| Monday, 28th March 2016, 3:12 pm

എഴുപതുകാരന് ആര്‍.എസ്.എസ് മര്‍ദ്ദനം; പിന്നാലെ വ്യാജ പരാതിയും ഹര്‍ത്താലും

ഡൂള്‍ന്യൂസ് ഡെസ്‌ക്

പയ്യോളി: പയ്യോളിയില്‍ വൃദ്ധന് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം. വീട്ടിലേക്ക് വരുന്ന വഴിയാണ് 70കാരനായ കുരിയാടി നാണുവിന് മര്‍ദ്ദനമേറ്റത്. ഒടുവില്‍ പോലീസ് സ്ഥലത്തെത്തി അക്രമികളില്‍ നിന്നും ഇയാളെ മോചിപ്പിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കല്ലും മറ്റും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ വൃദ്ധന്റെ കൈകാലുകള്‍ക്കും നടുവിനും പരിക്കുണ്ട്.

കൊല്ലപ്പെട്ട ബി.എം.എസ് പ്രവര്‍ത്തകന്‍ സി.ടി മനോജിന്റെ വീടിന് സമീപമായിരുന്നു നാണുവിന്റെ താമസം. മനോജ് കൊല്ലപ്പെട്ട ശേഷം നാണുവിന്റെ വീട് ആക്രമണത്തില്‍ തകര്‍ന്നിരുന്നു. ആക്രമണം നടന്ന അതേ സ്ഥിതിയിലാണ് വീട് ഇപ്പോഴുമുള്ളത്. ഇതിനുശേഷം ഇവിടെ ആള്‍ത്താമസമില്ല. ഈ വീട് വൃത്തിയാക്കാന്‍ നാണു വന്നപ്പോഴാണ് ആക്രമണമുണ്ടായത്.

എന്നാല്‍ അക്രമത്തിന് നേതൃത്വം കൊടുത്ത ആര്‍.എസ്.എസുകാര്‍ കൊല്ലപ്പെട്ട മനോജിന്റെ ഭാര്യ പുഷ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ വൃദ്ധന്‍ പുഷ്പയെ ആക്രമിച്ചതായി പ്രചാരണം നടത്തുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ബി.ജെ.പി ഇന്ന് പയ്യോളി നഗരസഭയില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കി.

മനോജ് വധക്കേസിലെ പ്രതിയെന്ന് ആരോപിക്കുന്ന നിധീഷും ആക്രമണത്തില്‍ പങ്കാളിയായിരുന്നെന്ന് പരാതിയിലുണ്ട്. എന്നാല്‍ സംഭവ സമയത്ത് ഇയാള്‍ ജോലിയിലായിരുന്നെന്ന് പോലീസിന് വിവരം ലഭിച്ചു. മുന്‍പും നിധീഷിനെതിരെ ഇത്തരത്തില്‍ പുഷ്പയെക്കൊണ്ട് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് പോലീസിന് ബോധ്യപ്പെട്ടതിനാല്‍ കേസെടുത്തിരുന്നില്ല.

പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ആര്‍.എസ്.എസ് തുടര്‍ച്ചയായി ഇത്തരം വ്യാജ പരാതികള്‍ ഉന്നയിക്കുന്നുണ്ട്. പലപ്പോഴും ഇതിനായി പുഷ്പയെ ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

We use cookies to give you the best possible experience. Learn more