ആര്‍.എസ്.എസും മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീനും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളെന്ന് കോണ്‍ഗ്രസ്
national news
ആര്‍.എസ്.എസും മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീനും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളെന്ന് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th July 2018, 10:49 am

ജയ്പൂര്‍: ആര്‍.എസ്.എസും ഓള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീനും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളെന്ന് കോണ്‍ഗ്രസ്. ഇരു സംഘടനകളും ജനങ്ങളെ ധ്രുവീകരിക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

“അവര്‍ ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണ്. അവര്‍ ധ്രുവീകരണം നടത്തി സ്വന്തം അജണ്ടകള്‍ നടപ്പിലാക്കുന്നു.” കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.

“സ്വന്തം നേട്ടത്തിനായി ഒരു പ്രത്യേക മനോഭാവം പ്രോത്സാഹിപ്പിക്കുകയാണ് അവര്‍” എന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.

നരേന്ദ്രമോദിയുടെ ഭരണത്തിനു കീഴില്‍ മുസ്‌ലീങ്ങളെ അവഗണിക്കുകയാണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി ആരോപിച്ചിരുന്നു. മോദി സര്‍ക്കാറിനു കീഴില്‍ അര്‍ധസൈനിക വിഭാഗങ്ങളില്‍ ഉള്‍പ്പെടെ എത്ര മുസ്‌ലീങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചെന്ന് മോദി വെളിപ്പെടുത്തണമെന്നും ഒവൈസി ആരോപിച്ചിരുന്നു.


Read:  ഹാരിസണ്‍ ഭൂമി ഏറ്റെടുത്ത നടപടി റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി സര്‍ക്കാര്‍


പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാള്‍ ഭാരതീയനാണ് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു. “അദ്ദേഹത്തിനെതിരെ ഒട്ടേറെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തി. പക്ഷേ അദ്ദേഹം പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.” പ്രിയങ്ക പറഞ്ഞു.

രാഹുലിന് വിദേശ രക്തമാണെന്നും അതിനാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാവാന്‍ കഴിയില്ലെന്നും ബി.എസ്.പി ദേശീയ വൈസ് പ്രസിഡന്റ് ജയ് പ്രകാശ് സിങ് പറഞ്ഞിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ മായവതി ബി.എസ്.പിയുടെ സ്ഥാനമാനങ്ങളില്‍ നിന്നും പുറത്താക്കിയിരുന്നു.