| Thursday, 4th March 2021, 12:40 pm

ആര്‍.എസ്.എസ് സ്‌കൂളുകള്‍ പാക് തീവ്ര ഇസ്‌ലാമിസ്റ്റ് മദ്രസകള്‍ പോലെയെന്ന പരാമര്‍ശം; രാഹുലിനെതിരെ ആര്‍.എസ്.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാകിസ്താനിലെ തീവ്ര ഇസലാമിസ്റ്റുകള്‍ അവരുടെ അജണ്ട നടപ്പാക്കാന്‍ മദ്രസ്സകള്‍ ഉപയോഗിക്കുന്നപോലെയാണ് ഇന്ത്യയില്‍ ആര്‍.എസ്.എസ് സ്‌കൂളുകളെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ആര്‍.എസ്.എസ്. രാഹുല്‍ ഗാന്ധി നുണ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നും ദേശീയതയാണ് ആര്‍.എസ്.എസ് പ്രചരിപ്പിക്കുന്നതെന്നുമാണ് ആര്‍.എസ്.എസ് വൃത്തങ്ങള്‍ പറയുന്നത്.

യു.എസിലെ കോണ്‍വെല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ കൗശിക് ബസുവുമായുള്ള അഭിമുഖത്തിലായിരുന്നു രാഹുല്‍ഗാന്ധി ആര്‍.എസ്.എസിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. തങ്ങളുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ ആര്‍.എസ്.എസ് വിദ്യാഭ്യാസ മേഖലയില്‍ ഇടപെടല്‍ നടത്തുന്നെന്നും രാഹുല്‍ഗാന്ധി പറഞ്ഞതിനെതിരെയാണ് വിമര്‍ശനം.

‘ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യം വെച്ചിരിക്കുകയാണ് ആര്‍.എസ്.എസ്. അവര്‍ ചരിത്ര പാഠങ്ങളെ തിരുത്തുകയും മൂല്യങ്ങള്‍ മാറ്റിയെഴുതുകയും ചെയ്യുന്നു. അവര്‍ അതിനിടയ്ക്ക് സ്‌കൂളുകള്‍ ആരംഭിക്കുകയുണ്ടായി. പാകിസ്താനിലെ തീവ്ര ഇസ്‌ലാമിസ്റ്റുകള്‍ അവരുടെ അജണ്ട നടപ്പാക്കുന്നതിനായി മദ്രസകളെ ഉപയോഗിക്കുന്നത് പോലെയാണ് ആര്‍.എസ്.എസ് സ്‌കൂളുകള്‍ നടത്തുന്നത്. ഒരു പ്രത്യേക തരം ലോകവീക്ഷണമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് അവര്‍,’ എന്നുമായിരുന്നു രാഹുല്‍ ഗാന്ധി അഭിമുഖത്തില്‍ പറഞ്ഞത്.

ആര്‍.എസ്.എസ് രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ കടന്നാക്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

എന്നാല്‍ രാഹുലിന് ആര്‍.എസ്.എസിനെ മനസിലാക്കാന്‍ ഇനിയും സമയമെടുക്കുമെന്നാണ് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞത്.

‘കോണ്‍ഗ്രസ് നേതാവിന് ആര്‍.എസ്.എസിനെ മനസിലാക്കാന്‍ ഒരുപാട് സമയമെടുക്കും. ആര്‍.എസ്.എസിന്റെ ലക്ഷ്യം ആളുകളില്‍ മാറ്റമുണ്ടാക്കി അവരില്‍ ദേശീയത വളര്‍ത്തലാണ്,’ പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: RSS against Rahul Gandhi o0n his comment about RSS

We use cookies to give you the best possible experience. Learn more