| Sunday, 30th July 2017, 9:32 am

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വധം; മൂന്ന്‌ പേര്‍ കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. കൊലപാതക സംഘത്തിലുണ്ടായിരുന്ന പ്രമോദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീകാര്യം കരുമ്പുകോണം സ്വദേശിയാണ് ഇയാള്‍. അക്രമവുമായി നേരിട്ട് ബന്ധമുള്ള ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.

പ്രതി മണികണ്ഠനും പിടിയിലായെന്നാണ് സൂചന. ആറു പേരാണ് കൊലപാതകം നടത്തിയത് എന്നാണ് വിവരം. മറ്റുള്ള പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പൊലീസിന് അക്രമിസംഘത്തെ കണ്ടെത്താനായിട്ടുണ്ട്.


Dont Miss തിരുവനന്തപുരത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു; സംസ്ഥാനത്ത് ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍


കള്ളിക്കാടിന് സമീപം പുലിപ്പാറയില്‍ വെച്ച് അക്രമിസംഘം സഞ്ചരിച്ചിരുന്ന ബൈക്കും പൊലീസ് കണ്ടെത്തിട്ടുണ്ട്. വാഹനത്തില്‍ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ഇത് രാജേഷിന്റേത് തന്നെയാണോയെന്ന് തിരിച്ചറിയാനായി ഫോറന്‍സിക് സംഘം പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.

ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെ ബൈക്കിലും ഓട്ടോയിലുമായി എത്തിയ സംഘം രാജേഷിന്റെ കൈ വെട്ടിമാറ്റുകയായിരുന്നു. ഇടതുകൈ വെട്ടിമാറ്റിയ നിലയിലും രാജേഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇദ്ദേഹം മരണപ്പെടുകയായിരുന്നു.

ആക്രമണത്തിന് പിന്നില്‍ സി.പി.ഐ.എമ്മാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. എന്നാല്‍, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ സിപിഎമ്മിന് യാതൊരു ബന്ധവുമില്ലെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശത്തെ കോളനിയില്‍ വ്യക്തിപരമായ ചില പ്രശനങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നുണ്ടായ സംഭവമെന്നു കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more