| Thursday, 2nd September 2021, 4:54 pm

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ആര്‍.എസ്.എസ് അനുബന്ധ കര്‍ഷക സംഘടനയും; കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രത്യക്ഷ സമരത്തിന് ആര്‍.എസ്.എസ് അനുബന്ധ സംഘടനയായ ഭാരതീയ കിസാന്‍ സംഘ്. സെപ്റ്റംബര്‍ എട്ടിന് രാജ്യവ്യാപകമായ ധര്‍ണ സംഘടിപ്പിക്കുമെന്ന് കിസാന്‍ സംഘ് അറിയിച്ചു.

സര്‍ക്കാരില്‍ നിന്ന് അനുകൂല സൂചനകളൊന്നും ഇതുവരെ ലഭിക്കാത്തതിനാലാണ് ധര്‍ണ നടത്താന്‍ തീരുമാനിച്ചതെന്ന് ഭാരതീയ കിസാന്‍ സംഘ് ട്രഷറര്‍ യുഗല്‍ കിഷോര്‍ മിശ്ര പറഞ്ഞു. കര്‍ഷകരുടെ ദുരിതം ജനങ്ങളെ അറിയിക്കാന്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നേതാക്കള്‍ പത്രസമ്മേളനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബര്‍ എട്ടിന് ശേഷം തങ്ങള്‍ ഭാവി നടപടികള്‍ തീരുമാനിക്കുമെന്നും യുഗല്‍ കിഷോര്‍ മിശ്ര അറിയിച്ചു. പുതിയ കാര്‍ഷിക നിയമങ്ങളും താങ്ങുവിലയും സംബന്ധിച്ച തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പ് കേന്ദ്രം പാലിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തി..

ആഗസ്റ്റ് 31-ന് ഉള്ളില്‍ ഇവരുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നത്.

വിളകളുടെ ഉത്പാദനച്ചെലവിന് അനുസൃതമായി താങ്ങുവില തീരുമാനിക്കണമെന്നും പുതിയ കാര്‍ഷിക നിയമങ്ങളില്‍ കര്‍ഷകര്‍ ഉന്നയിച്ച ആശങ്കകള്‍ പരിഗണിച്ചുകൊണ്ട് ഒരു പുതിയ നിയമം രൂപവത്കരിക്കണമെന്നും ഭാരതീയ കിസാന്‍ സംഘ് ആവശ്യപ്പെട്ടിരുന്നു.

ഈ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സെപ്റ്റംബര്‍ എട്ടിന് രാജ്യവ്യാപകമായി പ്രതീകാത്മക ധര്‍ണ സംഘടിപ്പിക്കാന്‍ കിസാന്‍ സംഘ് തയ്യാറെടുക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: RSS-affiliate farmers’ body to stage nationwide dharna against agri laws on September 8

We use cookies to give you the best possible experience. Learn more