Kerala News
ട്രേഡ് യൂണിയന്‍ കോ-ഓര്‍ഡിനേഷനില്‍ നിന്ന് പിന്മാറി ആര്‍.എസ്.പിയുടെ യു.ടി.യു.സി; പ്രതിഷേധവുമായി ഐ.എന്‍.ടി.യു.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Feb 12, 03:25 am
Monday, 12th February 2024, 8:55 am

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡിനെതിരെയും തൊഴിലാളികളെ ദ്രോഹിക്കുന്ന നയങ്ങള്‍ക്കെതിരെയും രൂപം കൊടുത്ത ദേശീയ തലത്തിലെ ട്രേഡ് യൂണിയന്‍ കോ-ഓര്‍ഡിനേഷനില്‍ നിന്ന് പിന്മാറി ആര്‍.എസ്.പിയുടെ യു.ടി.യു.സി.

സംസ്ഥാന സര്‍ക്കാരിനെതിരെ സംയുക്ത ട്രേഡ് യൂണിയനായ കോ-ഓര്‍ഡിനേഷന്‍ സമരം ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യു.ടി.യു.സി പിന്മാറിയിരിക്കുന്നത്. ഇതിനെതിരെ ശക്തമായ വിമര്‍ശനവുമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ട്രേഡ് യൂണിയനായ ഐ.എന്‍.ടി.യു.സി രംഗത്തെത്തി.

കോ-ഓര്‍ഡിനേഷനില്‍ നിന്ന് പിന്മാറിയ യു.ടി.യു.സിയുടെ തീരുമാനം തൊഴിലാളികളോടുള്ള വഞ്ചനയാണെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു.

‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും സമരം ചെയ്യാന്‍ ആര്‍.എസ്.പിക്ക് കഴിയില്ലായിരിക്കും. എന്‍.കെ. പ്രേമചന്ദ്രന്റെ നിലപാടായിരിക്കും യു.ടി.യു.സിയെ ഈ നിലപാടില്‍ എത്താന്‍ സ്വാധീനിച്ചത്. എന്നാല്‍ യു.ടി.യു.സി ഒരു ട്രേഡ് യൂണിയന്‍ ആണെന്നുള്ള കാര്യം മറക്കരുത്,’ എന്ന് ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു.

കോ-ഓര്‍ഡിനേഷനില്‍ നില്‍ക്കുമ്പോള്‍ തന്നെ ഐ.എന്‍.ടി.യു.സിയും എസ്.ടി.യുവും സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ സമരം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിന്മാറ്റത്തിന്റെ കാരണങ്ങള്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന് ഉചിതമല്ലെന്ന് ആര്‍.എസ്.പിയിലെ മറ്റ് നേതാക്കള്‍ പ്രതികരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മോദി സര്‍ക്കാരിനെതിരെയുള്ള സമിതിയില്‍ നിന്ന് പിന്മാറുന്നത് വെല്ലുവിളി സൃഷ്ടിക്കുമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

അതേസമയം ആര്‍.എസ്.പിയുടെ ലോക്‌സഭാ എം.പി എന്‍.കെ. പ്രേമചന്ദ്രന്റെ ആവശ്യപ്രകാരമാണ് സമിതിയില്‍ നിന്ന് യു.ടി.യു.സി പിന്മാറിയതെന്ന ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നതായും മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

കോ-ഓര്‍ഡിനേഷന്റെ ദേശീയ തലത്തില്‍ യു.ടി.യു.സി തുടരുമെന്നും സംസ്ഥാന തലത്തില്‍ നിന്നുള്ള പിന്മാറ്റം താത്കാലികമാണെന്നും യു.ടി.യു.സി ദേശീയ അധ്യക്ഷന്‍ എ.എ. അസീസ് വ്യക്തമാക്കി.

ബി.ജെ.പിയുടെ ട്രേഡ് യൂണിയനായ ബി.എം.എസ് ഒഴികെയുള്ള എല്ലാ ട്രേഡ് സംഘടനകളും ഉള്‍പ്പെടുന്നതാണ് കോ-ഓര്‍ഡിനേഷന്‍.

Content Highlight: RSP’s UTUC withdraws from trade union coordination