തലശ്ശേരി: ജഗനാഥ ക്ഷേത്രം ഓഫീസിന് നേരെ ആര്‍.എസ്.എസ് അക്രമം. ക്ഷേത്രം ജ്ഞാനോദയയോഗം തെരഞ്ഞെടുപ്പിന് നോമിനേഷന്‍ നല്‍കാനെത്തിയ എണ്‍പത്തഞ്ചുകാരനായ കെ.പി രത്‌നാകരന് സംഘര്‍ഷത്തില്‍ പരിക്കേറ്റു. സംഘര്‍ഷത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകനും ഓട്ടോറിക്ഷാ തൊഴിലാളിയുമായ വിജേഷിന് വെട്ടേല്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച തലശ്ശേരിയില്‍ വി.എച്ച്.പി ഹര്‍ത്താല്‍.
ക്ഷേത്ര ഓഫീസും ജ്ഞാനോദയ യോഗം പ്രസിഡന്റിനേയും ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ജ്ഞാനോദയ യോഗവും തലശേരി നഗരസഭാ പരിധിയില്‍ ഹര്‍ത്താലിനു ആഹ്വാനം ചെയ്തിട്ടുണ്ട്.
ക്ഷേത്രത്തിലേക്കുള്ള തെരഞ്ഞെടുപ്പ് നോമിനേഷന്‍ നല്‍കാനെത്തിയ രത്‌നാകരനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. കഴിഞ്ഞ മുപ്പത്തഞ്ച് വര്‍ഷമായി പ്രസിഡന്റായി തുടരുന്ന രത്‌നാകരനെ തടഞ്ഞതിനെ തുടര്‍ന്ന് വാക്കേറ്റവും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഓഫീസ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നു.
ആര്‍.എസ്.എസ് ഭൂരിപക്ഷപ്രദേശത്താണ് ജഗനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നതെങ്കിലും ഭരണസമിതി കൈയ്യടക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല. തിരഞ്ഞെടുപ്പിന് മുന്നോടിയായി 600 പേര്‍ക്ക് കൂടി മെമ്പര്‍ഷിപ്പ് നല്‍കണമെന്ന് ആര്‍.എസ്.എസ് ആവശ്യപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതിനാല്‍ പുതുതായി ആരെയും ഉള്‍പ്പെടുത്താനാവില്ലെന്നും അങ്ങനെ ആള്‍ക്കാരെ ചേര്‍ക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും രത്‌നാകരന്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തിനിടയില്‍ പെട്ട് എണ്‍പത്തഞ്ചുകാരനായ രത്‌നാകരന്‍ തളര്‍ന്നു വീഴുകയും രക്തസമ്മര്‍ദ്ദം കുറയുകയും ചെയ്തു. ഇദ്ദേഹം തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ക്ഷേത്രത്തിലേക്ക് ആള്‍ക്കാരെ കൊണ്ടുവന്ന ഓട്ടോറിക്ഷാ തൊഴിലാളിയായ വിജേഷ് (28) സംഭവമെന്തന്നറിയാന്‍ ചെന്നപ്പോഴാണ് കൊടുവാളുകൊണ്ട് തലക്ക് വെട്ടേറ്റത്. വിജേഷിനേയും തലശ്ശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എല്ലാ തെരഞ്ഞെടുപ്പ് സമയത്തും ആര്‍.എസ്.എസ് ക്ഷേത്രഭരണം പിടിക്കുന്നതിന് ശ്രമിക്കാറുള്ളതാണ്. എന്നാല്‍ കഴിഞ്ഞ 30 വര്‍ഷത്തോളമായി കെ.പി രത്‌നാകരന്‍ തന്നെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. കോണ്‍ഗ്രസിന്റെ തലശ്ശേരി മുന്‍ നഗരസഭാ കൗണ്‍സിലര്‍ കൂടിയായിരുന്നു രത്‌നാകരന്‍. ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ പ്രവേശിക്കരുതെന്ന ബോര്‍ഡ് എടുത്തു മാറ്റുകയും അങ്ങനെയുള്ള കീഴ്‌വഴക്കങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്യുന്നതുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ വ്യക്തിയാണ് കെ.പി രത്‌നാകരന്‍.
സംഘപരിവാറിന്റെ പല അജണ്ടകള്‍ക്കും വിലങ്ങുതടിയാകുന്നത് പലപ്പോഴും രത്‌നാകരന്റെ നിലപാടായിരുന്നു. 2013 ല്‍ രത്‌നാകരന് നേരെ ക്ഷേത്രത്തിനകത്ത് വെച്ച് സംഘപരിവാര്‍ അക്രമിച്ചിരുന്നു. അന്ന് അക്രമത്തില്‍ പങ്കെടുത്തവര്‍ ഇന്ന് നടന്ന അക്രമത്തിലും ഭാഗമായിട്ടുണ്ട്. 2014 ല്‍ ഭേത്രത്തില്‍ സാമ്പത്തിക ക്രമക്കേടാരോപിച്ച് മൂന്ന് മാസത്തോളം സംഘപരിവാര്‍ ക്ഷേത്രം ഉപരോധിച്ചിരുന്നു. പിന്നീട് കോടതി നേരിട്ട് കണക്കുകള്‍ പരിശോധിക്കുകയും ആരോപണത്തില്‍ കഴമ്പില്ലെന്ന് നിരീക്ഷിക്കുകയും ചെയ്തു. സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നു സംഘപരിവാര്‍ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.