര്‍ക്കാരിന്റെ വനിതാ മതിലിന് എതിരായി ശബരിമല കര്‍മസമിതിയുടെയും സംഘപരിവാറിന്റെയും നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ ഇന്നലെ അയ്യപ്പജ്യോതി തെളിയിച്ചിരുന്നു.

ഇന്നലെ വൈകീട്ട് ആറു മുതല്‍ 6.30 വരെ ആയിരുന്നു പരിപാടി. മുന്‍ ഡി.ജി.പിമാരായ ടി.പി സെന്‍കുമാര്‍, എം.ജി.എ രാമന്‍, സുരേഷ് ഗോപി എം.പി, മാടമ്പ് കുഞ്ഞിക്കുട്ടന്‍, കെ.എസ് രാധാകൃഷ്ണന്‍, പന്തളം മുന്‍ രാജകുടുംബം പ്രതിനിധി ശശികുമാര വര്‍മ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ ജ്യോതി തെളിയിച്ച് പരിപാടിക്ക നേതൃത്വം വഹിച്ചു.

അതേസമയം അയ്യപ്പ ജ്യോതിയിലെ എന്‍.എസ്.എസ് ജനല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്‍, ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി എന്നിവരുടെ അഭാവം ശ്രദ്ധേയമായിരുന്നു. ചങ്ങനാശ്ശേരിയില്‍ എന്‍.എസ്.എസ് ആസ്ഥാനത്തിന് മുന്നില്‍ ശശികുമാരവര്‍മയാണ് വിളക്ക് തെളിയിച്ചത്.

Image Credits: Indian Express/Payyoli online