| Saturday, 17th April 2021, 9:50 pm

കുഞ്ഞിമംഗലത്തെ ആ ബോര്‍ഡ് കണ്ട് സന്തോഷിക്കുന്നത് ആര്‍.എസ്.എസും തീവ്രസലഫികളും; പി ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവില്‍ വിഷുവിളക്കിനോട് അനുബന്ധിച്ച് ‘മുസ്‌ലിംങ്ങള്‍ക്ക് പ്രവേശനമില്ല’ എന്ന ബോര്‍ഡ് വെച്ച സംഭവത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന സി.പി.ഐ.എം നേതാവ് പി ജയരാജന്‍.

ബോര്‍ഡ് കണ്ടതില്‍ മനസാ സന്തോഷിക്കുന്നത് ആര്‍.എസ്.എസുകാരും മുസ്‌ലിം സമുദായത്തിലെ തീവ്ര സലഫികളുമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മനുഷ്യരെ വ്യത്യസ്ത അറകളിലാക്കി മാറ്റുന്നതിലാണ് അവര്‍ക്ക് താത്പര്യം. സൗഹാര്‍ദപരമായ തീരുമാനം കൈക്കൊള്ളുമെന്ന് ക്ഷേത്ര കമ്മറ്റി പറഞ്ഞിട്ടുണ്ട്. ആ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും പി.ജയരാജന്‍ പറഞ്ഞു.

ക്ഷേത്ര കമ്മറ്റിയില്‍ പല രാഷ്ട്രീയമുള്ളവരുമുണ്ട്. എന്നിട്ടും സി.പി.ഐ.എം നിയന്ത്രണത്തിലുള്ള കാവ് കമ്മറ്റി എന്ന് പറയുന്നതിന്റെ പിന്നിലുള്ള രാഷ്ട്രീയ ദുഷ്ടലാക്ക് എല്ലാവര്‍ക്കും മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ക്ഷേത്ര പറമ്പില്‍ സ്ഥാപിച്ച വിവാദ ബോര്‍ഡ് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് ബോര്‍ഡ് നീക്കം ചെയ്തത്.

കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ വിഷുവിളക്ക് ഉത്സവത്തില്‍ മുസ്ലിം സമുദായ അംഗങ്ങള്‍ക്ക് പ്രവേശനം വിലക്കി സ്ഥാപിച്ച ബോര്‍ഡ് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.ഇതിന് പിന്നാലെയാണ് ഉത്സവ പറമ്പില്‍ നിന്നും വിവാദ ബോര്‍ഡ് എടുത്ത് മാറ്റിയത്.

ഏപ്രില്‍ 14 മുതല്‍ ഒരാഴ്ചയാണ് കാവില്‍ വിഷുവിളക്ക് ഉത്സവം നടക്കുന്നത്.ഒരു പതിറ്റാണ്ട് മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘര്‍ഷം ഉണ്ടായിരുന്നു. തുടര്‍ന്നാണ് മുസ്ലിം സമുദായത്തില്‍ പെട്ടവര്‍ക്ക് ഉത്സവത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് വാദം. പ്രവേശനം വിലക്കിയതിനെതിരെ നേരത്തെയും പരാതി ഉയര്‍ന്നിരുന്നെങ്കിലും പരസ്യമായി ബോര്‍ഡ് സ്ഥാപിച്ചതോടെയാണ് സംഭവം വിവാദമായത്.

പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ വിഷുവിളക്കിനോട് അനുബന്ധിച്ച് സ്ഥാപിച്ച ബോര്‍ഡ് സംബന്ധിച്ച് വിവാദമുണ്ടായിരിക്കുകയാണല്ലോ. അവിടെ പ്രവര്‍ത്തിക്കുന്ന കമ്മറ്റിയില്‍ നാനാ രാഷ്ട്രീയ അഭിപ്രായക്കാരുണ്ട്. എന്നാലും സി.പി.ഐ(എം) നിയന്ത്രണത്തിലുള്ള കാവ് കമ്മറ്റി എന്ന് പറയുന്നതിന്റെ പിന്നിലുള്ള രാഷ്ട്രീയ ദുഷ്ടലാക്ക് എല്ലാവര്‍ക്കും മനസിലാകും.

മഹാഭൂരിപക്ഷം ക്ഷേത്രങ്ങളിലും കാവുകളിലും എല്ലാ മതത്തിലും സമുദായത്തില്‍ പെട്ടവരും ഉത്സവങ്ങളില്‍ പങ്കെടുക്കാറുണ്ട്. ഉറൂസുകളിലും നേര്‍ച്ചകളിലും ഇത് തന്നെ അനുഭവം. ശ്രീനാരായണ ഗുരു ശിലയിട്ട തലശേരി ജഗന്നാഥ ക്ഷേത്രത്തില്‍ ഉത്സവ സമയങ്ങളില്‍ ‘അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല’ എന്ന ബോര്‍ഡുണ്ടായിരുന്നു. അത് നീക്കം ചെയ്യാന്‍ വേണ്ടി സ്വാമി ആനന്ദ തീര്‍ത്ഥ സത്യാഗ്രഹമിരുന്നത് ചരിത്രം.

ക്ഷേത്ര കമ്മറ്റി അദ്ദേഹം ഉള്‍പ്പടെയുള്ള ശ്രീനാരായണീയരുടെ ആവശ്യം ശ്രദ്ധയോടെ കേട്ടു. അതനുസരിച്ച് പ്രവര്‍ത്തിച്ചു. ഇപ്പോള്‍ അവിടെ ആ ബോര്‍ഡ് നിലവിലില്ല. ‘മുസ്‌ലിംകള്‍ക്ക് പ്രവേശനമില്ല’ എന്ന ബോര്‍ഡ് വെച്ചതില്‍ മനസാ സന്തോഷിക്കുന്നവര്‍ ആര്‍.എസ്.എസുകാരും മുസ്‌ലിം സമുദായത്തിലെ തീവ്ര സലഫികളും മറ്റുമാണ്. കാരണം മനുഷ്യരെ വ്യത്യസ്ത അറകളിലാക്കി മാറ്റുന്നതിലാണ് അവര്‍ക്ക് താല്പര്യം.

സൗഹാര്‍ദ്ദപരമായ തീരുമാനം കൈക്കൊള്ളുമെന്ന് ഇപ്പോള്‍ ക്ഷേത്ര കമ്മറ്റി പ്രസ്താവിച്ചിരിക്കുകയാണ്. ആ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: RSS and extremist Salafis are happy to see that board in Kunjimangalam; P Jayarajan

We use cookies to give you the best possible experience. Learn more