തിരുവനന്തപുരം മേയറെ അക്രമിച്ച സംഭവം; ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
Kerala
തിരുവനന്തപുരം മേയറെ അക്രമിച്ച സംഭവം; ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th November 2017, 10:21 pm

 

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിനെ ആക്രമിച്ച സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയവിള സ്വദേശി ആനന്ദിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തകനാണ് പിടിയിലായ ആനന്ദ്.

മേയറെ ആക്രമിച്ച സംഭവത്തില്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ വധശ്രമത്തിനു പൊലീസ് കേസെടുത്തിരുന്നു ഇതിനു പിന്നാലെയാണ് ഇയാള്‍ പിടിയിലായത്. നഗരസഭയില്‍ നടന്ന അക്രമസംഭവങ്ങളുടെ പേരില്‍ കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തിരുന്നത്.


Also Read: മാധ്യമത്തിലും തൊഴില്‍ പ്രതിസന്ധി: മാസങ്ങളായി ശമ്പളം വൈകുന്നത് ജി.എസ്.ടിയും നോട്ടുനിരോധനവും മൂലമെന്ന് മാനേജ്‌മെന്റ്; കെടുകാര്യസ്ഥതയെന്ന് തൊഴിലാളികള്‍


ബി.ജെ.പി കൗണ്‍സിലര്‍മാരും പുറത്തുനിന്നെത്തിയ പ്രവര്‍ത്തകരുമാണ് ആക്രമണം നടത്തിയതെന്ന് നേരത്തെ മേയര്‍ പറഞ്ഞിരുന്നു. തനിക്കെതിരെ നടന്നത് വധശ്രമമാണെന്നും മേയര്‍ പ്രശാന്ത് നേരത്തെ പറഞ്ഞിരുന്നു.

ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു നഗരസഭയില്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തിനിടെ മേയര്‍ വി.കെ പ്രശാന്തിന് പരിക്കേല്‍ക്കുകയായിരുന്നു. കൗണ്‍സില്‍ യോഗം കഴിഞ്ഞിറങ്ങിയ മേയറെ പ്രതിപക്ഷ പാര്‍ട്ടി നേതാവ് ഗിരികുമാറിന്റെ നേതൃത്വത്തിലാണ് കൈയേറ്റം ചെയ്തത്. കാലിനും നെഞ്ചിലും പരിക്കേറ്റ മേയറെ വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഗിരികുമാര്‍ ജനറല്‍ ആശുപത്രിയിലും ചികിത്സതേടിയിരുന്നു.

കഴിഞ്ഞദിവസം രാത്രിയും തിരുവനന്തപുരം നഗരത്തില്‍ വ്യാപക അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. അക്രമണത്തില്‍ രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേല്‍ക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം കരിക്കകത്തെ സി.പി.ഐ.എം പ്രവര്‍ത്തകരായ പ്രദീപ്, അരുണ്‍ദാസ് എന്നിവര്‍ക്കായിരുന്നു വെട്ടേറ്റത്.


Dont Miss: ‘കേക്ക് പണ്ടേ എനിക്കൊരു വീക്ക്‌നെസ് ആണ്’; സാക്ഷിയുടെ കയ്യില്‍ നിന്നും കത്തി തട്ടിയെടുത്ത് കേക്ക് മുറിച്ചെടുത്ത് ധോണി; വൈറലായി സാക്ഷിയുടെ പിറന്നാള്‍ ആഘോഷം, വീഡിയോ


ബി.ജെ.പി പ്രകടനം കടന്ന് പോയതിന് പിന്നാലെ ഒരു സംഘം ആളുകള്‍ സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ ഏഴ് ബി.ജെ.പി പ്രവര്‍ത്തകരെയും പെലീസ് അറസ്റ്റ് ചെയ്തിരുന്നു.

നഗരത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ബി.ജെ.പി- സി.പി.ഐ.എം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രധാന പോയിന്റുകളിലെല്ലാം പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.