ന്യൂദല്‍ഹി: ഇത്തവണത്തെ കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് മധ്യവര്‍ഗത്തിനെ തൃപ്തിപ്പെടുത്തുന്നതാവണമെന്ന നിര്‍ദേശവുമായി ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര ഉപദേഷ്ടാടാക്കളായ ആര്‍.എസ്.എസ്.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയങ്ങള്‍ മധ്യവര്‍ഗത്തിന്റെ പ്രതീക്ഷകളും ആവശ്യങ്ങളും കണക്കിലെടുക്കുന്നതാവണമെന്നും ആര്‍.എസ്.എസ് നിര്‍ദേശിച്ചു. രാജ്യവ്യാപകമായി ജനങ്ങളില്‍ നിന്നുള്ള പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാരിനോട് ആര്‍.എസ്.എസിന്റെ പുതിയ നിര്‍ദേശം.
വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ ഇടത്തരക്കാര്‍ക്കിടയില്‍ ഏറിവരുന്ന അതൃപ്തി മനസിലാക്കിയാണ് ആര്‍.എസ്.എസ് നേതൃത്വം അടുത്ത് ബജറ്റിലും തുടര്‍ന്നും മധ്യവര്‍ഗത്തെ പരിഗണിക്കമെന്ന ആശയം മുന്നോട്ട് വെച്ചത്.
‘നോട്ട് നിരോധനം മുതല്‍ കൊവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെടുന്നത് വരെയുള്ള സര്‍ക്കാരിന്റെ എല്ലാ കടുത്ത തീരുമാനങ്ങള്‍ക്കും ഒപ്പം നിന്നവരാണ് മധ്യവര്‍ഗക്കാര്‍. അവര്‍ക്ക് സര്‍ക്കാരില്‍ നിന്നും ബി.ജെ.പിയില്‍ പ്രതീക്ഷകളുണ്ട്. അത് സംരക്ഷിക്കണം.
മധ്യവര്‍ഗത്തെക്കുറിച്ചും വാര്‍ധക്യ പെന്‍ഷന്‍ പദ്ധതിയുള്‍പ്പെടെ സാമൂഹിക സുരക്ഷ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കണമെന്നാണ് ആര്‍.എസ്.എസ് ആവശ്യപ്പെടുന്നത്,’ ആര്‍.എസ്.എസ് ഭാരവാഹി പറഞ്ഞതായി ദ ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തു.
പഴയ പെന്‍ഷന്‍ പദ്ധതിയടക്കം മധ്യവര്‍ഗത്തെ ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ വാഗ്ദാനങ്ങള്‍ക്ക് വലിയ സ്വീകാര്യത കിട്ടുന്നുണ്ട്. ഹിമാചലിലെ പാര്‍ട്ടിയുടെ തോല്‍വിക്ക് ഇത് ഒരു കാരണമാണ്. ജനവികാരം എതിരാകാനുള്ള സാഹചര്യം ഒരുക്കരുതെന്നും ആര്‍.എസ്.എസ് നിര്‍ദേശിച്ചു.
ആദായ നികുതി നിരക്കുകളില്‍ ഉള്‍പ്പടെ മാറ്റം ആലോചിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതാണ് ആര്‍.എസ്.എസിന്റെ നിര്‍ദേശം.
ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിവുള്ള രണ്ടാം എന്‍.ഡി.എ സര്‍ക്കാരിന്റെ അവസാന ബജറ്റാണിത്.
ഈ വര്‍ഷം രാജ്യത്ത്ത ഒമ്പത് നിയമസഭാ തെരഞ്ഞെടുപ്പുകളും അടുത്ത വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനും അതീവ നിര്‍ണായകമാണ് ഇത്തവണത്തെ ബജറ്റ്.
രാജ്യത്ത് നിലനില്‍ക്കുന്ന ദാരിദ്ര്യത്തെക്കുറിച്ചും ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ അടുത്തിടെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
രാജ്യത്ത് ദാരിദ്ര്യം ഒരു ഭൂതത്തെപ്പോലെ നില്‍ക്കുകയാണെന്നും, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ രൂക്ഷമാണെന്നുമാണ് ഒക്ടോബറില്‍ ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ ഒരു വെബിനാറില്‍ പറഞ്ഞിരുന്നു.
‘രാജ്യത്ത് 20 കോടി ജനങ്ങള്‍ ഇപ്പോഴും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ് എന്നത് ഏറെ സങ്കടകരമായ കണക്കാണ്. 23 കോടി ആളുകളുടെ പ്രതിദിന വരുമാനം 375 രൂപയ്ക്ക് താഴെയാണ്. തൊഴിലില്ലാത്തവരുടെ കണക്ക് നാല് കോടിയാണ്.
ലേബര്‍ ഫോഴ്‌സ് സര്‍വ്വേ പ്രകാരം തൊഴിലില്ലായ്മ നിരക്ക് 7.6 ശതമാനമാണ്. തൊഴില്‍ അന്വേഷകര്‍ തൊഴില്‍ ദാതാക്കളായി മാറുന്ന സാഹചര്യം ഉണ്ടാകണം.
വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വമാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഇന്ത്യയിലെ ജനസംഖ്യയുടെ ഏറ്റവും ഉയര്‍ന്ന ഒരു ശതമാനത്തിന് രാജ്യത്തിന്റെ വരുമാനത്തിന്റെ 20% ഉണ്ട്. അതേസമയം ജനസംഖ്യയുടെ 50 ശതമാനം പേര്‍ക്ക് രാജ്യത്തിന്റെ വരുമാനത്തിന്റെ 13 ശതമാനം മാത്രമാണുള്ളത്.
രാജ്യത്തെ വലിയൊരു വിഭാഗത്തിന് ഇപ്പോഴും ശുദ്ധമായ വെള്ളവും പോഷകസമൃദ്ധമായ ഭക്ഷണവും ലഭ്യമല്ല. ആഭ്യന്തര കലഹങ്ങളും മോശം വിദ്യാഭ്യാസ നിലവാരവും ദാരിദ്ര്യത്തിന് കാരണമാണ്,’ എന്നും ഹൊസബലെ പറഞ്ഞു.
ചില സ്ഥലങ്ങളില്‍ സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മയാണ് ഇതിനെല്ലാം കാരണമെന്നും ഹൊസബലെ കുറ്റപ്പെടുത്തി.
Content Highlight: RSS advice Centre to make February budget pro middle class