കൊല്ലം: ആര്‍.എസ്.പി സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെ പുതിയ സെക്രട്ടറി ഉണ്ടാകുമോയെന്നാണ് പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്. പാര്‍ട്ടിയുടെ പുതിയ സെക്രട്ടറി ആരാകുമെന്ന് സമ്മേളനത്തില്‍ ഇന്ന് തീരുമാനിച്ചേക്കും. സെക്രട്ടറി സ്ഥാനത്തേക്ക് പാര്‍ട്ടി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ഷിബു ബേബി ജോണിനേയും നിലവിലെ സെക്രട്ടറിയായ എ.എ. അസീസിനേയും ആണ് പരിഗണിക്കുന്നത്.
സെക്രട്ടറി സ്ഥാനത്തേക്ക് എ.എ. അസീസിന് പകരം ഷിബു ബേബി ജോണിനെ കൊണ്ടുവരാനാണ് ഒരു വിഭാഗത്തിന്റെ നീക്കം. എന്നാല്‍ എന്‍.കെ. പ്രേമചന്ദ്രന്‍ പക്ഷം എ.എ. അസീസിനേയാണ് പിന്തുണയ്ക്കുന്നത്.
അതേസമയം സെക്രട്ടറി സ്ഥാനത്തേക്ക് യുവനേതൃത്വം വരണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനവും ഉണ്ട്. എന്നാല്‍ ഇത് ഷിബു ബേബി ജോണ്‍ പക്ഷത്തെ വെട്ടിനിരത്താനാണെന്നാണ് വിലയിരുത്തല്‍.
നിലവില്‍ 81 അംഗ സംസ്ഥാന കമ്മിറ്റിയാണ് ആര്‍.എസ്.പിക്കുള്ളത് ഇത് ചുരുക്കാനാണ് തീരുമാനം. കൊല്ലം ജില്ലയില്‍ മണ്ഡലം സെക്രട്ടറിമാരില്‍ ഏറെയും പ്രേമചന്ദ്രന്‍ പക്ഷക്കാരാണ്. ചവറ, ശൂരനാട് മണ്ഡലം സെക്രട്ടറിമാരാണ് ഷിബുവിനൊപ്പമുള്ളത്.
യു.ഡി.എഫിനൊപ്പം നിലകൊണ്ടത് കൊണ്ട് കാര്യമായ നേട്ടമുണ്ടായില്ല എന്ന് സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ചവറയില്‍ കോണ്‍ഗ്രസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കോണ്‍ഗ്രസ് വിമതര്‍ മത്സരിച്ചുവെന്നും ആര്‍.എസ്.പി സമ്മേളനത്തില്‍ ആരോപണം ഉയര്‍ന്നു.
എന്നാല്‍ എല്‍.ഡി.എഫ് പക്ഷത്തായിരുന്നപ്പോള്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലടക്കം ആര്‍.എസ്.പിക്ക് സ്ഥാനങ്ങള്‍ ലഭിച്ചിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചവറയിലും കുന്നത്തൂരിലും സംഭവിച്ച ദയനീയ പരാജയങ്ങള്‍ കീഴ്ഘടകങ്ങളിലെ സമ്മേളനങ്ങളില്‍ അടക്കം കാര്യമായി ചര്‍ച്ച ചെയ്തില്ലെന്ന പരാതിയും സമ്മേളനത്തിലുയര്‍ന്നു. ഈ പരാജയങ്ങളെല്ലാം മുന്നണി മാറ്റത്തിന് ശേഷമാണെന്നാണ് പ്രവര്‍ത്തകരുടെ വികാരം.
മലബാര്‍ മേഖലയില്‍ സി.പി.ഐ.എമ്മിന്റെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന സ്ഥലത്ത് പാര്‍ട്ടിക്ക് ഇപ്പോള്‍ ചോദിക്കാനും പറയാനും ആരും ഇല്ലാത്ത സ്ഥിതിയാണെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
അതേസമയം, 14 ജില്ലകളില്‍ നിന്ന് 650 പ്രതിനിധികളാണ് ആര്‍.എസ്.പി സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. മൂന്നു വര്‍ഷത്തിനിടെ 6,000 അംഗങ്ങള്‍ കുറഞ്ഞതായി സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി എ.എ. അസീസ് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കഴിഞ്ഞ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ പാര്‍ട്ടി അംഗങ്ങള്‍ 13,147 ആയിരുന്നു. ഇപ്പോള്‍ 7,147 ആയി ചുരുങ്ങി.