| Saturday, 6th May 2017, 11:59 am

അസഹിഷ്ണുത ജഴ്‌സിയിലും; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജഴ്‌സിയ്‌ക്കെതിരെ സംഘപരിവാര്‍ സംഘടന; ജഴ്‌സി ധരിക്കരുതെന്ന് താരങ്ങള്‍ക്ക് നിര്‍ദ്ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്‌പോണ്‍സര്‍മാര്‍ക്കെതിരെ സംഘപരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് രംഗത്ത്. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയാണ് ഇന്ത്യയുടെ പുതിയ സ്‌പോണ്‍സര്‍മാര്‍. ഇതിനെതിരെയാണ് സംഘപരിവാര്‍ സംഘടന രംഗത്തെത്തിയിരിക്കുന്നത്.

ചൈനീസ് കമ്പനികള്‍ക്ക് ടീം ഇന്ത്യയെ വിറ്റ് ലാഭം കൊയ്യേണ്ടെന്നാണ് സ്വദേശി ജാഗരണ്‍ മഞ്ച് പറയുന്നത്. മുന്‍ സ്‌പോണ്‍സര്‍മാരായിരുന്ന സ്റ്റാര്‍ ഇന്ത്യയേക്കാള്‍ അഞ്ച് ഇരട്ടി പണം നല്‍കിയാണ് ഓപ്പോ സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയത്. 1079 കോടി രൂപയ്ക്കാണ് അഞ്ച് വര്‍ഷത്തെ സ്‌പോണ്‍സര്‍ഷിപ്പ് ഓപ്പോ സ്വന്തമാക്കിയത്.

ഇതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി കൊണ്ട് സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ കണ്‍വീനര്‍ അശ്വിനി മഹാജന്‍ കായിക വകുപ്പ് മന്ത്രി വിജയ് ഗോയലിന് കത്ത് അയച്ചിരിക്കുകയാണ്. രാജ്യത്തിന്റെ അഭിമാനത്തിനും പൗരന്മാരുടെ ക്ഷേമത്തിനും തദ്ദേശ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കും മുകളിലാവരുത് പണമെന്നാണു കത്തില്‍ പറയുന്നത്.


Also Read: ‘നിര്‍ഭയ, ഒരിക്കലും മറക്കില്ല നിന്നെ, നീയൊരു തീയായി പടരും’; നിര്‍ഭയ കേസ് വിധിയെ കുറിച്ചുള്ള പ്രിയങ്ക ചോപ്രയുടെ വികാര നിര്‍ഭരമായ കുറിപ്പ് ചര്‍ച്ചയാകുന്നു


ഓപ്പോയുടെ ജഴ്‌സി താരങ്ങള്‍ അണിയരുതെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. രാജ്യത്ത് ഏറ്റവും പ്രചാരമുള്ള കായിക ഇനമാണ് ക്രിക്കറ്റ്. അതിനാല്‍ ഓപ്പോയുടെ പേരുള്ള ജഴ്‌സിയണിഞ്ഞാല്‍ അത് രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കുമെന്നും അത് തദ്ദേശ വ്യവസായത്തിന് തിരിച്ചടി നല്‍കുമെന്നും കത്തില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more