| Thursday, 18th August 2016, 2:05 pm

വി.എസ് സുനില്‍കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍: സി.പി.ഐയില്‍ വിവാദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: സി.പി.ഐ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫായി സംഘപരിവാര്‍ പ്രവര്‍ത്തകനെ നിയമിച്ചത് വിവാദമാകുന്നു. കൃഷി മന്ത്രി വി.എസ് സുനില്‍കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫായി കൊല്ലം പോരുവഴി സ്വദേശിയായ ബി.ജെ.പി, ആര്‍.എസ്.എസ് സജീവ് പ്രവര്‍ത്തകന്‍ അരുണ്‍ലാല്‍ ദാസിനെ നിയമിച്ച നടപടിയാണ് വിവാദമാകുന്നത്.

സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ ലോക്കല്‍ കമ്മിറ്റി മണ്ഡലം കമ്മിറ്റിക്കും മേല്‍ ഘടകങ്ങള്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥനായ അരുണ്‍ലാലിനെ പാര്‍ട്ടി കേന്ദ്രങ്ങള്‍ അറിയാതെയാണ് മന്ത്രി പേഴ്‌സണല്‍ സ്റ്റാഫായി നിയമിച്ചതെന്നാണ് സി.പി.ഐ കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം. പോരുവഴി സ്വദേശിയാണ് അരുണ്‍ലാലിനെ വര്‍ക്കിങ് അറേഞ്ച്‌മെന്റില്‍ ടൈപ്പിസ്റ്റായിട്ടാണ് നിയമിച്ചിരിക്കുന്നത്.

എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ ട്രഷററാണ് നിയമത്തിനു പിന്നില്‍ എന്ന് ഒരു പ്രാദേശിക സി.പി.ഐ നേതാവിനെ ഉദ്ധരിച്ച് സിറാജ് പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു.

നിയമനത്തിനു പിന്നില്‍ വന്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടാകുമെന്നും അരുണ്‍ലാല്‍ ആര്‍.എസ്.എസുകാരനാണെന്നതില്‍ തനിക്കു സംശയമില്ലെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

അരുണ്‍ലാലിന്റെ നിയമത്തിനെതിരെ പോരുംവഴി പഞ്ചായത്തില്‍ അരുണ്‍ലാലിന്റെ വീടുള്‍പ്പെടുന്ന 15ാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.പി.ഐ നേതാവും പാര്‍ട്ടിക്ക് പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ മത്സരിച്ച തനിക്ക് ഒരു പോസ്റ്റല്‍ വോട്ടുപോലും ലഭിച്ചിട്ടില്ലെന്നും അരുണ്‍ലാല്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്നുമാണ് ഇയാള്‍ പാര്‍ട്ടിയെ അറിയിച്ചത്.

We use cookies to give you the best possible experience. Learn more