പാലക്കാട്: പാലക്കാട് പുത്തൂരില്‍ യുവാവിന് നേരേ സംഘപരിവാര്‍ ആക്രമണം. ദ്രോണ അക്കാദമിയിലെ ആര്‍ച്ചറി ട്രെയിനറായ മുനീറിനു നേരേയാണ് ആര്‍.എസ്.എസ്‌കാര്‍ ആക്രമണവും മര്‍ദ്ദനവും അഴിച്ചുവിട്ടത്.
പാലക്കാട് കോട്ടേയ്ക്കാട് പോയി വരുന്ന വഴിയ്ക്ക് പഠിപ്പിക്കുന്ന വിദ്യാര്‍ഥിനിയുടെ വീട്ടില്‍ കയറിയതിനാണ് പ്രദേശത്തെ ആര്‍.എസ്.എസ്‌കാര്‍ മുനീറിനെ മര്‍ദ്ദിച്ചത്. വിദ്യാര്‍ത്ഥിനിയുടെ അച്ഛന് സുഖമില്ലെന്ന വിവരം അറിഞ്ഞാണ് മുനീര്‍ വീട്ടിലേക്കെത്തിയത്.
എന്നാല്‍ നേരം വൈകിയതിനെ തുടര്‍ന്ന് ഇപ്പോള്‍ വരുന്നില്ല എന്ന് വിളിച്ച് പറയാന്‍ വേണ്ടി അവരുടെ അപ്പാര്‍ട്‌മെന്റിന് മുന്നില്‍ തന്നെ മുനീര്‍ ഫോണ്‍ ചെയ്തു. അതിനിടെ അവിടെയെത്തിയ ചിലര്‍ മുനീറിനെ മര്‍ദ്ദിക്കുകയായിരുന്നു.
ALSO READ: ശക്തമായ ഭൂമികുലുക്കത്തിലും പ്രാര്‍ത്ഥന നിര്‍ത്താതെ മുസ്‌ലിം പുരോഹിതന്‍; വീഡിയോ വൈറലാവുന്നു
അതേസമയം വിദ്യാര്‍ഥിനിയുടെ കുടുംബം മുനീര്‍ തന്റെ പരിചയക്കാരാണ് എന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഇതൊന്നും വകവെയ്ക്കാതെയായിരുന്നു ഇവര്‍ മര്‍ദ്ദിച്ചത്.
സ്‌പോര്‍ട്‌സ് ഫീല്‍ഡില്‍ വര്‍ക്ക് ചെയ്യുന്ന ആളാണ് ഞാന്‍. പഠിപ്പിക്കുന്ന കുട്ടിയുടെ അച്ഛന് സുഖമില്ലാത്ത വിവരം അറിഞ്ഞ് അദ്ദേഹത്തെ കാണാന്‍ വേണ്ടിയാണ് കോട്ടേയ്ക്കാട് ഉള്ള വിദ്യാര്‍ഥിയുടെ വീട്ടിലേക്ക് എത്തിയത്. എന്നാല്‍ അപ്പോഴെക്കും നേരം വളരെ വൈകിയതിനാല്‍ അവരുടെ അപ്പാര്‍ട്ട്‌മെന്റിന് മുന്നില്‍ വെച്ച് തന്നെ ഞാന്‍ കുട്ടിയെ ഫോണ്‍ ചെയ്ത് നേരം വൈകിയതിനാല്‍ വീട്ടില്‍ കയറുന്നില്ലെന്നും പിന്നീട് ഒരു ദിവസം വരാമെന്നും പറഞ്ഞ് ഫോണ്‍ ചെയ്തിരുന്നു.
ഈ സമയത്ത് രണ്ട് മൂന്ന് ആള്‍ക്കാര്‍ സമീപത്തേക്ക് വന്ന് എന്നോട് പേരും സ്ഥലമൊക്കെ ചോദിച്ചു. പേര് മുനീര്‍ ആണെന്നറിഞ്ഞപ്പോള്‍ ലൗ ജിഹാദ് ആണോ ലക്ഷ്യം മുസ്‌ലിം ആയ താന്‍ എന്തിനാണ് ഇവിടെ നിന്ന് വിദ്യാര്‍ത്ഥിയെ വിളിക്കുന്നതെന്നും ചോദിച്ചായിരുന്നു മര്‍ദ്ദനം.
ഞാന്‍ താടി വളര്‍ത്തിയിട്ടുണ്ടെന്നും പെണ്‍കുട്ടികളെ ലൗ ജിഹാദില്‍പ്പെടുത്തുന്ന സംഘത്തിലെ ആളാണന്നും പറഞ്ഞായിരുന്നു ഒരു സംഘം ആള്‍ക്കാര്‍ തനിക്ക് നേരേ മര്‍ദ്ദനവുമായി എത്തിയതെന്നും മുനീര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ALSO READ: വെനസ്വേലയില്‍ നിന്നുള്ള കുടിയേറ്റം തടയാന്‍ ബ്രസീല്‍ അതിര്‍ത്തി അടച്ചു
അതേസമയം മര്‍ദ്ദിച്ച പതിനഞ്ചോളം പേര്‍ക്കെതിരെയാണ് മുനീര്‍ സ്റ്റേറ്റ്‌മെന്റ് തന്നിരിക്കുന്നത്. കേസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ അധികൃതര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വിടാറായിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.