| Thursday, 2nd December 2021, 11:38 am

സി.പി.ഐ.എം ഉള്ളിടത്തോളം കാലം ആര്‍.എസ്.എസ് അജണ്ട കേരളത്തില്‍ നടപ്പിലാവില്ല; ബി.ജെ.പിക്കാരുടെ വിദ്വേഷ മുദ്രാവാക്യത്തില്‍ തലശ്ശേരി കലാപം ഓര്‍മിപ്പിച്ച് പി. ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തലശ്ശേരി: തലശ്ശേരിയില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ പരിപാടിക്കിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ വിദ്വേഷ മുദ്രവാക്യങ്ങളുയര്‍ത്തിയ സംഭവത്തില്‍ പ്രതികരണവുമായി സിപി.ഐ.എം നേതാവ് പി. ജയരാജന്‍.

എല്‍.ഡി.എഫ് സര്‍ക്കാരും സി.പി.ഐ.എമ്മും ഉള്ളിടത്തോളം കാലം ആര്‍.എസ്.എസിന്റെ അജണ്ട കേരളത്തില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

തലശ്ശേരിക്ക് ഒരു പ്രത്യേക ചരിത്രമുണ്ടെന്ന് ബി.ജെ.പിക്കാര്‍ ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസ് 1971ല്‍ തലശ്ശേരിയില്‍ നടത്തിയ വര്‍ഗീയ കലാപത്തിന്റെ സമയത്ത് സി.പി.ഐ.എമ്മിന്റെ കരുത്ത് ആര്‍.എസ്.എസിന് മനസിലായതാണെന്ന് ജയരാജന്‍ പറഞ്ഞു.

ആര്‍.എസ്.എസ് ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ സി.പി.ഐ.എമ്മിനും മതനിരപേക്ഷ പ്രസ്ഥാനത്തിനും നല്ല കരുത്തുണ്ടെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ മതനിരപേക്ഷവാദികള്‍ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പള്ളികളെ രാഷ്ടട്രീയം പ്രചരിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കാനുള്ള ലീഗിന്റെ ശ്രമമാണ് ആര്‍.എസ്.എസുകാര്‍ക്ക് അവസരമുണ്ടാക്കി കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ജയകൃഷ്ണന്‍ അനുസ്മരണ ദിനത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തിലായിരുന്നു മുസ്‌ലിം പള്ളികളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്ന തരത്തില്‍ മുദ്രാവാക്യം വിളിച്ചത്. മതവിദ്വേഷം ജനിപ്പിക്കുന്ന മുദ്രാവാക്യത്തിനെതിരെ ഡി.വൈ.എഫ്.ഐ പരാതി നല്‍കിയിരുന്നു.

യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റിയായിരുന്നു റാലി സംഘടിപ്പിച്ചത്. ‘അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല,” എന്നായിരുന്നു വിവാദമായ മതവിദ്വേഷം ജനിപ്പിക്കുന്ന മുദ്രാവാക്യം.

പ്രകടനത്തിന് നേതൃത്വം നല്‍കിയ നേതാക്കള്‍ക്കും മുദ്രാവാക്യം വിളിച്ചവര്‍ക്കുമെതിരെ ഡി.വൈ.എഫ്.ഐ തലശ്ശേരി ബ്ലോക്ക് സെക്രട്ടറി സി.എന്‍. ജിഥുനിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: RSS agenda will not be implemented in Kerala P. Jayarajan

We use cookies to give you the best possible experience. Learn more