| Sunday, 23rd September 2018, 3:03 pm

മുഹറം ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെച്ചത് മുഖംമൂടി ധരിച്ചെത്തിയ ആര്‍.എസ്.എസുകാര്‍; ഗുരുതര ആരോപണവുമായി മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബംഗാളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തത് മുഖം മറച്ചെത്തിയ ആര്‍.എസ്.എസുകാരെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇറ്റലിയില്‍ നിന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഗുരുതര ആരോപണവുമായി മമത രംഗത്തെത്തിയത്.

സെപ്തംബര്‍ 20 ന് മുഹറം ദിനത്തിലുണ്ടായ വെടിവെയ്പ്പില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നോര്‍ത്ത് ദിനാജ്പൂരിലെ ഇസ്‌ലാംപൂര്‍ ദര്‍വിത് സ്‌കൂളിലേക്ക് പുതുതായി ഉര്‍ദു ടീച്ചര്‍മാര്‍ ജോലിയില്‍ പ്രവേശിക്കാനിരിക്കെയായിരുന്നു സംഘര്‍ഷം.

ALSO READ: ഹിന്ദു അഭിമാനം സംരക്ഷിക്കാന്‍ കേരളത്തിലെ ഒരു ലക്ഷം യുവാക്കള്‍ക്ക് ത്രിശൂലം നല്‍കുമെന്ന് ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ്; പ്രഖ്യാപനം കലാപത്തിന് കോപ്പുകൂട്ടുന്നുവെന്ന വെളിപ്പെടുത്തലിനിടെ

” വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തിട്ടില്ല. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഗുണ്ടകളാണ് അക്രമം സൃഷ്ടിച്ചത്. ഈ സംഭവത്തില്‍ ശക്തമായി അപലപിക്കുന്നതോടൊപ്പം മുഖംമൂടി ധരിച്ച് വെടിയുതിര്‍ത്ത ആളുകളെ കണ്ടെത്തണമെന്ന് പൊലീസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.”- മമത പ്രസ്താവനയില്‍ അറിയിച്ചു.

മുഹറം ദിനത്തില്‍ കലാപം ഉണ്ടാക്കാനാണ് ബി.ജെ.പി ശ്രമിച്ചതെന്നും മമത ആരോപിച്ചു. സംഘപരിവാര്‍ തീ കൊണ്ടാണ് കളിക്കുന്നതെന്നും മമത കൂട്ടിച്ചേര്‍ത്തു.

“ബംഗാളില്‍ കലാപമുണ്ടാക്കാന്‍ ഞാന്‍ അനുവദിക്കില്ല. ആര്‍.എസ്.എസിന്റെ വര്‍ഗീയ കെണിയില്‍ വീഴരുതെന്ന് ആളുകളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. മതത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ആളുകളെയും തമ്മിലടിപ്പിക്കാനാണ് അവരുടെ ശ്രമം. സെപ്തംബര്‍ 20 ലെ സംഭവം ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണ്.”

ALSO READ:  കന്യാസ്ത്രീ സമരത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് വിലക്കുമായി സഭ; സിസ്റ്റര്‍ ലൂസിയ്‌ക്കെതിരെയുള്ള സഭ വിലക്കിനെതിരെ പ്രതിഷേധം ശക്തം

സ്‌കൂളില്‍ ഉര്‍ദു ടീച്ചര്‍ വരുന്നത് തടയാന്‍ അവര്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുകയായിരുന്നു. സംസ്‌കൃതം ടീച്ചര്‍ക്കെതിരെ അവര്‍ പ്രതിഷേധിച്ചില്ലല്ലോ? ടീച്ചര്‍മാര്‍ ജോലിയില്‍ പ്രവേശിക്കുന്നത് വിദ്യാര്‍ത്ഥികളെങ്ങനെ അറിഞ്ഞുവെന്നും മമത ചോദിച്ചു.

അതേസമയം മമതയുടെ ആരോപണങ്ങള്‍ തള്ളി സംസ്ഥാന ആര്‍.എസ്.എസ് നേതൃത്വം രംഗത്തെത്തി. ആരോപണങ്ങള്‍ക്ക് 24 മണിക്കൂറിനുള്ളില്‍ തെളിവ് നല്‍കണമെന്നും അല്ലാത്തപക്ഷം മമത നിരുപാധികം മാപ്പ് പറയണമെന്നും ആര്‍.എസ്.എസ് ആവശ്യപ്പെട്ടു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more