| Saturday, 7th April 2018, 5:30 pm

'മുസ്‌ലിം മന്ത്രിമാര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ആരാണ് അനുമതി നല്‍കിയത്'; വിവാദ പ്രസ്താവനയുമായി ആര്‍.എസ്.എസ് നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണ്ണാടകയില്‍ വിദ്വേഷകരമായ പ്രസ്താവനകളുമായി ആര്‍.എസ്.എസ് നേതാവ്. ജില്ലയിലെ മുസ്‌ലീം മന്ത്രിയ്ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ആരാണ് അനുമതി നല്‍കിയതെന്നാരോപിച്ചാണ് ആര്‍.എസ്.എസിന്റെ മുതിര്‍ന്ന നേതാവായ കല്ലട്ക പ്രഭാകര ഭട്ട് രംഗത്തെത്തിയിരിക്കുന്നത്.

സംസ്ഥാന ഭക്ഷ്യ പൊതുവിതരണ മന്ത്രി യു.ടി ഖാദറിന്റെ ക്ഷേത്ര പ്രവേശനത്തിനെതിരെയാണ് ആര്‍.എസ്.എസ് സോണല്‍ എക്സിക്യൂട്ടീവ് കൗണ്‍സില്‍ മെമ്പറായ കല്ലട്ക്ക പ്രഭാകര്‍ ഭട്ടിന്റെ വിവാദ പരാമര്‍ശം. പശുക്കളെ നിരന്തരമായി മോഷ്ടിക്കുന്നതിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് ഭട്ട് മന്ത്രിക്കെതിരെ പ്രകോപനപരമായി സംസാരിച്ചത്.


ALSO READ: ‘മോദി ഒരു ദുരന്തമാണെന്ന് ഇപ്പോഴെങ്കിലും താങ്കള്‍ക്ക് മനസ്സിലായല്ലോ’; അമിത് ഷായുടെ പ്രസംഗത്തെ പരിഹസിച്ച് കനയ്യകുമാര്‍


അതേസമയം മന്ത്രിയായ ഖാദര്‍ സമീപകാലത്ത് നഗരങ്ങളിലും അതിന്റെ ചുറ്റുപാടുകളിലുമായി ഏതാനും ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. അപ്പോഴെല്ലാം അവിടുത്തെ ക്ഷേത്ര അധികാരികള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.

ക്ഷേത്രത്തിലേയ്ക്ക് പൂക്കള്‍ ചൊരിഞ്ഞ് സ്വീകരിക്കാന്‍ പൂജാരിയ്ക്ക് സ്വബോധം നഷ്ടപ്പെട്ടുവോയെന്നും ബീഫ് കഴിക്കുന്ന മന്ത്രിയെ എങ്ങനെയാണ് ക്ഷേത്രത്തിലേയ്ക്ക് ക്ഷണിക്കാന്‍ പൂജാരിക്കായതെന്നും ഭട്ട് ആരോപിച്ചു.


MUST READ: നിയമം എല്ലാവര്‍ക്കും ഒരുപോലെയാകണം’; സല്‍മാന്‍ ഖാന് പിന്തുണയുമായി ബോളിവുഡ് ഗായകന്‍ മിക സിംഗ്


മന്ത്രിയ്ക്ക് പ്രവേശനം അനുവദിച്ച ക്ഷേത്രങ്ങള്‍ ബ്രഹ്മകലാശോത്സവം നടത്തി ശുദ്ധീകരിക്കണമെന്നും ഭട്ട് ക്ഷേത്രം അധികാരികളോട് ആവശ്യപ്പെട്ടു.എന്നാല്‍ ഭട്ടിന്റെ സമനില തെറ്റിയിരിക്കുകയാണെന്നും ഇത്തരത്തില്‍ പ്രകോപനപരമായ പ്രസ്താവനകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും കര്‍ണ്ണാടക കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് കെ.ഇ രാധാകൃഷ്ണന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more