| Wednesday, 19th May 2021, 3:35 pm

'രാമരാജ്യത്തെ ശവവാഹിനിയായ ഗംഗയും നഗ്നനായ രാജാവും'; വലതുപക്ഷത്തിനുള്ളില്‍ കലാപക്കൊടിയുയരുന്നു

ഗോപിക

രാമരാജ്യത്തിലൂടെ ഒഴുകുന്നത് പുണ്യനദിയായ ഗംഗയല്ല, ശവവാഹിനിയായ ഗംഗയാണ്. രാജ്യം ഭരിക്കുന്നത് നഗ്നായ രാജാവാണ്, പറഞ്ഞത് മറ്റാരുമല്ല. സംഘപരിവാര്‍ സംഘടനകള്‍ക്ക് ഒരിക്കല്‍ ഏറെ പ്രിയപ്പെട്ടവളായിരുന്ന ഗുജറാത്തി കവയിത്രി പാരുല്‍ ഖക്കറാണ്. രാമരാജ്യത്തെ യഥാര്‍ത്ഥ അവസ്ഥ ഒടുവില്‍ തുറന്നു പറഞ്ഞ പാരുലിനെ ദേശദ്രോഹിയെന്നും ഹിന്ദുവിരോധിയെന്നും മുദ്രകുത്തി ഇപ്പോള്‍ ആക്രമണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത് സംഘപരിവാര്‍ അനുകൂലികള്‍ തന്നെയാണ്.

ഗുജറാത്തിലെ ആര്‍.എസ്.എസ് മുഖപത്രമായ സാധനയുടെ സജീവപ്രവര്‍ത്തകനും പദ്മശ്രീ പുരസ്‌കാര ജേതാവുമായ വിഷ്ണു പാണ്ഡ്യ ഒരിക്കല്‍ പറഞ്ഞത്, ഗുജറാത്തി സാഹിത്യത്തിന്റെ മുഖമാണ് പാരുല്‍ ഖക്കര്‍ എന്നായിരുന്നു. അത്തരത്തില്‍ സംഘപരിവാര്‍ ആഘോഷിച്ച കവയിത്രിയാണ്  രാജാവ് നഗ്നാണെന്ന് ഉറക്കെ പറഞ്ഞതിന്റെ പേരില്‍ ഇപ്പോള്‍ ഭക്തരുടെ രോഷപ്രകടനങ്ങള്‍ക്കിരയാകുന്നത്.

രാജ്യം ഭരിക്കുന്ന രാജാവ് നഗ്നാണെന്ന് വിളിച്ചുപറഞ്ഞ പാരുലിന്റെ കവിത വിവിധ ഭാഷകളില്‍ തര്‍ജമ ചെയ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുമ്പോഴും വിമര്‍ശിക്കുന്നവരെ ദേശദ്രോഹിയെന്ന് മുദ്രകുത്തി ആക്രമണം നടത്തുക എന്ന നയത്തില്‍ നിന്ന് തങ്ങള്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് സംഘപരിവാര്‍. അതിനുദാഹരണമാണ് പാരുലിന് നേരെ നടക്കുന്ന ഈ സൈബര്‍ ആക്രമണം.

രാജ്യത്തെ കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരു പരാജയമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ അഭിപ്രായപ്പെട്ട സാഹചര്യത്തിലാണ് സഹികെട്ട് ഇന്ത്യയിലെ സാഹിത്യലോകവും സെലിബ്രിറ്റികളും മാധ്യമങ്ങളും രംഗത്തെത്തിയത്. എന്നിട്ടും വലിയ വ്യത്യാസങ്ങളൊന്നും കേന്ദ്രസര്‍ക്കാരിനുണ്ടായില്ല.

പാരുല്‍ ഖക്കര്‍

ഒടുവില്‍ പുണ്യ നദിയെന്ന് ഹിന്ദുത്വവാദികള്‍ തന്നെ പുകഴ്ത്തുന്ന ഗംഗയില്‍ നൂറുകണക്കിന് ശവങ്ങള്‍ ഒഴുകിയതോടെയാണ് പാരുല്‍ ഖക്കറിനെ പോലെ സംഘപരിവാര്‍ ആഘോഷിച്ച പ്രമുഖര്‍ രംഗത്തെത്തിയത്. വലതുപക്ഷത്തെ ഇത്രയും നാള്‍ പിന്താങ്ങിയവര്‍ വരെ രാജാവ് നഗ്നാണെന്ന്
ഉറക്കെപ്പറഞ്ഞ് മുന്നോട്ടുവരുന്നു. പിന്താങ്ങിയവര്‍ തന്നെ മോദി പ്രഭാവത്തെ വലിച്ചെറിയുന്നു. മോദിയുടെ വാഗ്ദാനങ്ങള്‍ക്കെതിരെ വലതുപക്ഷാനുകൂലികള്‍ക്കിടയില്‍ തന്നെ കലാപമുയരുകയാണോ? നമുക്ക് പരിശോധിക്കാം.

പാരുല്‍ ഖക്കറിന്റേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. മോദിയുടെ നിരര്‍ത്ഥക പ്രസംഗങ്ങള്‍ വലതുപക്ഷാനുകൂലികള്‍ക്കും മടുത്തു തുടങ്ങിയെന്നതിന്റെ ഉത്തമ ഉദാഹരണമാണ് കലാലോകത്ത് നിന്നുണ്ടാകുന്ന ഇത്തരം എതിര്‍ ശബ്ദങ്ങള്‍. അക്കൂട്ടത്തില്‍ ചേര്‍ത്തുവായിക്കേണ്ട പേരാണ് ബോളിവുഡ് നടന്‍ അനുപം ഖേറിന്റേത്.

മോദിയോടുള്ള ആരാധന പൊതുവേദികളില്‍ തുറന്നുസമ്മതിച്ച വ്യക്തികൂടിയാണ് അനുപം ഖേര്‍. ഒന്നാം എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ നരേന്ദ്ര മോദിയുടെ സ്തുതിപാഠകന്‍ എന്ന രീതിയിലും അദ്ദേഹത്തിന്റെ പേര് ചര്‍ച്ചയായിരുന്നു. എന്നാല്‍ കൊവിഡില്‍ സര്‍ക്കാരിനെ വെള്ളപൂശാന്‍ തയ്യാറാകാതെ അനുപം ഖേര്‍ മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചതും നേരത്തെ സൂചിപ്പിച്ച വലതുപക്ഷ അനുകൂലികള്‍ക്ക് തന്നെ മോദി ഇഫക്ടിനോടുള്ള വിശ്വാസം നഷ്ടപ്പെടുന്നുവെന്നതിന് ഉദാഹരണമാണ്.

കൊവിഡില്‍ ഇന്ന് രാജ്യം നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നായിരുന്നു അനുപം ഖേര്‍ പറഞ്ഞത്. ഇമേജ് നിര്‍മ്മാണത്തേക്കാള്‍ ജീവന് പ്രാധാന്യമുണ്ടെന്ന് സര്‍ക്കാര്‍ മനസ്സിലാക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ‘ഓക്‌സിജന്‍, കിടക്കകള്‍ എന്നിവയുടെ അഭാവം കാരണം ഒരു കുടുംബാംഗത്തെ നഷ്ടപ്പെട്ട ഒരാളെ നിങ്ങള്‍ക്ക് എങ്ങനെ ആശ്വസിപ്പിക്കാന്‍ കഴിയും?, എന്നായിരുന്നു അദ്ദേഹം ചോദിച്ചിരുന്നത്.

തീര്‍ന്നില്ല, ആര്‍.എസ്.എസ് എന്ന ബി.ജെ.പിയുടെ മാതൃസംഘടനയും കൊവിഡില്‍ മോദി സ്വീകരിച്ച നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ആദ്യ തരംഗത്തിന് ശേഷം ജനങ്ങളും സര്‍ക്കാരുകളും ഭരണകൂടവും അശ്രദ്ധ കാണിച്ചെന്നായിരുന്നു ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞത്.

‘ഒന്നാം തരംഗത്തിനുശേഷം നമ്മള്‍ എല്ലാവരും അശ്രദ്ധരായി. ആളുകള്‍, സര്‍ക്കാരുകള്‍, ഭരണകൂടം അങ്ങനെ എല്ലാവരും. ഇത് സംഭവിക്കുമെന്ന കാര്യം നമുക്കെല്ലാവര്‍ക്കും അറിയാമായിരുന്നു. ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും നമ്മള്‍ അശ്രദ്ധരായിരുന്നു,’ എന്നാണ് മോഹന്‍ ഭാഗവത് പറഞ്ഞത്.

ഇത്രയും നാള്‍ ശബ്ദിക്കാതിരുന്ന വലതുപക്ഷത്തോട് ചായ്‌വുള്ളതും അല്ലാത്തതുമായ ദേശീയ പ്രാദേശിക മാധ്യമങ്ങളും രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ വീഴ്ചകളെ അക്കമിട്ട് നിരത്തി. സര്‍ക്കാരില്ലാതെ അനാഥമാക്കപ്പെട്ട രാജ്യമാണ് ഇന്ത്യയെന്ന രീതിയില്‍ ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു.

വലതുപക്ഷത്തിനുള്ളില്‍ തന്നെ വലിയ എതിര്‍പ്പുകളയുര്‍ന്നിട്ടും ഒരു കുലുക്കവുമില്ലെന്ന തരത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്നോട്ടുള്ള ഓരോ പ്രവൃത്തിയും. വിമര്‍ശിക്കുന്നവര്‍ക്ക് നേരെ രാജ്യദ്രോഹക്കുറ്റമെന്ന തുറുപ്പുചീട്ട് കാലങ്ങളായി ഉപയോഗിക്കുന്ന കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും പ്രവര്‍ത്തകരും കൊവിഡിന്റെ കാര്യത്തിലും സമാനമായ രീതി തന്നെയാണ് പിന്തുടരുന്നതെന്ന് പാരുല്‍ ഖക്കറുള്‍പ്പെടെയുള്ള കലാപ്രവര്‍ത്തകരോടുള്ള സമീപനത്തില്‍ നിന്ന് വ്യക്തമാണ്. വലതുപക്ഷത്തിനുള്ളില്‍ തന്നെ കലാപക്കൊടികളുയരുമ്പോഴും ഇനിയും കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടു പോകാനാകുമോ മോദി സര്‍ക്കാരിനെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: RSS and Right wing against PM Narendra Modi and BJP Central govt in Covid 19 fight

ഗോപിക

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more