ഹോളി ആഘോഷം ഭാരതീയ സംസ്‌കാരത്തിനു യോജിച്ചതല്ല എന്ന മുദ്രാവാക്യം വിളിച്ചാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്.
ആഘോഷത്തിനിടെ വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ച കളറുകള്‍ സമീപത്തുകൂടി നടന്നപോകുകയായിരുന്ന സ്ത്രീകളുടെ ശരീരത്തിലായെന്ന് പറഞ്ഞാണ് ആക്രമണം തുടങ്ങിയത്. ആക്രമണത്തില്‍ നാലു വിദ്യാര്‍ത്ഥികള്‍ക്കു പരുക്കേറ്റു.
മാനേജ്‌മെന്റിന്റെ ഒത്താശയോടുകൂടിയാണ് ആക്രമണം നടന്നതെന്നാണു വിദ്യാര്‍ത്ഥികളുടെ ആരോപണം. കോളജ് വിദ്യാര്‍ത്ഥികള്‍ വ്യാഴാഴ്ച ഹോളി ആഘോഷിച്ചിരുന്നു. വെള്ളിയാഴ്ച വരെ ആഘോഷങ്ങള്‍ നീട്ടിക്കൊണ്ടുപോകാനായിരുന്നു അവരുടെ തീരുമാനം. എന്നാല്‍ മാനേജ്‌മെന്റ് ഈ തീരുമാനത്തെ എതിര്‍ത്തു. ഇതേത്തുടര്‍ന്ന് ആഘോഷ വേദി കാമ്പസിനു പുറത്താക്കി മാറ്റുകയായിരുന്നു.
എട്ടംഗ സംഘമാണ് വിദ്യാര്‍ത്ഥികളെ വടിയും സ്റ്റീല്‍ കമ്പികളും ഉപയോഗിച്ച് ആക്രമിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ നാലു വിദ്യാര്‍ത്ഥികളെയും ഇടപ്പണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാനേജ്‌മെന്റിന്റെ ഒത്താശയോടെയാണ് ആക്രമണം നടന്നതെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ കോളജ് ഓഫീസ് ആക്രമിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് നൂറനാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.