| Sunday, 28th October 2018, 3:35 pm

സ്വാമി സന്ദീപാനന്ദ ഗിരി: എതിര്‍സ്വരങ്ങളെ മാനസികമായും കായികമായും നേരിടുന്ന സംഘപരിവാര്‍ അജണ്ടയുടെ ഒടുവിലത്തെ ഉദാഹരണം

ജംഷീന മുല്ലപ്പാട്ട്

ഹിന്ദുത്വ ഭീകരതയെ ചോദ്യംചെയ്യുന്നവരെ, അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവരെ ആക്രമിച്ചും പരിഹസിച്ചും തെറിവിളിച്ചും ഇല്ലായ്മ ചെയ്യാനാണ് സംഘപരിവാറും ബി.ജെ.പിയും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതവര്‍ എക്കാലത്തും ചെയ്തു കൊണ്ടിരിക്കുന്നുമുണ്ട്. തീവ്ര ഹിന്ദുത്വ വാദത്തെ എതിര്‍ക്കുന്ന വിശ്വാസികളെ പോലും സംഘപരിവാറും ആര്‍.എസ്.എസും വെറുതെ വിടാറില്ല. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് സ്വാമി സന്ദീപാനന്ദ ഗിരിയുടെ വീടിനു നേരെ നടന്ന ആക്രമണം.

ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്‍പ്പെട്ട സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയില്‍ അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സന്ദീപാനന്ദ ഗിരിക്കു നേരെ ആക്രമണമുണ്ടായിരിക്കുന്നത്. ശബരിമല വിഷയത്തില്‍ കൈരളി ടി.വിയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍കടവിലെ ആശ്രമത്തിന് നേരെ സംഘപരിവാറിന്റെ ആക്രമണമുണ്ടായത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കണമെന്ന അദ്ദേഹത്തിന്റെ നിലപാടാണ് തീവ്ര ഹിന്ദുത്വ വാദികളെ ചൊടിപ്പിച്ചത്.


ആശ്രമത്തിനു നേരെ നടന്ന ആക്രമണത്തിനു പിന്നില്‍ സംഘപരിവാറും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ പി.എസ് ശ്രീധരന്‍പിള്ളയും രാഹുല്‍ ഈശ്വറും താഴ്മണ്‍ തന്ത്രി കുടുംബവുമാണെന്ന് സ്വാമി പറഞ്ഞിരുന്നു. “ആശ്രമത്തിനു പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ അക്രമികള്‍ തീയിട്ടു നശിപ്പിച്ചു. ആശ്രമത്തിനു പുറത്ത് മതിലുകളില്‍ ഷിബു എന്ന് എഴുതി വെച്ചു പരിഹസിച്ചു”, ആശ്രമത്തിന് പുറത്ത് പി.കെ ഷിബുവിന് ഇതൊരു അറീപ്പാണെന്നു പറഞ്ഞ് റീത്ത് വെച്ചു- ഇങ്ങനെ മാനസികമായും കായികമായും ഒതുക്കി നിര്‍ത്താനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് സന്ദീപാനന്ദ ഗിരി പറഞ്ഞിരുന്നു.

സംഘപരിവാറിന്റെ നിലപാടുകളും വാദങ്ങളും അംഗീകരിച്ചാല്‍ മാത്രമേ സ്വാമിയായിട്ട് അംഗീകരിക്കൂ എന്നും അല്ലെങ്കില്‍ അവര്‍ക്ക് “സ്വാമി” ഷിബു മാത്രമാണെന്നുമാണ് സംഘപരിവാര്‍ പറഞ്ഞത്. “അങ്ങനെയാണെങ്കില്‍ ഇവര്‍ ആരൊയൊക്കെ എന്തൊക്കെ പറയണം.
മാതാ അമൃതാനന്ദമയിയെ കടപ്പുറം സുധാമണി എന്ന് പറയണ്ടേ. ഇനി ഷിബു ആണെങ്കിലും അത് അംഗീകരിക്കുന്നു. ഷിബു എന്ന പേര് ഇത്ര കുറച്ചിലുള്ള പേരാണോ. ഈ പേരുകള്‍ അവര്‍ എന്നും ഉപയോഗിച്ചിട്ടുണ്ട്. ഇവരുടെ ഉള്ളില്‍ വിഷമുണ്ട്. അത് സമൂഹത്തിനുണ്ടാക്കുന്ന ആഘാതം വലുതാണ്”- സന്ദീപാനന്ദ ഗിരി പറയുന്നു

പന്തളം കൊട്ടാരത്തിലോ താഴ്മണ്‍ കുടുംബത്തിലോ അയ്യപ്പന്‍ വര്‍മ്മയോ അയ്യപ്പന്‍ നമ്പൂതിരിയോ ഉണ്ടോയെന്ന് സന്ദീപാനന്ദ ഗിരി ചോദിച്ചിരുന്നു. കൂടാതെ ആര്‍ത്തവം അശുദ്ധിയാണെന്ന് പറഞ്ഞ് ശബരിമല സ്ത്രീപ്രവേശനത്തിനെ എതിര്‍ക്കുന്നവരെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തിരുന്നു. ശബരിമല ദര്‍ശനത്തിന് 41 ദിവസം ബ്രഹ്മചര്യവൃതം അനുഷ്ഠിക്കണമെങ്കില്‍ എല്ലാ മാസവും നട തുറക്കുന്ന തന്ത്രിയും മറ്റുള്ളവരും 365 ദിവസവും ബ്രഹ്മചര്യവ്രതം അനുഷ്ഠിക്കേണ്ടതല്ലേയെന്ന ചോദ്യവും ചാനല്‍ ചര്‍ച്ചക്കിടെ സ്വാമി ചോദിച്ചിരുന്നു. വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ചാനല്‍ ചര്‍ച്ചക്കിടെ ദീപ രാഹുല്‍ ഈശ്വര്‍ സ്വാമിയെ ഷിബു എന്ന് വിളിച്ചിരുന്നു. തുടര്‍ന്ന് തന്റെ അച്ഛനും അമ്മയും ഇട്ട പേര് തുളസി ദാസ് ആണെന്ന് സ്വാമി മറുപടി നല്‍കിയിരുന്നു.


“പി.കെ ഷിബു എന്ന് വിളിച്ച് ബി.ജെ.പിയിലെ ഒരു നേതാവ് അപമാനിച്ചിരുന്നു. ഇവിടെ എല്ലായിടത്തും അത് എഴുതി ഒട്ടിച്ചിട്ടുണ്ട്. വ്യക്തിയാക്ഷേപം നടത്തിയാല്‍ നമ്മള്‍ മിണ്ടാതിരിക്കും എന്നാണ് ഇവര്‍ കരുതുന്നത്. വസ്തുതകള്‍ പറയുന്നതിന് മുമ്പ് ആക്രമിക്കുക, അതാണ് ഇവരുടെ പദ്ധതി. ഇത് എന്നോട് മാത്രമല്ല കാണിച്ചിട്ടുള്ളത്. ഗാന്ധിജിയെ ഇവര്‍ മുഹമ്മദ് ഗാന്ധി എന്ന് വിളിച്ചു. ശ്രീനാരായണ ഗുരു ജീവിച്ചിരിക്കുമ്പോള്‍ നാണു എന്ന് വിളിച്ചു. സമാധിക്കു ശേഷം ഗുരുവിനെ സിമന്റ് നാണു എന്ന് പറഞ്ഞു. സഹോദരന്‍ അയ്യപ്പനെ പുലയന്‍ അയ്യപ്പന്‍ എന്ന് വിളിച്ചു. എന്നെ പൂര്‍ണമായും ഉന്മൂലനം ചെയ്യനാണ് അവരുടെ പരിപാടി. സന്ദീപാനന്ദഗിരി പറയുന്നു.

“ആര്‍.എസ്.എസ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജമായി എടുക്കുന്നത് ഭഗവത് ഗീതയാണ്. ഗീതയില്‍ കൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്, അധര്‍മത്തിനെതിരെ യുദ്ധം ചെയ്യാന്‍. അധര്‍മത്തിനെതിരെ യുദ്ധം ചെയ്യാന്‍ ആര്‍.എസ്.എസ് കാണിച്ചു കൊടുക്കുന്നത് ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാരേയും മറ്റു മതസ്ഥരേയുമാണ്. ഞാന്‍ യുദ്ധത്തിനു തയ്യാറല്ല. എത്ര ആക്രമണങ്ങള്‍ ഉണ്ടായാലും ഈ ആശയത്തില്‍ നിന്നും ധര്‍മത്തില്‍ നിന്നും അണുവിട വ്യതിചലിക്കാന്‍ ഒരുക്കമല്ല. ശരിയായ സത്യം ജനങ്ങള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. കലാപത്തിനു വേണ്ടി ഒരിക്കലും ഞാന്‍ നിലനിന്നിട്ടില്ല. ഒരാഹ്വാനവും നടത്തിയിട്ടില്ല”. സന്ദീപാനന്ദ ഗിരി വ്യക്തമാക്കി.

വിശ്വാസത്തിന്റെ കാര്യത്തില്‍ എന്നും സംഘപരിവാര്‍ വിരുദ്ധ നിലപാട് സ്വീകരിച്ചുപോരുന്ന സ്വാമി സന്ദീപാനന്ദ ഗിരി മുന്‍പും ആക്രമിക്കപ്പെട്ടിട്ടുണ്ട്. മലയാളിയുടെ പൂജാമുറി ആള്‍ദൈവങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും സ്വന്തം അമ്മയെ തള്ളേയെന്ന് വിളിക്കുന്നവര്‍ ആശ്രമങ്ങളില്‍ അമ്മേയെന്ന് വിളിക്കാന്‍ വരി നില്‍ക്കുകയാണെന്നും ഒരിക്കല്‍ അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെ വോയ്സ് ഓഫ് ഭഗവദ്ഗീതയുടെ പേരില്‍ സംഘടിപ്പിച്ച ക്ലാസിനിടെ തിരൂരില്‍ വച്ച് സ്വാമിക്ക് നേരെ ആക്രമണമുണ്ടായി.

2014ല്‍ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ അമൃതാനന്ദമയിയുടെ അനുയായികള്‍ ഇദ്ദേഹത്തിന് നേരെ ആക്രമണം നടത്തിയിരുന്നു. അമൃതാനന്ദമയിയേയും അവരുടെ മഠത്തേയും ആത്മീയ വ്യാപാരത്തേയും ആള്‍ദൈവ സങ്കല്‍പ്പത്തേയും ഹൈന്ദവദര്‍ശനങ്ങള്‍ മുന്‍നിര്‍ത്തി സന്ദീപാനന്ദഗിരി എതിര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് തുഞ്ചന്‍ പറമ്പില്‍ വെച്ച് ആക്രമണമുണ്ടായത്. ഇതില്‍ നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. കാസര്‍ഗോഡ് പ്രഭാഷണം നടത്തുമ്പോഴും സ്വാമിക്ക് നേരെ ആക്രമണമുണ്ടായിട്ടുണ്ട്.


നിലപാട് മാറ്റിയില്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി സന്ദീപാനന്ദഗിരി വെളിപ്പെടുത്തിയിരുന്നു. തനിക്കെതിരെ ആര്‍.എസ്.എസ് ചിലയിടങ്ങളില്‍ നടത്തിയ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പി. പരമേശ്വരനെ നേരിട്ടുകണ്ട് സംസാരിച്ചപ്പോഴാണ് അദ്ദേഹം തന്നെ ഭീഷണിപ്പെടുത്തിയതെന്ന് സന്ദീപാനന്ദഗിരി പറഞ്ഞിരുന്നു.

സ്‌കൂള്‍ ഓഫ് ഭഗവദ്ഗീതയുടെ സ്ഥാപകനെന്ന നിലയിലാണ് ആദ്ധ്യാത്മിക ലോകത്ത് സന്ദീപാനന്ദഗിരി അറിയപ്പെടുന്നത്. ഭാഗവതം, മഹാഭാരതം, ഭഗവദ്ഗീത, ധര്‍മ്മശാസ്ത്രം തുടങ്ങിയ ഹൈന്ദവ തത്വചിന്തയുടെ അടിസ്ഥാന ഗ്രന്ഥങ്ങള്‍ വ്യാഖ്യാനിച്ചുകൊണ്ടാണ് സന്ദീപാനന്ദഗിരി ശ്രദ്ധനേടിയത്. ചിന്മയ യുവകേന്ദ്രത്തിന്റെ പ്രധാനപ്രവര്‍ത്തകനായിരുന്ന തുളസീദാസ് അവിടെ വെച്ചാണ് സന്യാസം സ്വീകരിച്ച് സ്വാമി സന്ദീപാനന്ദ ഗിരിയാകുന്നത്.

ജംഷീന മുല്ലപ്പാട്ട്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം

We use cookies to give you the best possible experience. Learn more