| Monday, 22nd October 2018, 6:26 pm

ശബരിമല വിധിയെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റ്; വൈക്കം വിജയലക്ഷ്മിയുടെ വിവാഹത്തിനെത്തിയ പെണ്‍കുട്ടിയ്ക്ക് നേരെ ആര്‍.എസ്.എസ് ആക്രമണം

ജിതിന്‍ ടി പി

വൈക്കം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിട്ട വിദ്യാര്‍ത്ഥിനിയ്‌ക്കെതിരെ ആര്‍.എസ്.എസ് ആക്രമണം. കുലശേഖരമംഗലം കോട്ടപ്പള്ളി ചന്ദ്രന്റെ മകള്‍ അപര്‍ണ്ണ(20)ക്കാണ് മര്‍ദ്ദനമേറ്റത്.

ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി വൈക്കം മഹാദേവക്ഷേത്രത്തിലെത്തിയതായിരുന്നു അപര്‍ണ. ശബരിമലയില്‍ സുപ്രീംകോടതി വിധി അനുസരിച്ച് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് പെണ്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിനെതിരെ നിരവധി ആര്‍.എസ്.എസുകാര്‍ ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കുകയും തെറിയഭിഷേകം നടത്തുകയും ചെയതു.

ഇതില്‍ ഭയപ്പെട്ട് അപര്‍ണ തന്റെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെയാണ് അപര്‍ണ്ണ വൈക്കം മഹാദേവ ക്ഷേത്രത്തില്‍ എത്തിയത്.

ALSO READ: വികലാംഗനായ ഭിക്ഷക്കാരന് നേരെ പൊലീസ് അതിക്രമം; ചോദ്യം ചെയ്ത യുവക്കളെ സ്റ്റേഷനില്‍ കൊണ്ടു പോയി ചവിട്ടിക്കൂട്ടി: പുറത്തു പറഞ്ഞാല്‍ ജയിലിലടക്കുമെന്ന് ഭീഷണിയും

കുലശേഖരമംഗലം സ്വദേശികളും ഇപ്പോള്‍ വൈക്കം കിഴക്കേനടയില്‍ വാടകവീട്ടില്‍ താമസിക്കുന്ന വിനീഷ്, വിപിന്‍ എന്നിവര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. ഇവര്‍ പെണ്‍കുട്ടിയുടെ കരണത്തടിക്കുകയും നടുവിന് തൊഴിക്കുകയും ചെയ്തു.

പെണ്‍കുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് ഭക്തജനങ്ങള്‍ ഓടിക്കൂടിയപ്പോള്‍ കഴുത്തില്‍ കിടന്നിരുന്ന സ്വര്‍ണ്ണമാലയും അപഹരിച്ചാണ് ക്രിമിനല്‍ സംഘം കടന്നത്. ഇതിനെല്ലാ സഹായവും ചെയ്ത് ഇവരുടെ അമ്മ പ്രസന്നയും കുട്ടിയെ മര്‍ദ്ദിക്കുന്നത് കണ്ടുനിന്നു.


ഫേസ്ബുക്കില്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പോസ്റ്റിട്ട അന്നുമുതല്‍ തനിക്ക് നേരെ അസഭ്യവര്‍ഷവും ഭീഷണിയുമായിരുന്നെന്ന് അപര്‍ണ പറയുന്നു. ഗത്യന്തരമില്ലാതെയാണ് താന്‍ പോസ്റ്റ് പിന്‍വലിച്ചതെന്നും അപര്‍ണ പറഞ്ഞു.

അയ്യപ്പന്റെ ശക്തികൊണ്ട് സ്വന്തം ബ്രഹ്മചര്യം അയ്യപ്പന്‍ കാത്തുകൊള്ളും എന്ന് പറഞ്ഞ് പോസ്റ്റിട്ടിരുന്നു. ഇതിനെതിരെയാണ് ആക്രമണം.

ALSO READ: കേരളത്തില്‍ കുട്ടികളില്‍ കുഷ്ഠ രോഗം വര്‍ധിക്കുന്നു; ഈ വര്‍ഷം മാത്രം രോഗബാധ കണ്ടെത്തിയത് 21 കുട്ടികള്‍ക്ക്

“ആദ്യം കൂട്ടുകാരെക്കൊണ്ടുവന്ന് തെറിവിളിയായിരുന്നു. അവസാനം പോസ്റ്റ് പിന്‍വലിക്കേണ്ടിവന്നു. സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന മറ്റ് പോസ്റ്റുകള്‍ക്ക് കീഴിലും തെറിവിളിയായിരുന്നു. എന്റെ പോസ്റ്റിന് കീഴില്‍ കമന്റ് ചെയ്ത കണ്ണന്‍ എന്നയാളോട് ഞാന്‍ മെസേജ് അയച്ച് ചോദിച്ചു. എന്നെ അറിയാതെയാണ് അത്തരം മോശം കമന്റിടുന്നത് എന്ന്. കാരണം ഞങ്ങള്‍ വ്യക്തിപരമായി അറിയുന്ന ആളാണ്. നമ്മുടെ അമ്മയെ അമ്മേ എന്ന വിളിച്ചു നടക്കുന്ന ചെറുപ്പക്കാരനാണ്.”

എന്നാല്‍ ആളെ തിരിച്ചറിഞ്ഞിട്ടുതന്നെയാണ് കമന്റ് ചെയ്തതെന്നായിരുന്നു ഇയാളുടെ മറുപടി എന്ന് അപര്‍ണ്ണ പറയുന്നു.

ഇന്ന് അമ്പലത്തില്‍ തൊഴുതിറങ്ങിയപ്പോഴായിരുന്നു അപര്‍ണയ്ക്ക് നേരെ ആക്രമണമുണ്ടായത്. ഇയാളും അമ്മയും കൂടെ ബൈക്കില്‍ വന്നപ്പോള്‍ താന്‍ ഇയാളുടെ അമ്മയോട് കാര്യങ്ങളെല്ലാം വിശദീകരിച്ചെന്നും എന്നാല്‍ അമ്മയും തന്നെ അസഭ്യം പറയുകയായിരുന്നെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു.

“ഇവര്‍ ബൈക്കിലായിരുന്നു. സംഭവം ഞാന്‍ അമ്മയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അമ്മ ചോദിച്ചു എന്താടാ കാര്യം എന്ന്. അപ്പോള്‍ അയാള്‍ പറഞ്ഞു അവള്‍ ശബരിമലയിലേക്ക് പോകാന്‍ നില്‍ക്കാണ്. അത് കേട്ട് അമ്മയും തെറിവിളിക്കാന്‍ തുടങ്ങി. പരസ്യമായി പറായാന്‍ പോലും പറ്റാത്ത തെറിയാണ്. നീ പോ.. പത്ത് മണിക്ക് മുന്‍പ് കേറിക്കൊടുക്ക്.. നിന്റെ കുടുംബക്കാരെം കൊണ്ട് പോ.. ഇതൊക്കെയായിരുന്നു അവരുടെ സംസാരം. മറ്റുള്ളതൊന്നും പുറത്തുപറയാന്‍ പറ്റില്ല.”

ALSO READ: ആദിവാസി വികസനപദ്ധതികള്‍ ആര്‍ക്കുവേണ്ടി?; അധികൃതരുടെ കനിവ് കാത്ത് രഞ്ജുരാമനും മുത്തശ്ശിയും

എന്നാല്‍ ഇയാള്‍ തന്റെ പോസ്റ്റിന് താഴെ വന്ന അസഭ്യം പറഞ്ഞത് കാണിച്ചുകൊടുക്കാന്‍ വേണ്ടി ഫോണ്‍ എടുത്തപ്പോള്‍ ഫോണ്‍ പിടിച്ചുവാങ്ങി വലിച്ചെറിയുകയായിരുന്നെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു. പിന്നീട് അപര്‍ണയെ മര്‍ദ്ദിക്കാനും തുടങ്ങി. നിലത്ത് വീണുകിടന്ന തന്റെ ഇടുപ്പിന് ചവിട്ടിയെന്നും അപര്‍ണ പറഞ്ഞു.

മര്‍ദ്ദനത്തെ തുടര്‍ന്ന് അവശയായ പെണ്‍കുട്ടി വൈക്കം പൊലീസ് സ്റ്റേഷനിലെ വനിത സെല്ലിലെത്തി വിവരം പറഞ്ഞിട്ടും പരാതി സ്വീകരിച്ചില്ല എന്നും ആക്ഷേപമുണ്ട്. തുടര്‍ന്ന് സി.പി.ഐ.എം നേതാക്കള്‍ ഇടപെട്ടാണ് പെണ്‍കുട്ടിയെ വൈക്കം താലൂക്ക് ഗവ.ആശുപത്രിയില്‍ എത്തിച്ചത്. വൈക്കം പൊലീസ് അപര്‍ണ്ണയില്‍ നിന്ന് മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കേസില്‍ എഫ്.ഐ.ആര്‍ ഇടുകയാണെന്നും ആളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈക്കം പൊലീസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. “ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇവരുടെ നാട്ടുകാരന്‍ തന്നെയാണ് ആക്രമിച്ചത്.”

ആക്രമിച്ചയാളെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും വൈക്കം പൊലീസ് സ്റ്റേഷനില്‍ നിന്ന് അറിയിച്ചു. എറണാകുളം ഇടപ്പള്ളി സ്റ്റാസ് കോളേജിലെ മൂന്നാം വര്‍ഷ സൈബര്‍ ഫോറന്‍സിക്ക് വിദ്യാര്‍ത്ഥിനിയാണ് അപര്‍ണ.

WATCH THIS VIDEO:

ജിതിന്‍ ടി പി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more