| Wednesday, 17th April 2019, 12:32 pm

ആര്‍ത്തവവുമായി ബന്ധപ്പെട്ട ചിത്രം വരച്ചു; കാസര്‍ഗോഡ് നാടകപ്രവര്‍ത്തകനെതിരെ ആര്‍.എസ്.എസ് ആക്രമണം: കൊല്ലുമെന്ന് ഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: ആര്‍ത്തവവുമായി ബന്ധപ്പെട്ട ചിത്രം വരച്ചതിന് നാടക പ്രവര്‍ത്തകന് നേരെ സംഘപരിവാര്‍ ആക്രമണം. നാടക പ്രവര്‍ത്തകനും ആര്‍ട്ടിസ്റ്റും സ്കൂള്‍ ഓഫ് ഡ്രാമയിലെ മുന്‍ വിദ്യാര്‍ത്ഥി കൂടിയായ അണിഞ്ഞ സ്വദേശി ജി.എസ് അനന്തകൃഷ്ണന് നേരെയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്.

കഴിഞ്ഞ വിഷുദിനത്തിലാണ് പരവനടുക്ക സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച്  അനന്തകൃഷണന് മര്‍ദ്ദനമേറ്റത്. വിഷുവിന് ബന്ധുവിന്റെ വീട് സന്ദര്‍ശിച്ച് മടങ്ങവേയായിരുന്നു സംഭവം.

ബന്ധുവിന്റെ വീട് സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ പരവനടുക്കം ടൗണില്‍ ജനങ്ങളുടെ മുന്നില്‍ വെച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കോളറിന് പിടിക്കുകയും അവടെ നിന്ന് സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് കൊണ്ട് പോയി മര്‍ദ്ദിക്കുകയുമായിരുന്നെന്ന് അനന്തകൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് അനന്തകൃഷ്ണന്‍ ചട്ടഞ്ചാല്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രം 

തന്റെ കഴുത്തിലുണ്ടായിരുന്ന കുരിശു മാല പൊട്ടിച്ചെറിയുകയും അസഭ്യം വിളിക്കുകയും ചെയ്ത അവര്‍ ഇനി നാട്ടില്‍ കണ്ടാല്‍ കയ്യും കാലും കൊത്തിക്കളയുമെന്നും നിന്നെ പോലുള്ളവരാണ് ഞങ്ങളുടെ എതിരാളികളെന്ന് പറയുകയും ചെയ്‌തെന്നും അനന്തകൃഷണന്‍ പറഞ്ഞു.

ആവിഷ്‌ക്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടും ആര്‍ത്തവ വിവാദം സംബന്ധിച്ചും വിനീഷ് ബാവിക്കര എന്നയാള്‍ എഴുതിയ കവിതയോടു കൂടിയ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന്റെ പേരിലാണ് തനിക്കുനേരെ ആര്‍.എസ്.എസുകാര്‍ ആക്രമണം നടത്തിയതെന്നും അനന്തകൃഷ്ണന്‍ വ്യക്താക്കി.

കത്വവയില്‍ ഏഴ് വയസുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവമടക്കം സംഘപരിവാര്‍ അതിക്രമങ്ങള്‍ക്കെതിരെ കലാപരമായി പ്രതകിരിച്ചയാളായിരുന്നു അക്രമിക്കപ്പെട്ട ജി.എസ് അനന്തകൃഷ്ണന്‍.

സംഭവത്തില്‍ സോഷ്യല്‍ മീഡിയയ്ക്കത്തും പുറത്തും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

We use cookies to give you the best possible experience. Learn more