| Wednesday, 22nd March 2017, 12:26 pm

കേരള സര്‍ക്കാറിനെതിരെ രാജ്യവ്യാപകമായി കാമ്പെയ്ന്‍ സംഘടിപ്പിക്കാന്‍ ആര്‍.എസ്.എസ് ആഹ്വാനം: പ്രവര്‍ത്തകര്‍ക്ക് കായിക പരിശീലനം നല്‍കാനും തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോയമ്പത്തൂര്‍: സംസ്ഥാനത്തെ എല്‍.ഡി.എഫ് സര്‍ക്കാറിനെ ലക്ഷ്യമിട്ട് രാജ്യവ്യാപകമായി കാമ്പെയ്ന്‍ സംഘടിപ്പിക്കാന്‍ ആര്‍.എസ്.എസ് ആഹ്വാനം. കോയമ്പത്തൂരില്‍ നടന്ന ആര്‍.എസ്.എസ് ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.

ആര്‍.എസ്.എസ്, ബി.ജെ.പി അനുഭാവികള്‍ സംസ്ഥാനത്ത് ആക്രമിക്കപ്പെടുകയാണെന്നും ഇതിനെ ചെറുക്കേണ്ടതുണ്ടെന്നുമുള്ള തരത്തില്‍ പ്രചരണം നടത്താനാണ് ആര്‍.എസ്.എസ് ലക്ഷ്യമിടുന്നത്. ഇതിനു പുറമേ ഇവിടുത്തെ ആര്‍.എസ്.എസ് കേഡറുകള്‍ക്ക് “ശാരീരിക ക്ഷമത” വര്‍ധിപ്പിക്കാനുള്ള പരിശീലനവും നല്‍കുമെന്ന് ആര്‍.എസ്.എസ് വ്യക്തമാക്കി.

കേരളത്തിനു പുറമേ പശ്ചിമബംഗാളിനെതിരെയും പ്രചരണം നടത്താന്‍ ആര്‍.എസ്.എസ് പദ്ധതിയിട്ടിട്ടുണ്ട്. പരിശീലനത്തിലൂടെ ആര്‍.എസ്.എസ് സൈന്യമുണ്ടാക്കലല്ല മറിച്ച് പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം ചെറുക്കലാണ് ലക്ഷ്യമിടുന്നതെന്നാണ് ആര്‍.എസ്.എസ് വക്താവ് എന്‍ സദാഗോപന്‍ അവകാശപ്പെടുന്നത്.


Also Read: ബി.ജെ.പി ഐ.ടി സെല്‍ പ്രവര്‍ത്തകരുടെ ഐ.എസ്.ഐ ചാരപ്പണി രാജ്യത്തിന് 3000കോടി നഷ്ടമുണ്ടാക്കിയെന്ന് സമ്മതിച്ച് ബി.ജെ.പി മന്ത്രി 


നഗരങ്ങളില്‍ കൂടുതല്‍ സ്വാധീനമുറപ്പിക്കാനുള്ള പദ്ധതികളും ആര്‍.എസ്.എസ് തയ്യാറാക്കിയിട്ടുണ്ട്. യുവാക്കളെയും ഉദ്യോഗസ്ഥരെയും ആര്‍.എസ്.എസ് ശാഖ പ്രവര്‍ത്തനങ്ങളിലേക്കു കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി കായിക പരിശീലന സമയങ്ങള്‍ അവര്‍ക്ക് അനുസൃതമായ രീതിയില്‍ ക്രമീകരിക്കും.

കൂടുതല്‍ യുവാക്കളെ ഉള്‍പ്പെടുത്തി അടുത്ത മാസം ആദ്യം മുതല്‍ ദേശവ്യാപകമായി പരിശീലന പദ്ധതി ആരംഭിക്കാനും ആര്‍.എസ്.എസ് പദ്ധതിയിടുന്നുണ്ട്. “20 ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പാണ് സംഘടിപ്പിക്കുക. ജൂണ്‍ 15നു മുമ്പ് ക്യാമ്പ് അവസാനിക്കും.” ഒരു ആര്‍.എസ്.എസ് നേതാവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

ആര്‍.എസ്.എസ് ശാഖകള്‍ ഏറ്റവുമധികമുള്ള കേരളത്തില്‍ പരിശീലന പദ്ധതികള്‍ ഊര്‍ജ്ജസ്വലമാക്കാനാണ് തീരുമാനം. ” ഉത്തര്‍പ്രദേശില്‍ ആര്‍.എസ്.എസിന് ഏതാണ്ട് 7,000ശാഖകള്‍ മാത്രമുള്ളപ്പോള്‍ താരതമ്യേന ചെറിയ സംസ്ഥാനമായ കേരളത്തില്‍ ദിവസം 4,630 ശാഖകളാണുള്ളത്.” കേരളത്തിലെ ആര്‍.എസ്.എസ് നേതാവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more