| Tuesday, 1st June 2021, 6:04 pm

എല്‍.ഡി.എഫിനെ നേരിടാനുള്ള കെട്ടുറപ്പ് യു.ഡി.എഫിനില്ല; മുന്നണിമാറ്റത്തില്‍ ഉചിത സമയത്ത് തീരുമാനമെന്ന് ആര്‍.എസ്.പി.

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുന്നണിമാറ്റത്തില്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ. അസീസ്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ മുന്നണി മാറുന്നത് ആലോചനയിലില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് 9ന് നേതൃത്വനിരയിലുള്ള 500 പേരുടെ സമ്മേളനം കൊല്ലത്ത് നടത്തുമെന്നും അസീസ് പറഞ്ഞു. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിയും ഷിബു ബേബി ജോണും അസീസിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വാര്‍ത്താസമ്മേളനത്തില്‍ യു.ഡി.എഫ്. നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ആര്‍.എസ്.പി. ഉന്നയിച്ചത്.

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം യു.ഡി.എഫിന്റെ സംഘടനാ ദൗര്‍ബല്യമാണ്. എല്‍.ഡി.എഫിനെ നേരിടാനുള്ള കെട്ടുറപ്പ് യു.ഡി.എഫിനില്ല.

യു.ഡി.എഫിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് മുന്‍കയ്യെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാംതവണയും നിയമസഭയില്‍ പ്രാതിനിധ്യം ഇല്ലാത്തത് ആര്‍.എസ്.പി. പ്രവര്‍ത്തകരെ നിരാശരാക്കിയെന്ന് അസീസ് കൂട്ടിച്ചേര്‍ത്തു. മുന്നണി മാറണമെന്ന് സംസ്ഥാന നേതൃയോഗത്തില്‍ ചിലര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി. പ്രസിഡന്റ് വിഷയം കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും അതില്‍ അവര്‍ തീരുമാനമുണ്ടാക്കട്ടെയെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു.

ബി.ജെ.പിയുമായും മതമൗലികവാദികളുമായും സി.പി.ഐ.എം സഖ്യമുണ്ടാക്കിയെന്നും  പ്രേമചന്ദ്രന്‍ പറഞ്ഞു.

അതേസമയം പാര്‍ട്ടിയില്‍ നിന്ന് അവധി എടുത്തത് വ്യക്തിപരമായ അസൗകര്യങ്ങളെ തുടര്‍ന്നെന്ന് ഷിബു ബേബി ജോണ്‍ ആവര്‍ത്തിച്ചു. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന ഒരു തീരുമാനവും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയതാണ്. കോണ്‍ഗ്രസില്‍ ഇപ്പോള്‍ വന്ന മാറ്റം ചെറുതായി കാണുന്നില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: RSP UDF AA Azeez Shibu Baby John NK Premachandran

We use cookies to give you the best possible experience. Learn more